ആലുവ: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി അടുത്ത മാസം എട്ടുവരെ നീട്ടി. കോടതിയിൽ നേരിട്ട് ഹാജരാക്കാൻ സുരക്ഷാപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വീഡിയോ കോൺഫ്രൻസിങ് വഴിയുള്ള നടപടികൾക്ക് കോടതി കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു നടപടികൾ. ഒപ്ടിക്കൽ ഫൈബർ സംവിധാനം ജയിലിൽ ഇല്ലാത്തതിനാൽ ലാപ്‌ടോപ് വഴി സ്‌കൈപ്പ് സംവിധാനം ഉപയോഗിച്ചായിരുന്നു കോടതി നടപടികൾ നടന്നത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇല്ല എന്നാണ് ദിലീപ് മറുപടി നൽകിയത്.

ഇന്നലെ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് അത്യന്തം നിരാശനാണ് നടനെന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ പ്രാർത്ഥനകളും സങ്കീർത്തന വായനയും നടത്തി പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞ ദിലീപ് ജാമ്യം നിഷേധിച്ച വിവരം ജയിൽ അധികൃതർ നേരിട്ട് ബോധിപ്പിച്ചതോടെ കണ്ണീരൊഴുക്കിയാണ് തിരികെ സെല്ലിലേക്ക് പോയത്. അടുത്തൊന്നും ജാമ്യം ലഭിക്കില്ലെന്നും കുറച്ചുകാലംകൂടി ജയിൽവാസം തുടരേണ്ടിവരുമെന്നും വ്യക്തമായതോടെ ആകെ വിഷമത്തിലായ നടൻ പിന്നീട് മറ്റുള്ളവരോട് സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല.

പൊലീസ് കസ്റ്റഡിയിലിരിക്കെ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനോട് ഒന്നും പ്രതികരിക്കാതെയും പകരം തമാശകൾ പറഞ്ഞും മറ്റുമാണ് ദിലീപ് പ്രതികരിച്ചത്. അപ്പോഴെല്ലാം തനിക്ക് തീർച്ചയായും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു നടന്. ഇത്തരത്തിൽ പെരുമാറ്റം തുടർന്നതോടെ ചില അവസരങ്ങളിൽ തമാശയെല്ലാം സിനിമയിൽ മതി ഇവിടെ വേണ്ടെന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പറയേണ്ടിവന്നുവെന്നിരുന്നു. അപ്പോഴെല്ലാം കേസിൽ നിന്ന് എളുപ്പം രക്ഷപ്പെടുമെന്ന പ്രതീക്ഷിയിലായിരുന്ന നടന് ഇന്നലെ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത് വലിയ തിരിച്ചടിയായി.

ഇതിനിടെ ഇന്നലെ ജാമ്യം നിഷേധിച്ചാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ നടനുവേണ്ടി തരംഗം സൃഷ്ടിക്കാൻ ഫാൻസുകാരും അണിയറ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ വിവരം ലഭിച്ചതോടെ ഇന്റലിജന്റ്‌സ് വൃത്തങ്ങൾ വിവരം അറിയിക്കുകയും ദിലീപിനെ കോടതിയിൽ ഹാജരാക്കാതെ വീഡിയോ കോൺഫ്രൻസിങ് വഴി റിമാൻഡ് അപേക്ഷയിൽ വാദം നടത്താൻ അനുവദിക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് കോടതി അനുവദിച്ചതോടെയാണ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറക്കാതെ തന്നെ ദിലീപിന്റെ റിമാൻഡ് അപേക്ഷയിൽ വാദം നടന്നത്.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. മാത്രമല്ല, ഇത്തരത്തിൽ പീഡനത്തിന് ക്വട്ടേഷൻ നൽകുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ പ്രശ്‌നം സൃഷ്ടിക്കനും ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാനും ഫാൻസ് അസോസിയേഷൻ ശ്രമിച്ചുവെന്ന കാര്യവും ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. തമിഴ്‌നാട്ടിൽ താരാരാധന മൂത്ത് ജനം തടിച്ചുകൂടുന്നതിന് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കാനും വലിയ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കാനുമാണ് നീക്കം നടന്നതെന്നാണ് സൂചനകൾ.