കൊച്ചി: കളഞ്ഞു പോയ സിംഹാസനങ്ങൾ താരരാജാവ് വെട്ടിപ്പിടിക്കുകയാണ് ദിലീപ്. ജയിലിൽ നിന്ന് തിരിച്ചെത്തിയ ശേഷം തന്റെ സ്വാധീനവും ശക്തിയും ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയുകയാണ് അദ്ദേഹം. തിലീപ് തിരിച്ചു വരുന്നത് സർവ്വശക്തനായിട്ടാവും എന്നതാണ് ഇനി സിനിമാ ലോകത്തിലെ ചേരി തിരിഞ്ഞുള്ള പ്രധാന സംസാരവിഷയം. നഷ്ടമായ പദവികൾ ഓരോന്നായി ദിലീപിനെ തേടി വരികയാണ് നടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം കിട്ടി മണിക്കൂറുകൾക്കകം പ്രസിഡന്റു സ്ഥാനം തിരിച്ചേൽപ്പിച്ച് തിയറ്റർ ഉടമകളുടെ സംഘടന കൂറു തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. ദിലീപ് പുറത്തിറങ്ങിയ ദിവസം തന്നെ അനൗപചാരിക യോഗം ചേർന്ന് ഈ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ച് ഇന്നു ചേർന്ന അടിയന്തരയോഗത്തിലാണ് പദവികൾ ദിലീപിനെ തിരിച്ചേൽപ്പിച്ചത്.

കൊച്ചിയിൽ ചേർന്ന അടിയന്തരയോഗമാണ് ദിലീപിനെ വീണ്ടും തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞൈടുത്തത്. കൊച്ചിയിൽ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവിൽ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരും. വാർത്താസമ്മേളനത്തിൽ ആന്റണി പെരുമ്പാവൂരും സെക്രട്ടറി ബേബിയുമാണ് യോഗ തീരുമാനങ്ങൾ അറിയിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ദിലീപ് മുൻകൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്. എന്നാൽ, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂർ പ്രസിഡന്റാവുകയായിരുന്നു.

സംഘടനയിലെ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി ദിലീപ് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചുവെന്ന് ആന്റണി പെരുമ്പാവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിനെക്കുറിച്ച് ഇപ്പോഴുള്ളത് കേട്ടുകേൾവി മാത്രമാണ്. ദിലീപ് തിരിച്ചുവന്നാൽ സ്ഥാനം തിരിച്ചുനൽകുമെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. സംഘടന രൂപവത്കരിക്കാൻ മുൻകൈയെടുത്ത രണ്ടു പേരിൽ ഒരാളാണ് ദിലീപ്. കോടതിയുടെയും പൊലീസിന്റെയും കാര്യങ്ങൾക്ക് അനുസരിച്ചല്ല അന്ന് നടപടി കൈക്കൊണ്ടത്. സംഘടനയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദിലീപിന് കഴിയില്ലെന്ന് കണ്ടാണ് അന്ന് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. തിരിച്ചുവന്നപ്പോൾ സ്ഥാനം തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, സബ് ജയിലിൽ സന്ദർശിച്ചപ്പോൾ ഇക്കാര്യമൊന്നും സംസാരിച്ചിരുന്നില്ല-ആന്റണി പറഞ്ഞു.

നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് ദിലീപിനെ ഈ സ്ഥാനത്തു നിന്ന് മുമ്പ് നീക്കിയത്. സംഘടനാ നേതൃത്വത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടി എടുത്തതെന്നാണ് ്വിശദീകരണം. ആ സാഹചര്യം ഇപ്പോൾ മാറിയിരിക്കുന്നു. ദിലീപ് പുറത്തിറങ്ങിയിരിക്കുന്നു. കേസിന്റെ സ്ഥിതിയാകട്ടെ അനിശ്ചിതാവസ്ഥയിലും. ഇതനുസരിച്ച് ഇപ്പോൾ പ്രസിഡന്റു പദവിയിലുള്ള ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിഞ്ഞു. പകരം ദിലീപ് തന്നെ കയറി.

