ആലുവ: രാമലീല സിനിമ റീലീസാകുന്ന ദിവസം ദിലീപ് വല്ലാത്ത പിരിമുറക്കത്തിലായിരുന്നു. ആദ്യ ഷോയുടെ വിവരങ്ങൾ സൂപ്രണ്ട് വഴി അറിഞ്ഞപ്പോൾ മാത്രമാണ് താരത്തിന് ആശ്വാസമായത്. എന്നാൽ സിനിമ വിജയിച്ചുവെന്ന് ദിലീപിന് തന്നെ ബോധ്യം വന്നത് പിറ്റേ ദിവസം സിനിമയുടെ സംവിധായകൻ അരുൺഗോപിയും നിർമ്മാതാവ് ടോമിച്ചൻ മുളക് പാടവും എത്തിയപ്പോഴാണ്. രണ്ടു പേരും കയ്യിൽ ലഡുവും മറ്റു മധുര പലഹാരങ്ങളും ആയാണ് എത്തിയത് ഇത് കണ്ടതോടെ ദീലീപ് കൂടുതൽ ആഹ്ളാദത്തിലായി.

സിനിമയുടെ അണിയറ പ്രവർത്തകർ കൊണ്ടു വന്ന മധുര പലഹാരം ജയിൽ ജീവനക്കാർക്കും തടവുകാർക്കുമായി നൽകി. ദിലീപിനെ കണ്ട ടോമിച്ചൻ മുളക് പാടം ആദ്യം കാണാൻ തയ്യാറാകാത്തതിലെ പരിഭവം പറഞ്ഞു. തന്റെ മാനസിക അവസ്ഥ ബോധ്യപ്പെടുത്തി ടോമിച്ചന്റെ നീരസം ദിലീപ് മാറ്റി. വിവിധ തിയ്യറ്ററുകളിൽ നിന്നുള്ള പ്രതികരണം മികച്ചതാണെന്നും ടോമിച്ചൻ വിവരിച്ചു. തന്റെ മൂന്ന് തിയ്യേറ്ററുകളിൽ ഒന്നിൽ മാത്രണാണ് രാമലീല കളിക്കുന്നതെന്ന് ദിലീപും പറഞ്ഞു. മറ്റു സിനിമകൾ ഏറ്റെടുക്കാതിരുന്നെങ്കിൽ മൂന്നിലും രാമലീല ഓടിക്കാമായിരുന്നുവെന്നും ദിലീപും പറഞ്ഞു.

സിനിമ പ്രവർത്തകർ എത്തിച്ച മധുരത്തിന് പുറമെ ദിലീപിന്റെ വകയായി ജയിലിൽ ലഡു വിതരണം ചെയ്തു വെന്നാണ് വിവിരം. എന്നാൽ ജയിൽ അധികൃതർ ഇത് നിഷേധിക്കുകയാണ്. നാളെ ദിലീപിന്റെ സന്തോഷത്തിന്റെ ഭാഗമായി ജയിലിൽ പായസം വിതരണം നടത്തുമെന്നാണ ്അറിയുന്നത്. എന്നാൽ തടവുകാരന്റെ സന്തോഷത്തിന്റെ ഭാഗമായി ജയിലിൽ മധുരം നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇക്കാര്യം മറച്ചുവെച്ച് ഗാന്ധി ജയന്തി ദിനത്തിലെ സദ്യയുടെ ഭാഗമായാണ് പായസം നൽകുന്നത്. ഇത് ആരെങ്കിലും വിവാദമാക്കിയാൽ ജയിൽ അധികൃതർക്കെതിരെ നടപടി വരുമെന്നതിനാൽ വിവരം പുറത്തറിയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

