കൊച്ചി: നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ദിലീപിനെ നായകനാക്കി 'കേശു ഈ വീടിന്റെ നാഥൻ' എന്ന പ്രൊജക്ടാണെന്ന് കുറച്ചുകാലമായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ അവ്യക്തത വന്നിരിക്കുകയാണ്.

ബിജു മേനോനെ നായകനാക്കിയായിരിക്കും നാദിർഷയുടെ അടുത്ത സിനിമയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതൊരു കോമഡിച്ചിത്രം ആയിരിക്കുമെന്നും കേൾക്കുന്നു. യൂണിവേഴ്‌സൽ സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇപ്പോൾ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ് റീമേക്കായ 'അജിത് ഫ്രം അറുപ്പുകോട്ടൈ' സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് നാദിർഷ. ദിലീപ് ചിത്രം കൂടാതെ ഒരു മമ്മൂട്ടിച്ചിത്രവും നാദിർഷ ചെയ്യുന്നുണ്ട്. ആ ചിത്രത്തിൽ പൊക്കക്കുറവുള്ളയാളായി മമ്മൂട്ടി അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കേശു ഈ വീടിന്റെ നാഥൻ എഴുതുന്നത് സജീവ് പാഴൂരാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് തിരക്കഥയെഴുതുന്നത് പ്രൊജക്ടാണിത്. ഉർവശിയാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.