കൊച്ചി: തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകൾ നൽകി കൂടെ നിന്നതിന് നടൻ ദിലീപിന് നന്ദി പറഞ്ഞ് വനീത് ശ്രീനിവാസൻ നായകനായ 'ആന അലറലോടലറൽ' എന്ന ചിത്രത്തിന്റെ സംവിധായകൻ ദിലീപ് മേനോൻ. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആനയ്ക്ക് ശബ്ദം നൽകിയത് ദിലീപ് ആയിരുന്നു, അതിന് നന്ദി അല്ല കടപ്പെട്ടിരിക്കുന്നു എന്നാണ് ദിലീപ് മേനോൻ പറഞ്ഞത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലീപ് മേനോന്റെ പ്രതികരണം

ദിലീപ് മേനോന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സുഹൃത്തുക്കളെ,

ഇന്നലെ, നാളുകളുടെ കാത്തിരിപ്പിന്റെ ഫലം ഉണ്ടായി. ഞാൻ സംവിധാനം ചെയ്ത ആദ്യ ചിത്രം 'ആന അലറലോടലറൽ' റിലീസായി. കഥയിലെ ഹാഷിമിനും പാർവതിക്കും വേലായുധനും മുസ്ലിയാർക്കും പത്രോസിനും ഉപ്പുമ്മയ്ക്കും സ്‌ക്രീനിൽ ജീവൻ വച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. പ്രത്യേകിച്ചും ശേഖരൻകുട്ടിയുടെ ശബ്ദം. സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയം മുതലേ എല്ലാവരും ചോദിച്ചിരുന്നു ആര് ശേഖരൻകുട്ടിക്ക് ശബ്ദം നൽകും?

ഉത്തരം മനസ്സിൽ അന്നേ ഉണ്ടായിരുന്നു. എങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തോട് തന്നെ നേരിൽ കണ്ടു കാര്യം പറഞ്ഞു. പറക്കാൻ ആഗ്രഹിക്കുന്നവന് ചിറകുകൾ നൽകാൻ ഒരു മനസ്സ് വേണമല്ലോ? ആ മനസ്സ് അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരൻകുട്ടിക്ക് ചിറകുകൾ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങൾക്കും നന്ദി... അല്ല കടപ്പെട്ടിരിക്കുന്നു....നമ്മുടെ ദിലീപേട്ടനോട്.

ആദരവോടെ

ദിലീപ് മേനോൻ