കൊച്ചി: രണ്ട്് മാസത്തെ ജയിൽവാസത്തിന് ശേഷം നടൻ ദിലീപ് വീട്ടിലെത്തിയ ശേഷം വീണ്ടും ജയിലിലേക്ക് മടങ്ങി. ആലുവ സബ് ജയിലിൽ കഴിയുന്ന താരം അച്ഛന് ബലിയിടാൻ വേണ്ടിയാണ് അദ്ദേഹം വീട്ടിലെത്തിയത്. എട്ട് മണിക്കാ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് പത്ത് മണിയോടെ എല്ലാ ചടങ്ങുകളും അവസാനിപ്പിച്ച് ജയിലിൽ മടങ്ങിയെത്തി. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വീട്ടിലെത്തിയതും ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തതും.

വീട്ടിലെ ശ്രാദ്ധച്ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുത്ത ദിലീപ് പിതാവിനു ബലിയുമിട്ടു. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. ദിലീപ് വീട്ടിലെത്തി നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിച്ചു. അതിനുള്ള സജ്ജീകരണങ്ങൾ വീട്ടിൽ അപ്പോഴേക്കും ക്രമീകരിച്ചിരുന്നു. ആലുവ കൊട്ടാരക്കടവിൽ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകൾ നടന്നത്. സുരക്ഷാ കാരണങ്ങളാൽ ആലുവ മണപ്പുറത്തെ ചടങ്ങുകളിൽ ദിലീപിനെ പങ്കെടുപ്പിച്ചില്ല. ചടങ്ങുകൾക്കുശേഷം വീട്ടുകാർക്കൊപ്പം ദിലീപ് ഭക്ഷണം കഴിച്ചു. വീട്ടിൽ മധുരവിതരണവും നടത്തിയ ശേഷമാണ് മടങ്ങിയത്.

കനത്ത പൊലീസ് സുരക്ഷയിൽ രാവിലെ എട്ട് മണിയോടെയാണ് താരം വീട്ടിലേക്ക് തിരിച്ചത്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച് പുറത്തെത്തിയ ദിലീപ് താടി വളർത്തിയിരുന്നു. ആരോടും ഒന്നും മിണ്ടാതെ പൊലീസ് വാഹനത്തിൽ കയറി. പൊലീസ് വാഹനം താരത്തിന്റെ വസതിയിൽ എത്തിയിട്ടുണ്ട്. താരത്തെ കാണാനായി വൻജനക്കൂട്ടം തന്നെ ജയിലിന് സമീപത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

പെരിയാറിനോടു ചേർന്നുള്ള ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങുകൾ നടക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ആലുവ മണപ്പുറത്തെ ചടങ്ങിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല. അതുകൊണ്ട് രണ്ട് മണിക്കൂർ സമയം വീട്ടിൽ കഴിയാകാനും ദിലീപിന് സാധിക്കുക. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണു കർമങ്ങളിൽ പങ്കെടുക്കാൻ ദിലീപിനു താൽക്കാലിക അനുവാദം നൽകിയതോടയാണ് താരം പുറത്തിറങ്ങിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണു താരം പുറത്തിറങ്ങിയത്. റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയെങ്കിലും ആരാധകർ എത്തിയില്ല. എന്നാൽ, വലിയ ജനക്കൂട്ടമായിരുന്നു വീട്ടിൽ എത്തിയത്.

നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്‌പിക്കായിരുന്നു സുരക്ഷാച്ചുമതല. റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ദിലീപിനെ കാണാൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു. എന്നാൽ, ചലച്ചിത്ര പ്രവർത്തകർ ആരും വീട്ടിലെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. രാവിലെ ഏഴുമുതൽ 11 വരെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും മാനുഷിക പരിഗണന നൽകിയാണ് കോടതിയുടെ തീരുമാനം.

2008ലാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ള മരിച്ചത്. അതിനുശേഷം എല്ലാ വർഷവും മൂത്തമകനായ ദിലീപാണ് ബലിയിടുന്നതെന്ന് അഭിഭാഷകർ അറിയിച്ചു. അതേസമയം, അച്ഛന് ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രമാണെന്നും അനുവദിച്ചാൽ ഇതൊരു കീഴ്‌വഴക്കമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യം ജാമ്യാപേക്ഷ വാദിക്കുന്ന വേളയിൽ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഇതേ തീയതിയിൽ ശ്രാദ്ധച്ചടങ്ങിൽ ദിലീപ് പങ്കെടുത്തിരുന്നില്ല. പുറത്തുവന്നാൽ പ്രതി മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതിനൽകുകയായിരുന്നു.

ആലുവ സബ് ജയിലിൽ ഇന്നലെ ദിലീപിനനെ കാണാൻ നിരവധി താരങ്ങളാണ് എത്തിയത്. ഇന്നലെ ദിലീപിനെ കാണാനെത്തിയത് 12 പ്രമുഖരാണ്, ജയിൽ സന്ദർശനത്തിനുള്ള നിബന്ധനകളൊക്കെ നടന് മുൻപിൽ കാറ്റിൽ പറത്തി ജയിൽ അധികൃതരും. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും നടൻ സുധീറുമാണ് ആദ്യം ദിലീപിനെ കണ്ടത്. സന്ദർശക സമയം ആരംഭിക്കുന്ന 11 മണിക്ക് തൊട്ടുമുമ്പേ ഇവരെ സബ് ജയിൽ കോമ്പൗണ്ടിനകത്ത് പ്രവേശിച്ചു. ഇവർ 20 മിനിറ്റോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി. ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ, സൗണ്ട് തോമ, സ്പാനിഷ് മസാല, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, ചാന്തുപൊട്ട് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ദിലീപ് ജയിലിലായ ശേഷം പിന്തുണയുമായി രംഗത്തെത്തിയ ആളാണ് സുധീർ.

11:20ഓടെ പുറത്തിറങ്ങിയ ഇവർക്കു പിന്നാലെ നിർമ്മാതാവ് എം.എം. ഹംസയും സേവ്യറും ദിലീപുമായി കൂടിക്കാഴ്ച നടത്തി.ഹംസയ്ക്ക് ശേഷം ദിലീപ് അഭിനയിച്ച 'ജോർജേട്ടൻസ് പൂരം' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ അരുൺ ഘോഷും ബിജോയ് ചന്ദ്രനും സന്ദർശനത്തിന് അനുമതി ലഭിച്ചു. സിനിമാ-സീരിയൽ നടനും നിർമ്മാതാവുമായ നടൻ കൂടിയാണ് അരുൺ ഘോഷ്.

ഇതിനു ശേഷമാണ് ഗണേശ് കുമാർ എംഎൽഎ എത്തുന്നത്. 12:20 ഓടെ ജയിലിനകത്ത് കടന്ന എംഎൽഎ രാവിലത്തെ സന്ദർശക സമയം അവസാനിക്കുന്ന ഒരു മണിയും കഴിഞ്ഞ് 20 മിനിറ്റുകൾക്ക് ശേഷമാണ് പുറത്തെത്തിയത്. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം ആലുവ ജയിലിൽ ദിലീപിനെ കാണാനെത്തിയ ഗണേശ് കുമാർ പറഞ്ഞിരുന്നു.