കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കഴിഞ്ഞാൽ ദിലീപ് അഭിനയിക്കുക നാദിർഷാ ചിത്രത്തിലെന്ന് സൂചന. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ ഏറെ വ്യത്യസ്തമായ ലുക്കിലാകും ദിലീപ് എത്തുക. അതിനിടെ കേസിന്റെ വിചാരണയ്ക്കിടയിൽ സിനിമ തുടങ്ങുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടോ എന്നും അണിയറ പ്രവർത്തകർ തിരിക്കുന്നുണ്ട്. പ്രശ്‌നമൊന്നുമില്ലെങ്കിൽ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങാനും സാധ്യതയുണ്ട്.

ഈ ചിത്രത്തിൽ ദീലീപിന്റെ നായികയായി അഭിനയിക്കാൻ ഉർവശി സമ്മതം മൂളിക്കഴിഞ്ഞു. എന്നാൽ ഈ കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദിലീപ് ചിത്രത്തിൽ ഷഷ്ഠി പൂർത്തി കഴിഞ്ഞ കേശുവായാണ് എത്തുന്നത്. ഉർവശി നായികയായി എത്തുമെന്നുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിലുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലാകും മുമ്പ് തന്നെ നാദിർഷാ തന്റെ പുതിയ ചിത്രം ദിലീപുമൊത്താണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. സജീവ് പാഴൂരാണ് തിരിക്കഥാകൃത്ത്.

ചിത്രത്തിൽ ദിലീപിന് ചെറുപ്പക്കാരനായ ഗെറ്റപ്പും ഉണ്ടെന്നാണ് അറിയുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറപ്പുക്കോട്ടൈയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ നാദിർഷ. അതിനു ശേഷമായിരിക്കും ഉറ്റസുഹൃത്തു കൂടിയായ ദിലീപിനെ നായകനാക്കിയുള്ള പ്രോജക്ടിലേക്ക് സംവിധായകൻ കടക്കുക. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവമാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് പൂർത്തിയാക്കിയത്.