തൃശൂർ: സാമ്പത്തിക പരാധീനതമൂലം അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ ദുരവസ്ഥ ഇനിയും ആർക്കും ഉണ്ടാകരുതെന്ന നിർബന്ധത്തിലാണ് നടൻ ദിലീപ് ഐവിഷൻ എന്ന കണ്ണാശുപത്രി സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടുത്തിടെ നടത്തിയ സൗജന്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് ദിലീപ് പോയകാലത്തെ ദുഃഖാനുഭവങ്ങൾ പങ്കുവച്ചത്.

അമ്മയുടെ കണ്ണിൽ അടുക്കളയിലെ ജോലിക്കിടെ ഒരിറ്റ് പൊടിവീണു. ഭേദമാകുമെന്ന് കരുതി ഒന്നുരണ്ട് ദിവസം കൊണ്ടുനടന്നുവെങ്കിലും ശമനമായില്ല. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി അമ്മ. ദിവസങ്ങൾ പിന്നിട്ടതോടെ രോഗം മൂർച്ഛിച്ചു.

അവസാനം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കണ്ഠമിടറി വാക്കുൾ കിട്ടാതെ നിറകണ്ണുകളോടെ പ്രിയതാരം ദിലീപ് ഇത്രയും പറഞ്ഞൊപ്പിച്ചപ്പോൾ വേദിയിലും സദസിലും ഉണ്ടായിരുന്നവരും ഈറനണിഞ്ഞു.

മിമിക്രികാലം കഴിഞ്ഞ് സിനിമാ രംഗത്തെത്തി. സാമ്പത്തികം മെച്ചപ്പെട്ടു. അപ്പോഴും മനസിൽനിന്നും ആ വേദന മാറിയില്ല. കാഴ്ചശേഷിയില്ലാത്തവരെ കാണുമ്പോൾ അമ്മയുടെ മുഖമാണ് തെളിഞ്ഞുവരിക. അങ്ങനെയാണ് ഐ വിഷൻ കണ്ണാശുപത്രിക്ക് തുടക്കമായത്.

കൃഷ്ണമണി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർക്കാർ അനുമതി ലഭിച്ച ഐ വിഷൻ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറ് പേർക്കാണ് സൗജന്യമായി കൃഷ്ണമണി മാറ്റിവയ്ച്ച് നൽകുന്നത്. പ്രതിവർഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവ് വരും. തുടർ ചികിത്സക്കും അവസരം ഒരുക്കും.