മുംബൈ: സിനിമാതാരങ്ങളുടെ ജിവിതത്തെ എളപ്പത്തിൽ വ്യാഖ്യാനിക്കാൻ സിനമാക്കഥ പോലൊരു ജീവിതമെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഈ പ്രയോഗം ഏറ്റവും കുടുതൽ ചേർന്ന് നിൽക്കുന്നത് ഇന്ന് പുലർച്ചെ അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ ജീവിതത്തോടായിരുന്നു.ദിലിപ് കുമാറിന്റെ ജീവിതത്തെ വിശേഷിപ്പിക്കാൻ സിനിമാക്കഥപോലെ എന്ന വിശേഷം നമ്മൾ മനപുർവ്വം ഉപയോഗിക്കേണ്ട കാര്യമില്ല.ആ ജിവത കഥ കേട്ടാൽ ഒരുബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം കണ്ട പ്രതീതിയാണ് നമുക്കുണ്ടാവുക.ഒരു മികച്ച സിനിമക്കുവേണ്ട എല്ലാ ചേരുവകളും കൃത്യമായി ചേർത്താണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ തിരക്കഥ തയ്യറാക്കപ്പെട്ടത്.ഒറ്റ വരയിൽ പറഞ്ഞാൽ സിനിമാ ടാക്കീസ് മാനേജറിൽ നിന്ന് ഇതിഹാസ നായകനിലേക്കുള്ള ഒരു കഥാപാത്രത്തിന്റെ വളർച്ച.

തന്റെ മുഖത്തെ നിസംഗ ഭാവം പോലെ ദിലീപിനെ തേടിയെത്തിയ വേഷങ്ങളും അത്തരത്തിലായിരുന്നു. പ്രത്യേകിച്ചും ദുരന്തനായകന്മാരായ കഥാപാത്രങ്ങൾ ട്രാജഡി കിങ്ങ് എന്ന വിശേഷണം ഇദ്ദേഹത്തെ തേടിയെത്തുന്നും അങ്ങിനെയാണ്.ചോക്ലേറ്റ് പ്രണയനായകന്മാരെ മാത്രം കണ്ടുശീലിച്ച ബോളിവുഡിന് അപവാദമായിരുന്നു ചപ്രമുടിക്കാരനായ ദിലീപിന്റെ രൂപം.അട്ടഹാസങ്ങൾക്കു പകരം അരനിമിഷത്തെ മൗനം. ഒരു വാക്കിൽ ഒരു നോക്കിൽ ഒളിപ്പിക്കുന്ന വികാരപ്രപഞ്ചം. ഹിന്ദി സിനിമയുടെ ദീപ്തമുഖങ്ങളിൽ ഒന്നായിരുന്നു ദിലീപ് കുമാർ.

നിമിത്തങ്ങളിലും ലക്ഷണങ്ങളിലുമൊക്കെ വിശ്വസിക്കുന്നവരാണ് പൊതുവേ സിനിമാക്കാർ.അത്തരത്തിലൊരു നിമിത്തത്തിൽ നിന്ന് തന്നെയാണ് യുസഫ്ഖാന്റെ ജീവിതവും തുടങ്ങുന്നത്.1940-ലാണ് പഷാവറിൽ നിന്നു പത്താൻ കുടുംബം ബോംബെയിലേക്കു കൂടു മാറുന്നത്. ആർമി കാന്റീനിൽ -മാനേജർ ആയിട്ടായിരുന്നു 18-ാം വയസ്സിൽ യൂസഫിന്റെ തുടക്കം. മാസം 36 രൂപ ശമ്പളം. പക്ഷെ എന്തുകൊണ്ടൊ ആ പണി പെട്ടെന്ന് മടുത്തു. ഒരു തരം ഡിപ്രഷനിലേക്ക് കടക്കുമെന്നായപ്പോൾ മനഃശാസ്ത്രജ്ഞനെ കണ്ട് ഉപദേശം തേടി. എഴുത്ത്, അഭിനയം ഇവ രണ്ടിൽ ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാനായിരുന്നു ഉപദേശം.സിനിമ കണ്ടുപോലും വലിയ പരിചയമില്ല. പിന്നല്ലേ അഭിനയം!. 17-ാം വയസ്സിൽ വിൽസൺ കോളജിൽ പഠിക്കുമ്പോൾ നാടകത്തിൽ പെൺവേഷം തരാമെന്ന പ്രിൻസപ്പലിന്റെ വാഗ്ദാനം കേട്ടു പിണങ്ങി പിരിഞ്ഞുപോന്നതാണ് അഭിനയരംഗത്ത് ആകെയുള്ള മുൻപരിചയം. പക്ഷെ ഇവിടെയാണ് യുസഫിന്റെ ജീവിത്തിലെ നിമിത്തം.

