കൊച്ചി: ദിലീപ് എന്ന നടനേക്കാൾ ദിലീപെന്ന വ്യക്തിയെയാണ് കാവ്യമാധവൻ ഇഷ്ടം. കാവ്യ ഹാൻഡിൽ വിത്ത് കെയർ ഐറ്റമാണെന്ന് ദിലീപും പറയുന്നു. വനിതയുടെ പ്രത്യേക ഓണപ്പതിപ്പിനായുള്ള സംയുക്ത അഭിമുഖത്തിലാണ് മലയാളത്തിലെ താര ജോഡികൾ മനസ്സ് തുറക്കുന്നത്.

ഇത് ഒരു ഹാൻഡിൽ വിത്ത് കെയർ ഐറ്റമാണ്. നല്ല ഓർമ ശക്തിയാണ്. വെറുതെ പറയാൻ പറ്റില്ല. പറഞ്ഞകാര്യം ചെയ്തില്ലെങ്കിൽ പിന്നെ ബഹളമായിരിക്കുമെന്ന് ദിലീപ് പറയുന്നു. ദിലീപ് എന്ന നായകനേക്കാൾ ഇഷ്ടം ദിലീപ് എന്ന വ്യക്തിയാണ് എന്റെ ഹീറോ. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ആൾ. എത്ര ദേഷ്യം വന്നാലും മുഖത്ത് കാണിക്കില്ല. സെറ്റിൽ ഇടിച്ച് കയറി പൊട്ടക്കഥ പറയുന്നവരോടു പോലും മര്യാദയോടെ പെരുമാറും. കാവ്യപറയുന്നു.

സിനിമയിൽ നായികയാകുമെന്ന് വിചാരിച്ചിരുന്നില്ല. ഡിഗ്രി വരെ പഠിക്കും, പിന്നെ കല്യാണം. അതായിരുന്നു വീട്ടുകാർ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ സിനിമയിലേക്ക് നായികയായി കഷണം കിട്ടിയപ്പോൾ ആദ്യം പോയില്ല. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി വിളിച്ചത് ലാലു ചേട്ടനും(ലാൽ ജോസ്), ദിലീപേട്ടനുമായിരുന്നു. അവരെ വീട്ടിൽ വളരെ വിശ്വാസമായിരുന്നു. അതു കൊണ്ടാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായത്. ലൊക്കേഷനിൽ പോയി ആരോടും അടുത്തില്ല. ദിലീപേട്ടനോടൊക്കെ ഒന്ന് ചിരിക്കും അത്രയേയുള്ളു. പോരൊങ്കിൽ അന്നെനിക് കുഞ്ചാക്കോ ബോബന്റെ നായിക ആകാനായിരുന്നു ആഗ്രഹം-കാവ്യ പറഞ്ഞു.

നിറം ഇറങ്ങിയ സമയം, കൂട്ടുകാരികളൊക്കെ പറയും നീ എന്നെങ്കിലും നായികയാവുകയാണെങ്കിൽ കുഞ്ചാക്കോ ബോബന്റെ നായിക ആവണം. നോട്ട്‌സ് ഒക്കെ ഞങ്ങൾ എഴുതി തന്നോളാം. പക്ഷേ, നായകൻ ദിലീപ് ആണെന്നറിഞ്ഞപ്പോൾ എനിക് നിരാശയായി. ഫോൺചെയ്തപ്പോൾ ഞാൻ ചോദിച്ചു. ലാലു ചേട്ടാ നിങ്ങൾക്ക് കുഞ്ചാക്കോ ബോബനെ വച്ച് പടം എടുത്തു കൂടായിരുന്നോ.. ? പക്ഷേ, ഇതിനുള്ള മറുപടി ലൊക്കേഷനിലെത്തി ആദ്യ ദിവസം തന്നെ ദിലീപേട്ടൻ തീർത്തെന്നു കാവ്യ പറഞ്ഞു.

ദീപസ്തംഭം മഹാശ്ചര്യം കഴിഞ്ഞിച്ചാണ് ഞാൻ ആ ലൊക്കേഷനിലെത്തുന്നത്. മീശയില്ല. പകരം ഒട്ടിച്ചുവച്ച മീശയാണ് ഉള്ളത്. കാവ്യയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. എന്റെ മീശ കണ്ടോ? കണ്ടു. എന്താ? നിഷ്‌കളങ്കമായ കാവ്യയുടെ മറുപടി കേട്ട് ഞാൻ പിന്നേയും ചോദിച്ചു. ഇതെവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? കാവ്യ ആലോചിക്കാൻ തുടങ്ങി. പരീക്ഷാ ഹാളിലിരിരിക്കുന്നതു പോലെ തലപുകഞ്ഞ്.. അവസാനം ഞാൻ പറഞ്ഞു. ഇത് കുഞ്ചാക്കോ ബോബന്റെ മീശയാണ്. നായകനായി കുഞ്ചാക്കോ ബോബൻ ഇല്ലെങ്കിലും മീശയുണ്ടല്ലോ. എന്നു പറഞ്ഞപ്പോൾ മുതൽ സെറ്റുമുഴുവൻ പൊട്ടിച്ചിരിയായി. ലാലു എന്നോടിത് പറഞ്ഞത് കാവ്യയ്ക്ക് അറിയില്ലായിരുന്നെന്ന് ദിലീപ് കൂട്ടിച്ചേർക്കുന്നു.