കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നലെ ഗൂഡാലചന തുടക്കം മുതൽ തന്നെ ഏവരും സംശയിച്ചതാണ്. ഇതിനിടെയിൽ കാക്കാനാട്ട് ജയിലിൽ പൾസർ സുനി നടത്തിയ വെളിപ്പെടുത്തലുകൾ മറുനാടൻ തിരിച്ചറിഞ്ഞു. ഇത് ദിലീപിനെതിരെയാണെന്നും മനസ്സിലാക്കിയായിരുന്നു വാർത്ത നൽകൽ. പിന്നീട് മറ്റ് മാധ്യമങ്ങളും ദിലീപിനെതിരെ തെളിവുമായെത്തി. ഒടുവിൽ നടൻ അഴിക്കുള്ളിലായി. ഒരു കാരണവശാലും ജയിലിലാകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച നടനെ തെളിവുകളുടെ പിൻബലത്തിലാണ് പൊലീസ് പിടികൂടിയത്. ഇക്കാര്യം തെളിവ് സഹിതം ആദ്യ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസ് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. വിധി ന്യായത്തിലും ഹൈക്കോടതി ജസ്റ്റീസ് സുനിൽ തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടി.

ഇതിന് ശേഷം രാംകുമാറെന്ന അഭിഭാഷകനെ ദിലീപ് മാറ്റി. രാമൻപിള്ളയെത്തി. റിവ്യൂ ഹർജിയായി ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയിൽ നൽകി. ഇതും ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ഇവിടെ പുതിയ വാദങ്ങളാണ് ദിലീപ് ഉയർത്തുന്നത്. പ്രധാന ആരോപണം മറുനാടൻ മലയാളിയ്‌ക്കെതിരെയാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ പറഞ്ഞത്. പൾസർ സുനി ജയിലിൽ നിന്ന് എഴുതിയെന്ന് പറയുന്ന കത്ത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രമ്യാ നമ്പീശൻ ഉൾപ്പടെ ഈ കേസിലെ സാക്ഷികളെല്ലാം ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണെന്നും ദിലീപ് പറയുന്നു. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്കിയിരുന്നു. എന്നാൽ ഇതേക്കുറിച്ച് പോലസ് അന്വേഷിച്ചിട്ടില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്നു പോലും പൊലീസ് ചോദിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു.

ഇത് മറ്റാരെയോ രക്ഷിക്കാനാണ്. അല്ലെങ്കിൽ പൾസർ സുനി കള്ളം പറഞ്ഞതാണ്. ഒന്നരക്കോടി നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നതായി പൾസർ സുനി പറയുന്നു. ഈ കേസിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ പണം കൊടുത്ത് കേസ് ഒതുക്കാൻ ശ്രമിക്കില്ലേയെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ഉയർത്തിയ വാദം. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. എല്ലാ മാധ്യമങ്ങളും ചാനലുകളും കെട്ടിച്ചമച്ച വ്യാജ വാർത്തകൾ തനിക്കെതിരെ നല്കുകയാണ്. മറുനാടൻ മലയാളി വ്യാജ വാർത്തകളാണ് നൽകുന്നത്. മറുനാടനെതിരെ ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് അവർക്ക് കൂടുതൽ വൈരാഗ്യം ഉണ്ടാക്കാൻ കാരണമെന്നും ഹൈക്കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. മനോരമ ഓൺലൈനിന്റെ അഭിമുഖത്തിലാണ് ദിലീപ് മറുനാടനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചത്. അതാണ് ഹൈക്കോടതിയിലും പരാമർശ വിധേയമാക്കുന്നത്.