സിനിമ വിജയമായതോടെ അമിത് ആഹ്ളാദത്തിലായ ദിലീപ് സത്യത്തിൽ എഴുതി കൊണ്ടിരുന്ന സിനിമാക്കഥ പോലും നിർത്തിയ മട്ടാണ്. സൂപ്രണ്ടിൽ നിന്നും എഴുതി ഒപ്പിട്ടു വാങ്ങിയ അൻപത് പേപ്പർ എഴുതിയും തിരുത്തിയും തീർത്തിട്ടും പുതിയ പേപ്പർ വാങ്ങിയിട്ടില്ല. ഇതിനിടയിൽ എത്തിയ സന്തോഷ വാർത്ത ദിലീപിന്റെ എഴുത്തിനെ പോലും ബാധിച്ച മട്ടാണ്. ദിലീപ് എഴുതുന്ന കഥ സിനിമയാക്കാനും സെപ്റ്റംബറിൽ ഷൂട്ട് തുടങ്ങാനും നേരത്തെ നാദിർഷയുമായി പറഞ്ഞുവച്ചിരുന്നതാണ്. ജയിലിൽ ആകുന്നതിന് മുൻപ് തന്നെ കഥയ്ക്ക് അടിത്തറ ഇടുകയും എഴുതി തുടങ്ങുകയും ചെയ്തതാണ്. ആ കഥയാണ് ജയിലിനുള്ളിൽ വെച്ച് ദിലീപ് പൂർത്തിയാക്കാൻ ശ്രമിച്ചത്. പുറത്തിറങ്ങിയാൽ ഉടൻ പുതിയ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനാണ് പദ്ധതി. നാദിർഷാ തന്നെയാകും സംവിധായകൻ.

എന്നാൽ കഥാ തന്തുവിൽ താരം മാറ്റം ആഗ്രഹിക്കുകയും അത് നാദിർഷയോടു സൂചിപ്പിക്കുകയും ചെയ്തിരുന്നതാണ്. നാദിർഷയുടെ പിന്തുണ കൂടി വന്നതോടെയാണ് ജയിലിൽ കഥ എഴുത്ത് ആരംഭിച്ചത്. രാമലീലയെ കുറിച്ച വരുന്ന വാർത്തകളും റിവ്യുവും വായിക്കാനാണ് താരം ഇപ്പോൾ കൂടുതൽ സമയവും മാറ്റി വെയ്ക്കുന്നത്.സുപ്രണ്ടിൽ നിന്നും ജയിൽ വാർഡന്മാരിൽ നിന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചറിയുന്നുമുണ്ട്. സിനിമ വിജയമായതിന് ശേഷം ദിലീപിനെ കാണാൻ അനുമതി തേടുന്നവരുടെ എണ്ണവും കൂടി വരുകയാണ് . എന്നാൽ ആർക്കും കാണാനുള്ള അനുമതി ജയിലധികൃതർ നൽകുന്നില്ല. ഇന്നും ഇന്നലെയുമായി പതിനഞ്ചു പേരാണ് ജയിൽ സുപ്രണ്ടിനെ നേരിട്ടു കണ്ട് ദിലീപിനെ കാണാൻ ശ്രമിച്ചത്.

സന്ദർശകർക്ക് നിയന്ത്രണം ഉള്ള കാര്യം പറഞ്ഞാണ് ജയിൽ അധികൃതർ ഇവരെ തിരിച്ചയച്ചത്. രാമലീലയുടെ വിജയ വാർത്തയിലെ സന്തോഷം പങ്കുവെയ്ക്കാൻ ദിലീപ് അമ്മയേയും മകൾ മീനീക്ഷിയേയും കാവ്യയേയും ഫോണിൽ വിളിച്ചിരുന്നു. അവരും സന്തോഷത്തിലാണ്. സിനിമ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെ കേസിന്റെ കാര്യങ്ങളും ദിലീപ് വീട്ടുകാരുമായി സംസാരിച്ചു. അതേ സമയം ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടിയിരിക്കയാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കേസിൽ 11-ാം പ്രതിയാണ് ദിലീപ്.

കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകുകയാണ് എന്നീ കാര്യങ്ങളാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധിപറയാൻ ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി കോടതി അടുത്തമാസം 10 വരെ നീട്ടിയിരിക്കയാണ്.

ഈ മാസം എട്ടാം തീയതിയാകുമ്പോൾ ദിലീപ് അകത്തായിട്ട് 90 ദിവസം തികയും. അതിന് മുമ്പ് പൊലീസ് കുറ്റപത്രം നൽകില്ലെന്നാണ് നടന്റെ പ്രതീക്ഷ. അതിനാൽ ജാമ്യം ഉടൻ കിട്ടുമെന്ന് തന്നെയാണ് വിലയിരുത്തൽ.