മലയാള സിനിമയെ പിടിച്ചുലച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തെ തുടർന്ന് ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയറ്റർ ഉടമകളുടെ സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള. സംസ്ഥാനത്തെ ഏറ്റവും ശക്തമായ തിയറ്റർ ഉടമകളുടെ സംഘടയായി ഇതുമാറിയത് ദിലീപിന്റെ തന്ത്രങ്ങളിലൂടെയാണ്. താരങ്ങളെയും അതുവഴി മലയാള സിനിമാ നിർമ്മാണ രംഗത്തെയും കൈയിലൊതുക്കുകയാണ് മലയാളത്തിലെ കൊച്ചിരാജാവ്. നടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തനിക്ക് എതിരേ നിന്ന് താരങ്ങൾക്ക് ദിലീപിന്റെ സ്ഥാനാരോഹണം വൻ വെല്ലുവിളിയും ഭീഷണിയുമാകും.

ഇനി മഞ്ജു വാര്യരുടെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഏതൊക്ക തീയറ്ററിൽ റിലീസ് ചെയ്യണമെന്ന കാര്യം ദിലീപ് തന്നെ തീരുമാനിക്കും. താൻ ജയിലിൽ ആയിരുന്ന വേളയിൽ തനിക്കെതിരെ പറഞ്ഞവരെ കുറിച്ചൊക്കെ താരത്തിന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രതികാര നടപടിയിലേക്ക് അദ്ദേഹം നീങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. ദിലീപിന്റെ പുറത്തിറങ്ങലിനെ സ്വാഗതം ചെയ്താണ് ലിബർട്ടി ബഷീറും രംഗത്തെത്തിയത്. ഇപ്പോൾ ദിലീപിന്റെ സമയം െതളിഞ്ഞിരിക്കുകയാണ്. പടം സൂപ്പർഹിറ്റാകുന്നു, ജാമ്യം ലഭിക്കുന്നു. സമയത്തിൽ വിശ്വസിക്കുന്നയാളാണ് ദിലീപ്. സാഹചര്യം മാറിയെന്ന് വേണം പറയാൻ എന്നായിരുന്നു ലിബർട്ടിയുടെ പ്രതികരണം.

ദിലീപ് പുറത്തിറങ്ങിയതോടെ താരസംഘടനയായ അമ്മയും നിലപാട് തിരുത്തിയേക്കും. അടുത്തു തന്നെ താരത്തിന് അമ്മയിലേക്ക് തിരികെ പ്രവേശിക്കാൻ അവസരം ഒരുങ്ങും. തീരുമാനത്തെ എതിർത്തിരുന്ന പൃഥ്വിരാജിനും ആസിഫലിക്കും രമ്യാ നമ്പീശനുമൊന്നും ഇനി പിന്തുണ ലഭിചച്ചേക്കില്ല. മോഹൻലാലും മമ്മൂട്ടിയും താരത്തിന് അനുകൂലമായി നിൽക്കുമെന്ന കാര്യം ഉറപ്പാണ്.

ദിലീപിന്റെ തിരിച്ചുവരവ് മലയാള സിനിമക്ക് പുതുജീവൻ പകരുമെന്നാണ് പ്രതീക്ഷ. ദിലീപ് ജയിലിലായതോടെ 50 കോടി രൂപയുടെ പ്രോജക്ടുകളാണ് അവതാളത്തിലായത്. കമ്മാരസംഭവം, പ്രൊഫ. ഡിങ്കൻ എന്നീ സിനിമകളാണ് മുടങ്ങിയത്. ദിലീപ് ജയിലിലാകുന്നതിന് മുമ്പ് രാമലീല എന്ന ചിത്രം പൂർത്തിയായിരുന്നു. രാമലീലയ്ക്ക് മുൻപുള്ള ദിലീപിന്റെ ബിഗ് ബജറ്റ് പ്രോജക്ടുകളാണ് കമ്മാരസംഭവവും പ്രൊഫ. ഡിങ്കനും. ക്യാമറാമാൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫ. ഡിങ്കൻ, രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം. ഇവയെല്ലാം വീണ്ടും സജീവമാകുന്നതോടെ ദിലീപ് ക്യാമ്പ് സിനിമയിൽ വീണ്ടും പിടിമുറുക്കും.