കൊച്ചി: ഈ വിഷുക്കാലത്ത് വീണ്ടും നേർക്കു നേർ മത്സരത്തിനെത്തുകയാണ് മഞ്ജു വാര്യരും ദിലീപും. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ വരവ് മോഹൻലാലുമായാണ്. കട്ട ലാൽ ഫാനിന്റെ വേഷത്തിൽ മഞ്ജു നിറയുമ്പോൾ തിയേറ്റുകളിൽ ഉൽസവമാകുമെന്നാണ് പ്രതീക്ഷ. തന്റെ പതിവ് പ്രേക്ഷകർക്കൊപ്പം മോഹൻലാലിന്റെ ആരാധകരെ മുഴുവൻ തിയേറ്ററിലെത്തിക്കാനാണ് മീനക്കുട്ടിയിലൂടെ മഞ്ജുവിന്റെ നീക്കം. രാമലീലയുടെ ആവേശത്തിൽ ദിലീപും. കമ്മാരസംഭവം സൂപ്പറാകുമെന്നാണ് ആരാധക പ്രതീക്ഷ. നാല് ഗെറ്റപ്പിലെത്തുന്ന ദിലീപിനൊപ്പം കമ്മാരസംഭവത്തിൽ തമിഴ് നടൻ സിത്ഥാർത്ഥും ഉണ്ട്. അതുകൊണ്ട് തന്നെ തമിഴകത്തും കമ്മാരൻ തരംഗമായേക്കും.

സാധാരണ അഞ്ചലിധികം സിനിമകൾ വിഷുക്കാലത്ത് തിയേറ്ററിലെത്താറുണ്ട്. മോഹൻലാലും മമ്മൂട്ടിയും ആഘോഷത്തെ ആവേശമാക്കാൻ വിഷുക്കാലത്ത് പതിവായുണ്ടാകും. ഇത്തവണയും വിഷുവിന് മമ്മൂട്ടിക്ക് ചിത്രമുണ്ടായിരുന്നു. പരോൾ. എന്നാൽ ഇത് വിഷുവിനും ഒരാഴ്ച മുമ്പേ തിയേറ്ററിലെത്തി. മോശം അഭിപ്രായമാണ് ചിത്രമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ വിഷുവിന്റെ മത്സരത്തിൽ പരോളിന് കാര്യമായ റോളില്ല. മോഹൻലാൽ മനസ്സിൽ കണ്ടത് നിരാളിയെന്ന ചിത്രത്തെയാണ്. എന്നാൽ സാങ്കേതിക ജോലികൾ അവസാനിച്ചില്ല. അതിനാൽ റിലീസ് മേയിലേക്ക് മാറ്റി. പൃഥ്വിരാജിന്റെ രണം എല്ലാം പൂർത്തിയായതാണ്. എന്നാൽ ലേഡി സൂപ്പർ സ്റ്റാറും ജനപ്രിയ നായകനും തമ്മിലെ മത്സരം കാണാൻ രണം നീട്ടി. ഏപ്രിൽ 23ന് രണം റിലീസ് ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ജനുവരിയിൽ ജോർജേട്ടൻസ് പൂരവുമായാണ് ദിലീപ് എത്തിയത്. അന്ന് മഞ്ജുവിന്റെ സൈറാ ബാനുവും തിയേറ്ററിലെത്തി. ഇതിൽ ജോർജേട്ടൻസ് പൂരം വൻ പാരജയമായി. സൈറാ ബാനു വിജയവും. ഇതോടെ നായികയെന്ന നിലയിൽ ഒറ്റയ്ക്ക് മഞ്ജുവിന് സിനിമ വിജയിപ്പിക്കാമെന്ന വിലയിരുത്തൽ സിനിമാ ലോകത്ത് സജീവമായി. തൊട്ട് പിന്നാലെ ദിലീപ് അഴിക്കുള്ളിലും. ഇതോടെ മലായള സിനിമ വമ്പൻ പ്രതിസന്ധിയിലുമായി. തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർ എത്താതെയായി. അപ്പോൾ പ്രതിസന്ധിയിൽ നിന്ന് സിനിമയെ രക്ഷിച്ചത് ദിലീപും മഞ്ജുവമായിരുന്നു. പലവട്ടം നീട്ടിവച്ച രാമലീല സെപ്റ്റംബർ 28ന് തിയറ്ററിൽ പ്രേക്ഷകരെ തേടി എത്തി. കൂടെ മഞ്ജുവന്റെ ഉദാഹരണം സൂജാതയും.

