- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂര്യന്റെ പേരിലെ സ്ഥാപനം; നല്ല വെളുത്ത നിറവും വണ്ണമുള്ള കഴുത്തും; ഹോട്ടൽ-ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ആലുവക്കാരൻ; 'ശരത് അങ്കിളിനെ' തിരിച്ചറിഞ്ഞു; ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ ആറാമൻ നടൻ ദിലീപിന്റെ ആത്മസുഹൃത്ത്; ആ വിഐപി യഥാർത്ഥത്തിൽ വിഐപി അല്ല! ആലുവയിലെ ലോക്കലിനെ നിരീക്ഷിച്ച് പൊലീസ്
കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയിലെ വിഐപി വലിയൊരു വിഐപിയാകാൻ സാധ്യത കുറവ്. ആലുവയിലെ പ്രാദേശിക മുതലാളിയാണ് ഈ വിഐപിയെന്ന സംശയത്തിലേക്ക് കാര്യങ്ങളെത്തുകയാണ്. ആലുവയിൽ ശരത് എന്ന പേരിൽ ദിലീപിനൊരു സുഹൃത്തുണ്ട്. ഈ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ആലുവയിൽ ഹോട്ടലും ട്രാവൽ ഏജൻസിയുമുള്ള വ്യക്തിയിലേക്കാണ് അന്വേഷണം.
നല്ല രാഷ്ട്രീയബന്ധമുള്ള ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഈ വിഐപിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി കഴിഞ്ഞു. അന്വേഷണം വിഐപിയിലേക്ക് അടുക്കുന്നതായി തോന്നുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു കഴിഞ്ഞു. നേരത്തെ അൻവർ സാദത്ത് ആണോ വിഐപി എന്ന നിലയിൽ ചർച്ച വന്നിരുന്നു. ഇത് ബാലചന്ദ്രകുമാർ നിഷേധിച്ചു. ഇതിനിടെയാണ് പുതിയ വ്യക്തിയിലേക്ക് അന്വേഷണം എത്തുന്നത്. സൂര്യന്റെ പേരിലെ സ്ഥാപനങ്ങളുടെ ഉടമയാണ് ഇയാളെന്നാണ് സൂചന. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ബാലചന്ദ്രകുമാർ പറഞ്ഞത്: ''വിഐപിയിലേക്കുള്ള അന്വേഷണം അദ്ദേഹത്തോട് അടുക്കുന്നതായി തോന്നുന്നു. ഖദർ ധരിച്ച ഒരു ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥന് കാണിച്ചിട്ട് മനസിൽ തെളിഞ്ഞു വരുന്ന മുഖമിതാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതേ ശബ്ദത്തിലുള്ള കക്ഷിയുടെ ഒരു വീഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശബ്ദം അയാളുടേതാണെന്നാണ് സംശയം. നല്ല വെളുത്ത നിറം, വണ്ണമുള്ള കഴുത്ത്, ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന രാഷ്ട്രീയബന്ധമുള്ള വ്യക്തിയാണ് ഈ ഉന്നതൻ.''
''എന്റെ അന്വേഷണത്തിൽ ദിലീപിന് ശരത് അങ്കിൾ എന്ന് വിളിക്കുന്ന ഒരു ആത്മസുഹൃത്തുണ്ട്. ഇയാളും ബിസിനസുകാരനാണ്. ദിലീപിന്റെ വീട്ടിൽ വരാറുണ്ട്. ആലുവ സ്വദേശിയാണ്. ആലുവ എംഎൽഎയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അൻവർ സാദത്ത് അല്ല വിഐപിയെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദ രേഖകൾ എടുത്ത് പരിശോധിച്ചിരുന്നു. അല്ലെന്ന് മനസിലായി.ഒരു നിരപരാധിയെ പ്രഷർ കൊടുത്ത് ഇരിത്തേണ്ടെന്ന് വച്ചിട്ടാണ് വിഐപി അൻവർ സാദത്ത് അല്ലെന്ന് പറഞ്ഞത്. അദ്ദേഹത്തിലേക്ക് സൂചനയിടണമെന്ന് ചിലർ വിളിച്ചു പറഞ്ഞിരുന്നു. ഇല്ലാത്ത കാര്യം പറയാൻ എനിക്ക് സാധിക്കില്ല.'''ദിലീപിന് സ്വന്തം പേരിൽ സിം ഇല്ല'
സാക്ഷി വിസ്താരം പൂർത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തലുകൾ അവഗണിക്കാൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹർജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകൾ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) കോടതി വരാന്തയിൽ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സൽ കണ്ടെത്താൻ അന്വേഷണസംഘം പ്രതി കഴിയുന്ന ജയിൽമുറിയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതുകൊണ്ട് തന്നെ വിഐപിയെ കണ്ടെത്തേണ്ടത് കേസിൽ നിർണ്ണായകമാണ്.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷവും ആരോപണങ്ങളിലെ 'വിഐപി'യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹം തുടരുന്നുവെന്നതാണ് വസ്തുത. ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ 'ശരത് അങ്കിൾ' വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാൽ വിഐപിയെ ആലുവയിലുള്ള ബിസിനസ്സുകാരനെന്ന് ബാലചന്ദ്രകുമാർ തന്നെ പറയുമ്പോൾ അതിലേക്ക് അന്വേഷണം ചുരുക്കേണ്ടി വരും.
ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോൺ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാൽ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിർമ്മിതമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
''അനൂപിന്റെ വീട്ടിൽ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോൾ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തിൽ അല്ല. ലൈസൻസുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇൻ സ്പെയിൻ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.''-ഇതായിരുന്നു ആ വെളിപ്പെടുത്തൽ.
''10 മൊബൈൽ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതിൽ കാനഡ, മലേഷ്യൻ നമ്പുകളുണ്ട്. ഇതിൽ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകൾ റോമിംഗിൽ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യൻ നമ്പറിൽ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകൾ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്-ഇങ്ങനെയാണ് വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