നൈനിറ്റാളിലെ ഒരു അവധിക്കാലത്തിനിടെയാണ് യൂസഫ്ഖാൻ എന്ന ഇരുപത്തൊന്നുകാരൻ താര രാജ്ഞി ദേവികാറാണിയെ കണ്ടുമുട്ടുന്നത്. ഒരു വിരുന്നിനിടെ പരിചയപ്പെട്ട പയ്യന് ബോംബെ ടാക്കീസ് സിനിമാ കമ്പനി ഉടമ കൂടി ആയിരുന്ന താരറാണി ഉദ്യോഗം വാഗ്ദാനം ചെയ്യ്തു. അങ്ങിനെ യൂസഫ്ഖാൻ, ബോംബെ ടാക്കീസ് മാനേജരായി. 1200 രൂപ മാസശമ്പളത്തിൽ അതും 1943-ൽ. തുക കേട്ടപ്പോൾ ശമ്പളം ഒരു മാസത്തയാണോ ഒരു വർഷത്തെയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ടാക്കിസിലെ ഇ ജോലിയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് യുസഫിനെ എത്തിക്കുന്നത്.

മാനേജർ ജോലിയിലുടെ ഉണ്ടായ ബന്ധങ്ങളിലുടെ ചെറിയ ചെറിയ വേഷങ്ങളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടു.ബോളിവുഡിന് അന്നുവരെ പരിചയമില്ലാത്ത രുപത്തിനുടമായായ യുസഫിനെ സംവിധായകർക്ക് ബോധിച്ചു.ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര താരത്തിന്റെ ഉദയമായിരുന്നു അത്.എന്നാൽ ഒരു മുസ്ലിം യുവാവിന് തന്റെ പേര് ധൈര്യമായി സിനിമയിൽ പറയാൻ പറ്റിയ കാലമായിരുന്നില്ല അത്. ഇന്നത്തെ ഖാന്മാർക്കൊക്കെ ചിലപ്പോൾ ചിന്തിക്കാവുന്നതിലുമപ്പുറം.അങ്ങിനെ സിനിമയിൽ തുടരാനായി യുസഫ്ഖാൻ ദിലിപ് കുമാറായി.പ്രശസ്ത ഹിന്ദി നോവലിസ്റ്റ് ഭഗവതി ചരൺ വർമ്മ യൂസഫ്ഖാന് 'ദിലീപ് കുമാർ' എന്നു നാമകരണവും നടത്തി.

തീക്ഷണമായ ജീവിതാനുഭവങ്ങളാണ് ഒരു നടനെ സൃഷ്ടിക്കുന്നതെന്ന് പറയാറുണ്ട്. യുസഫിന്റെ കാര്യത്തിൽ അതും ശരിയാണ്.ഒരു അഭിനയ സ്‌കുളിന്റെയോ മറ്റൊ പാരമ്പര്യമില്ലാതിരുന്ന യുസഫിനെ ഇതിഹാസമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു.പഴം കച്ചവടക്കാരനായ സർവർഖാന്റെ പതിമ്മൂന്നു മക്കളിൽ ഒരുവനാണു യൂസഫ്. സ്വന്തം വീട്ടിനടുത്തുള്ള ഒരാളെ കൊല്ലുന്നതു നേരിട്ടു കണ്ടിട്ടുണ്ട് കൊച്ചുയൂസഫ്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ. ഈ അനുഭവങ്ങളായിരുന്നു ദിലീപ്കുമാറിന്റെ ഇൻസ്റ്ററ്റിയൂട്ട്.ഹിന്ദി സിനിമയിൽ അലറിവിളിക്കുന്ന താരങ്ങൾക്കു നടുവിൽ ഒരു വാക്കും നോക്കും കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കാനുള്ള കഴിവ് അദ്ദേഹം സ്വായത്തമാക്കിയത് ഇങ്ങനെ തന്നെയാണ്.

