തിരുവനന്തപുരം: ജാതിയും മതവും നോക്കി സ്ഥാനാർത്ഥിയെ നിർണയിക്കുന്ന രീതി ഇന്ത്യയെപ്പോലുള്ള മതനിരപേക്ഷ രാജ്യത്തിന് അപമാനമെന്നു നടൻ ദിലീപ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദിലീപിന്റെ തെരഞ്ഞെടുപ്പു ചിന്തകൾ.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണു കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പരോക്ഷമായി വിമർശിച്ച് ദിലീപ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുരേഖപ്പെടുത്താൻ പോകുന്നവർക്ക് ആശംസകൾ നേർന്നുള്ള എഫ്ബി പോസ്റ്റിലാണ് ദിലീപ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും വിമർശിച്ചത്.

ഒട്ടെല്ലാപാർട്ടികളും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിരിക്കുന്നത് ജാതി, മത, സാമുദായിക പരിഗണനകൾ മുൻ നിർത്തിമാത്രമാണെന്നത് പ്രബുദ്ധത നടിക്കുന്ന മലയാളിക്ക് അപമാനമാണെന്ന് ദിലീപ് കുറിക്കുന്നു.

ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇതാ:

"പ്രിയപ്പെട്ടവരെ,
നാളെയും, അഞ്ചാം തീയതിയുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യമായ് വോട്ട് രേഖപ്പെടുത്താൻ തയ്യറെടുക്കുന്ന എല്ലാവർക്കും ആശംസകൾ. യഥാർത്ഥത്തിൽ വോട്ട് മാത്രമാണു ജനാധിപത്യത്തിൽ പൗരനു ( ജനത്തിനു)ള്ള ഏക അധികാരം. ഈ അധികാരം വിവേകത്തോടെ വിനിയോഗിക്കുക. ഭാരതം ഒരു മതേതര ജനാധിപത്യ രാജ്യമാണു. നാഴികയ്ക്കുനാൽപ്പതുവട്ടം അത് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ സംഭവിക്കുന്നത് നേരെ വിപരീതമാണു! ഈ തിരഞ്ഞെടുപ്പിൽ ഒട്ടെല്ലാപാർട്ടികളും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിരിക്കുന്നത് ജാതി,മത,സാമുദായിക പരിഗണനകൾ മുൻ നിറുത്തിമാത്രമാണെന്നത് പ്രബുദ്ധത നടിക്കുന്ന മലയാളിക്ക് അപമാനമാണു. നമ്മുടെ രാഷ്ര്ടീയ നേതാക്കന്മാരുടെയും, പാർട്ടികളുടേയും വാക്കും, പ്രവർത്തിയും ഒന്നാവുമ്പോഴേ ഈ നാട് യഥാർത്ഥ മതേതര ജനാധിപത്യ രാജ്യമാകൂ, അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പ്രതിനിധികളായ് തിരഞ്ഞെടുക്കപ്പെടുന്നവർ നിങ്ങൾക്കും,സർവ്വോപരി സമൂഹത്തിനും നന്മചെയ്യുന്നവരാവണം എന്ന ഉത്തമവിശ്വാസത്തോടെ, ജാതി, മത, സാമുദായിക, രാഷ്ര്ടീയ പരിഗണനകൾക്കതീതമായ് ജനാധിപത്യത്തിലെ ഏറ്റവും മൂർച്ചയേറിയ വോട്ട് എന്ന ആയുധം നിർഭയം പ്രയോഗിക്കുക.എല്ലാവർക്കും കേരളപ്പിറവിദിനാശംസകൾ, ജയ്ഹിന്ദ്."