സൂപ്പർ താരങ്ങളുടേതുൾപ്പടെയുള്ള ചിത്രങ്ങൾ ഒന്നിച്ച് റിലീസിങ് നടത്താറുണ്ടെങ്കിലും ദിലീപ്- മഞ്ജുമാരുടെ ചിത്രങ്ങൾ ഒരുമിച്ച് ഇറങ്ങുന്നതിനെ ശ്രദ്ധേയമാക്കുന്നത് സിനിമയ്ക്കു അപ്പുറമുള്ള കാരണങ്ങൾ കൂടിയാണ്. മഞ്ജു വാര്യർ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായിരുന്നു ഉദാഹരണം സുജാത. ഫാന്റം പ്രവീൻ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടുമാണ് നിർമ്മിച്ചത്. സെപ്റ്റംബർ 15 നാണ് റീലിസ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. രാമലീലയ്‌ക്കൊപ്പം ഇറക്കിയാൽ മതിയെന്ന മഞ്ജുവിന്റെ തീരുമാനമായിരുന്നു ഇതിന് കാരണം. ഏതായാലും പ്രതീക്ഷ തെറ്റിയില്ല. രാമലീല ദിലീപിന്റെ എക്കാലത്തേയും വലിയ വിജയ ചിത്രമായി. ഉദാഹരണം സുജാതയും തരംഗമായി. അങ്ങനെ വീണ്ടും തിയേറ്ററിൽ കാണികളെത്തി.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകൾ ഒന്നിച്ച് തിയറ്ററുകളിൽ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കൺട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആൻഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്. 2015 ൽ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാൽ 2 കൺട്രീസ് ഹിറ്റായപ്പോൾ മഞ്ജുവിന്റെ സിനിമയ്ക്ക് ബോക്‌സ് ഓഫീസിൽ തകർന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന് കമ്മാരസംഭവവും ജീവിതത്തിലെ ഒരു സുപ്രധാന അഗ്‌നിപരീക്ഷയാണ്. മാധ്യമങ്ങളുടയും മറ്റു കൂട്ടായ്മകളുടേയും ബഹളങ്ങൾക്കുപരി സാധാരണ ജനങ്ങൾ തനിക്കൊപ്പമെന്ന് വിളിച്ചു പറയാനുള്ള സുവർണ്ണാവസരം. രാമലീലയുടെ വിജയം കമ്മാര സംഭവത്തിലും തുടർന്നാൽ മലയാള സിനിമയിലെ സ്വാധീന ശക്തി കൂട്ടാൻ ദിലീപിനാകും.

പ്രമോദ് മോഹന്റെ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളാൽ, സുനിൽ പൂവേലിയുടെ ഇന്നസെന്റ് ചിത്രം സുവർണ്ണപുരുഷൻ എന്നിവയും പൂർത്തിയായിട്ടുണ്ട്. ഇതും വിഷു ദിവസത്തിന് മുമ്പ് റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഓട്ടൻതുള്ളൽ കലാകാരനായി ഇന്ദ്രൻസ് എത്തുന്ന ചിത്രമാണ് ആളൊരുക്കം. ഇതും തിയേറ്ററിലുണ്ട്. ഇന്ദ്രൻസിന് മികച്ച സംസ്ഥാന നടനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമപ്രവർത്തകനായ വി. സി. അഭിലാഷാണ്. നല്ല അഭിപ്രായം നേടിയെങ്കിലും ഈ സിനിമ തിയേറ്ററിൽ ഇനിയും ചലനമുണ്ടാക്കിയിട്ടില്ല. ഇന്നസെന്റ് തിയേറ്റർ ഓപ്പറേറ്ററായി എത്തുന്ന ചിത്രമാണ് സുവർണ്ണപുരുഷൻ. കടുത്ത് മോഹൻലാൽ ആരാധകർ കൂടിയാണ് റപ്പായി. മഞ്ജു വാര്യരുടെ വിഷുചിത്രവുമായി അങ്ങനൊരു സാമ്യവും ഇന്നസെന്റ് ചിത്രത്തിനുണ്ട്.

സംവിധായകനും അഭിനേതാക്കളുമുൾപ്പെടെയുള്ളവർ പുതുമുഖങ്ങളാകുന്ന ചിത്രമാണ് ശ്രീഹള്ളി. തൊണ്ണൂറുകളുടെ അവസാന കാലം ച്ിത്രീകരിക്കുന്ന സിനിമയിൽ ശരത്, ബിച്ചാൽ മുഹമ്മദ്, രാജീവ് രാജൻ, അജയ് എന്നിവരാണ് അഭിനയിക്കുന്നത്. ഇതും വിഷുക്കാലത്ത് തിയേറ്ററിലെത്താൻ സാധ്യതയുണ്ട്. നിലവിൽ തിയേറ്ററിലുള്ള സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ മികച്ച പ്രേക്ഷക അഭിപ്രായവുമായാണ് മുന്നേറുന്നത്. അങ്കമാലി ടീമിന്റെ ഈ ചിത്രം വിഷുക്കാലത്തും പ്രേക്ഷകരെ ആകർഷിക്കും.