'ഷഹീദ്' എന്ന ചിത്രം സൂപ്പർഹിറ്റായതോടെ ദിലീപ് കുമാർ വൻതാരമായി. രക്തസാക്ഷിയുടെ റോളിൽ സ്വാഭാവിക ഭാവചലനങ്ങൾകൊണ്ടു പ്രേക്ഷകഹൃദയങ്ങൾ അദ്ദേഹം കവർന്നു.ഷഹീദിനുശേഷം ദുരന്ത ചിത്രങ്ങളുടെ വരവായി. 'ജോഹൻ','ദാഗ്', ഫുട്പാത്ത്', 'ഷകാസ്ത്', 'മേള', പിന്നെ ഒരിക്കലും മറക്കാനാവാത്ത 'ദേവദാസ്'. ഇങ്ങനെ ദീലിപിന് ദുരന്തനായകൻ എന്നൊരു പരിവേഷം ലഭിച്ചു. പക്ഷേ ദുരന്ത നായകൻ എന്ന ഇമേജ് അധികകാലം കൊണ്ടുനടക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.'ആസാദ്', കോഹിനൂർ','റാം ഔർ ശ്യാം', ഗോപി' ഇവയെല്ലാം കോമഡി നായകന്റെ അവതാരം ആഘോഷിച്ചു.

അൻപതുകളിൽ തുടങ്ങിയ ജൈത്രയാത്ര പിന്നെയും തുടർന്നു. 'കർമ്മ'യിൽ ഭീകരന്മാരെ തുരത്തുന്ന പൊലീസ് ഓഫിസറായും 'റുഷാലി'ൽ മാഫിയ നേതാവാകാൻ നിർബന്ധതനാവുന്ന പത്രാധിപരായും ദിലീപ് കുമാർ സൂപ്പർ താരങ്ങളെ കടത്തിവെട്ടുന്നു. മറ്റൊരു നാഴുകക്കല്ലായുരുന്നു രാജ്കപൂറിനെപ്പോലെ ദിലീപ്കുമാർ നിർമ്മാണം, സംവിധാനം, അഭിനയം ഏറ്റെടുത്ത ആദ്യ ചിത്രമായ 'ഗംഗ യമുന'. പടം സൂപ്പർഹിറ്റായെന്നു മാത്രമല്ല ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. രണ്ടു സഹോദരന്മാർ നായകനും വില്ലനുമാകുന്ന പ്രമേയം ഏറെക്കാലം ഹിന്ദി സിനിമാരംഗം അടക്കിവാണത് 'ഗംഗ യമുന'യിൽ നിന്നാണ്.

അന്ദാസ്, ദേവ്ദാസ്, ആസാദ്, മുഗൾ ഇ അസം, ഗംഗാ യമുന, നയാ ദൗർ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ സിംഹാസനം ഉറപ്പിച്ചത്.കൃത്യമായി പറഞ്ഞാൽ എണ്ണം പറഞ്ഞ 62 ചിത്രങ്ങൾ. ബോളിവുഡിലെ ഇതിഹാസ താരത്തെ വാർത്തെടുത്തത് ഈ ചിത്രങ്ങലാണ്.ഗാനങ്ങളാണ് ദിലിപ് കുമാറിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റുന്ന മറ്റൊരു ഘടകം കാലത്തെ അതിജീവിച്ച നിരവധി സുപ്പർ ഹിറ്റ് ഗാനങ്ങളിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു.1998ലാണ് വെള്ളിത്തിരയിൽ നിന്നു ദിലീപ് കുമാർ വിരമിച്ചത്.1994ൽ ദാദാ സാഹബ് ഫാൽക്കെ അവാർഡ് നേടിയ ഇദ്ദേഹത്തെ രാജ്യം പത്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചിട്ടുമുണ്ട്.

ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണ് ദിലീപ് കുമാറിന്റെ ജീവിതം എങ്കിലും പക്ഷേ പതിറ്റാണ്ടുകൾ നീളുന്ന സംഭവബഹുലമായ ബോളിവുഡ് ജീവതം മഷിപുരണ്ട വാക്കുകളാക്കാൻ ആവശ്യപ്പെടുമ്പോൾ ഒരു നിമഷത്തെ മൗനം മാത്രമായിരുന്നു മറുപടി.ഒടുവിൽ ശുഭം എന്ന വാക്കോടെ ആ ചലച്ചിത്ര ജീവിതത്തിന് എൻഡ് കാർഡ് വരുമ്പോൾ മുഴങ്ങുന്നത് അദ്ദേഹം അഭിനയിച്ച ഈ ഗാനത്തിലെ വരികളാണ്...മേരി കഹാനി ഭൂൽനെവാലേ തേരാ ജഹാം ആബാദ് രഹേ...എന്നെ മറന്നാലും നിങ്ങളുടെ ജീവിതം സന്തോഷഭരിതമാകട്ടെ