- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമാണ് എന്നെ ഉപദേശിക്കുന്നത്; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല; കമന്റുകൾക്ക് മറുപടിയുമായി ജോയ് മാത്യു
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജോയ് മാത്യു. ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. പോസ്റ്റിന് താഴെ പത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരും തന്നെ ഉപദേശിച്ച് കമന്റിട്ടെന്നും ദിലീപിനോട് ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ജോയ് മാത്യു പറയുന്നു.
'ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ 'താങ്കൾ ആദ്യം തുടങ്ങൂ 'എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല,' അദ്ദേഹം പോസ്റ്റിൽ പറയുന്നു. ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്ന് തന്നെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല,' ജോയ് മാത്യു കൂട്ടിച്ചേർത്തു.
ഇരയ്ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ലെന്നുമാണ് ജോയ് മാത്യു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയത്. ഇരയ്ക്കൊപ്പം എന്ന് പറയാൻ ചിലർ 5 വർഷം സമയമെടുത്തെന്നും കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ഇനിയും ഒരഞ്ച് വർഷം കൂടി വേണ്ടി വരുമെന്നുമാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റുകൾ.
ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ചേരാനുള്ള വിദ്യ അറിയുന്നവരാണ് ചിലരെന്നും സാമൂഹ്യ പ്രശ്നങ്ങളിലും രാഷ്ട്രീയത്തിലും സ്വന്തം നിലപാട് തുറന്നു പറയാൻ ഏതെങ്കിലും സിനിമാക്കാരൻ തയ്യാറാകുമോയെന്നും ആരെയും പിണക്കാതെ എങ്ങിനെ കൂടുതൽ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് മിക്കവരുമെന്നുമാണ് മറ്റൊരു കമന്റ്. താങ്കൾ ആദ്യം പറഞ്ഞു തുടങ്ങൂവെന്നും അതു കണ്ടു ചിലരെങ്കിലും ഏറ്റു പിടിക്കുമെന്നുമുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നുകൊമ്ടിരിക്കുന്നുണ്ട്.
താൻ കടന്നുപോന്ന വഴികളെ കുറിച്ചും തനിക്ക് പിന്തുണ നൽകി ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടും കഴിഞ്ഞ ദിവസമായിരുന്നു ആക്രമത്തെ അതിജീവിച്ച നടി ഒരു കുറിപ്പ് പങ്കുവെച്ചത്. മലയാള സിനിമാ ലോകം ഒന്നടങ്കം ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് നടിക്ക് പിന്തുണ നൽകിയിരുന്നു. അവൾക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു പലരും നടിക്ക് പിന്തുണ അറിയിച്ചത്.
നടി കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നടൻ പൃഥ്വിരാജും ടൊവിനോ തോമസുമായിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്. ബാബുരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സംയുക്ത മേനോൻ, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ, പാർവ്വതി തിരുവോത്ത്, നിമിഷ സജയൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളും ഇതിന് പിന്നാലെ പിന്തുണയുമായി എത്തി. വൈകിയാണെങ്കിലും മമ്മൂട്ടിയും അതിന് പിന്നാലെ മോഹൻലാലും നടിയുടെ കുറിപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ ''താങ്കൾ ആദ്യം തുടങ്ങൂ ''എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. (ടൈംസ് ഓഫ് ഇന്ത്യ. 12/7/2017).
കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.
മറുനാടന് ഡെസ്ക്