- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടുവെന്ന് പൾസർ സുനിയും; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പൾസർ സ്ഥിരീകരിക്കുന്നത് പഴയ സഹതടവുകാരനോട്; കശ്യപ്പിന്റെ ചാരനെന്ന ആരോപണം നേരിട്ട ജിൻസൺ വീണ്ടും ഫോൺ റിക്കോർഡുമായി രംഗത്ത്; നടിയെ ആക്രമിച്ച കേസിലും ദിലീപിന് കരുക്ക് മുറുകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനിയും വെളിപ്പെടുത്തി. കേസിലെ സാക്ഷിയായ ജിൻസനുമായുള്ള സുനിയുടെ ഫോൺ സംഭാഷണം പുറത്തുവന്നു. സംഭാഷണത്തിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനി നിഷേധിക്കുന്നില്ല. സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൻ. ഫോൺ സംഭാഷണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്ന് സംഭാഷണത്തിനിടെ സുനി പറയുന്നുണ്ട്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നത്. സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൻ. കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്ഐആർ ഇന്നു ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസാണ് പുതിയ കേസിലെ പരാതിക്കാരൻ.
ബാലചന്ദ്രകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തതെങ്കിലും, പിന്നീട് കേസ് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ചിനു കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് കേസിന്റെ അന്വേഷണ ചുമതല. ബൈജു പൗലോസിനെ ലോറിയിടിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ചാരനെന്ന് നേരത്തെ ആരോപണം ഉയർന്ന വ്യക്തിയാണ് ജിൻസൻ. താൻ പൊലീസ് ചാരനല്ലെന്ന് ജിൻസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജിൻസന്റെ മൊഴികൾ കേസ് അന്വേഷണത്തിൽ പൊലീസിനെ കാര്യമായി സഹായിച്ചിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് ജിൻസന്റെ മൊഴികളാണ്. ഇതിന് ജിൻസൺ നേരത്തെ കൃത്യമായി വിശദീകരണവും നൽകിയിരുന്നു. അതുകൊണ്ട് തന്നെ സുനിയും ജിൻസണുമായുള്ള അടുപ്പം വ്യക്തമായിരുന്നു
'തന്നെ പൊലീസിന്റെ ചാരൻ ആയാണ് മാധ്യമ വാർത്തകളിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ താൻ പൊലീസിന്റെ ചാരനല്ല. തന്റെ നല്ല ഷർട്ട് പൾസർ സുനി എടുത്തിരുന്നു. ഇതിനു പകരമായി സുനിയുടെ ഷർട്ടിട്ടാണ് താൻ പുറത്തിറങ്ങിയത്. ഇതുകണ്ട് ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തന്നെ തിരിച്ചു വിളിപ്പിച്ചു. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ പറഞ്ഞത്. പൾസർ സുനിയെ കരുവാക്കിയവർ രക്ഷപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചതിനാൽ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു ജിൻസൻ വ്യക്തമാക്കി.
പൾസർ സുനിയുടെ സെല്ലിലേയ്ക്കു സഹതടവുകാരൻ ജിൻസനെ ചാരനായി അന്വേഷണ ഉദ്യോഗസ്ഥൻ ഐജി ദിനേന്ദ്ര കശ്യപ് അയച്ചെന്ന തരത്തിലായിരുന്നു നേരത്തെ വാർത്തകൾ വന്നത്. ചാരനെ നിയോഗിക്കാനുള്ള പൊലീസ് ബുദ്ധിയാണ് കേസിൽ നിർണായക വഴിത്തിരിവായതെന്നു വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിൻസന്റെ വെളിപ്പെടുത്തൽ.
പൾസറിന്റെ വായിൽ നിന്നുതന്നെ നടൻ ദിലീപിന്റെ പേര് പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി പൊലീസ് നിയോഗിച്ച ചാരനായിരുന്നു ജിൻസനെന്ന സൂചനകളാണു പുറത്തുവന്നിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