മാധ്യമങ്ങളെ കുറ്റം പറഞ്ഞ് കേസിൽ നിന്ന് രക്ഷനേടാനുള്ള തന്ത്രമാണ് ദിലീപ് നടത്തുന്നത്. പൊലീസിൽ നിന്നും ലഭിച്ചതല്ലാതെ ദിലീപിനെതിരെ ഒരു വാർത്തയും മറുനാടൻ നൽകിയിട്ടില്ല. മറുനാടൻ ഉയർത്തിയ വാർത്തകൾ മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കാക്കനാട് ജയിലിലെ പൾസർ സുനിയുടെ മൊഴി ആദ്യം പുറത്തുകൊണ്ടു വന്നത് മറുനാടനാണ്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെയാണ് ദിലീപിനെതിരെ അന്വേഷണം നടക്കുന്നതെന്ന് പോലും പുറംലോകം അറിഞ്ഞത്. ഈ സത്യത്തെയാണ് കോടതിയെ തെറ്റിധരിപ്പിക്കാൻ ദിലീപ് ഉപയോഗിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന് മറുനാടൻ പറഞ്ഞിട്ടില്ല. എന്നാൽ ദിലീപിനെതിരെ നടക്കുന്ന അന്വേഷണത്തിൽ ലഭിച്ച വിശദാംശങ്ങൾ പുറംലോകത്ത് എത്തിക്കുകയും ചെയ്തു. കേസ് ഡയറി പരിശോധിച്ച് ആദ്യ ജാമ്യഹർജിയിൽ കോടതി തന്നെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഹീനമായ കുറ്റകൃത്യമാണ് നടി ആക്രമിക്കപ്പെട്ട ദിവസം നടന്നതെന്ന് ഹൈക്കോടതി പോലും നിരീക്ഷിച്ചിരുന്നു. അത്യന്തം ക്രൂരമായ കുറ്റകൃത്യം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പ്രോസിക്യൂഷന്റെ വാദപ്രകാരം, അന്വേഷണസംഘം കണ്ടെത്തിയ തെളിവുകൾ ദിലീപിനു കുറ്റകൃത്യവുമായുള്ള ബന്ധം സൂചിപ്പിക്കാൻ പര്യാപ്തമാണ്. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം ദിലീപിനുണ്ടായിരുന്നെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. ദിലീപും പൾസർ സുനിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതു മാത്രമാണ് മറുനാടൻ റിപ്പോർട്ടിലും ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ ജാമ്യം നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായി വേണം മറുനാടനെതിരായ ആരോപണങ്ങളെ കാണാൻ. പൾസർ സുനിയുമായി ബന്ധമില്ലെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്. സുനിക്ക് പണത്തിന്റെ ആവശ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതിനായാണ് ഒന്നരക്കോടി രൂപയുടെ കഥ പറയുന്നതെന്ന വാദവും ഉയർത്തുന്നു. 9 മൊബൈൽ ഫോണുകളും 11 സിം കാർഡുകളും പൊലീസെടുത്തുവെന്നും പറയുന്നു. സംഭവത്തിന് ശേഷം പോയിടത്തെല്ലാം സുനി മൊബൈൽ ഉപേക്ഷിച്ചു.ചെറുപ്രായത്തിൽ മുതൽ പൾസർ സുനി പ്രതിയാണെന്ന് ദിലീപ് കോടതിയെ ബോധിപ്പിച്ചു.തന്റെ ശത്രുക്കളായ ലിബർട്ടി ബഷീറോ, പരസ്യ സംവിധായകൻ ശ്രീകുമാറോ ആയിരിക്കും തനിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ. അവർ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷേ അതിന് കഴിവുള്ളവരാണ് അവരെന്നും ദിലീപ് പറയുന്നു. ജാമ്യ ഹർജിയിലും ശ്രീകുമാറിനും ലിബർട്ടി ബഷീറിനും മഞ്ജു വാര്യർക്കുമെതിരെ ദിലീപ് പരാമർശം ഉന്നയിച്ചിരുന്നു. അത് വാദത്തിനിടെ വീണ്ടും കോടതിയിൽ ആവർത്തിക്കുന്നു. സിനിമയിലെ വിതരണക്കാരുടെ പുതിയ സംഘടന രൂപീകരിച്ചതാണ് ലിബർട്ടി ബഷീറിനുള്ള വൈരാഗ്യത്തിന് കാരണമെന്നും ദിലീപ് പറയുന്നു.

താൻ കൈയേറ്റക്കാരനാണെന്ന് വരുത്തി തീർക്കാൻ സോഷ്യൽ മീഡിയ ശ്രമിച്ചു. ഇതിന് പൊലീസും കൂട്ടുനിന്നു. കഷ്ടപ്പെട്ട് താൻ സമ്പാദിച്ച വസ്തുവകകളിലെല്ലാം പൊലീസ് ആരോപണം ഉന്നയിച്ചു. കള്ളനും കൈയേറ്റക്കാരനുമായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും ദിലീപ് ഹൈക്കോടതിയിൽ പറയുന്നു. ജൂലൈ 24ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. കേസിൽ നിരപരാധിയാണെന്നും കുറ്റകൃത്യവും താനുമായുള്ള ബന്ധം തെളിയിക്കുന്ന യാതൊരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിലൂടെ ദിലീപ് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

കേസിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർക്കും. ജൂലൈ 24-ാം തീയതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രോസിക്യൂഷന് ഇന്നും പ്രതീക്ഷ നൽകുന്നുണ്ട്. പഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ജൂലൈ 24 ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്. ഒരു യുവതിയോടുള്ള പ്രതികാരം തീർക്കാൻ പ്രതികളെ കൊണ്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് അതിക്രൂരവും ഗുരുതരവുമായ ഗൂഢാലോചനയാണ്. വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് കോടതി ഇക്കാര്യങ്ങൾ വിലയിരുത്തും. അപൂർവമായ കുറ്റകൃത്യമാണിത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുന്നതു വരെ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ദിലീപിന് ജാമ്യം ലഭ്യമാകാനുള്ള എല്ലാ പഴുതുകളും അടച്ചുതന്നെയാണ് പ്രോസിക്യൂഷൻ നീക്കം.