- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യമെല്ലാം കോടതിയിൽ വച്ച് ഒരിക്കൽ കണ്ടതല്ലേയെന്നും എന്തിനാണ് ഇപ്പോൾ ചോദിക്കുന്നതെന്നും കോടതി; ഉണ്ടായത് കൂട്ടമാനഭംഗമെന്നും നീലച്ചിത്രം പകർത്തലെന്നും പ്രൊസിക്യൂഷൻ; അവർ ചിത്രീകരിച്ച ദൃശ്യങ്ങൾ അവർതന്നെ ചോദിക്കുന്നത് വിചിത്രം; ദൃശ്യങ്ങൾ കൈമാറിയാൽ ഇര ആജീവനാന്തം ഭീതിയിലാകുമെന്നും മാധ്യമങ്ങളിൽ ചർച്ചയാക്കാനാണ് ദിലീപ് ഇത് ചോദിക്കുന്നതെന്നും വാദം; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദൃശ്യം ചോദിച്ചുള്ള നടന്റെ ഹർജിയിൽ വാദങ്ങൾ ഇങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പീഡന ദൃശ്യങ്ങൾ വേണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിലെത്തിയ നടൻ ദിലീപിനോട് ദൃശ്യങ്ങൾ എന്തിനെന്ന ചോദ്യവുമായി കോടതി. ദൃശ്യങ്ങൾ ഒരിക്കൽ കണ്ടതല്ലേ എന്നും കോടതിയിൽ വച്ച് പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങൾ നടന് കൈമാറിയാൽ അത് പുറത്ത് പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ എന്തിനെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം, കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായത് കൂട്ട മാനഭംഗമാണെന്ന് പ്രൊസിക്യൂഷനും വാദിച്ചു. അതേസമയം, ദൃശ്യങ്ങൾ കിട്ടണമെന്ന ആവശ്യത്തിൽ വാദത്തിനിടെയാണ് പ്രൊസിക്യൂഷൻ നടിക്കെതിരെ കൂട്ടമാനഭംഗമാണ് നടന്നതെന്ന വാദം ഉന്നയിച്ചത്. പ്രതികൾ ചെയ്തത് നീലച്ചിത്രം പകർത്തലാണ്. പ്രതികൾതന്നെ പകർത്തിയ ഈ ദൃശ്യങ്ങൾ പ്രതിഭാഗം ആവശ്യപ്പെടുന്നത് വിചിത്രമാണ്. കൂട്ടമാനഭംഗമാണ് നടന്നത്. ദൃശ്യങ്ങളില്ലാതേയും കേസ് തെളിയിക്കാം. ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ നൽകിയാൽ ദുരുപയോഗം ചെയ്യും. ഇര ആജീവനാന്തം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പീഡന ദൃശ്യങ്ങൾ വേണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിലെത്തിയ നടൻ ദിലീപിനോട് ദൃശ്യങ്ങൾ എന്തിനെന്ന ചോദ്യവുമായി കോടതി. ദൃശ്യങ്ങൾ ഒരിക്കൽ കണ്ടതല്ലേ എന്നും കോടതിയിൽ വച്ച് പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങൾ നടന് കൈമാറിയാൽ അത് പുറത്ത് പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ എന്തിനെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം, കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായത് കൂട്ട മാനഭംഗമാണെന്ന് പ്രൊസിക്യൂഷനും വാദിച്ചു.
അതേസമയം, ദൃശ്യങ്ങൾ കിട്ടണമെന്ന ആവശ്യത്തിൽ വാദത്തിനിടെയാണ് പ്രൊസിക്യൂഷൻ നടിക്കെതിരെ കൂട്ടമാനഭംഗമാണ് നടന്നതെന്ന വാദം ഉന്നയിച്ചത്. പ്രതികൾ ചെയ്തത് നീലച്ചിത്രം പകർത്തലാണ്. പ്രതികൾതന്നെ പകർത്തിയ ഈ ദൃശ്യങ്ങൾ പ്രതിഭാഗം ആവശ്യപ്പെടുന്നത് വിചിത്രമാണ്. കൂട്ടമാനഭംഗമാണ് നടന്നത്. ദൃശ്യങ്ങളില്ലാതേയും കേസ് തെളിയിക്കാം. ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ നൽകിയാൽ ദുരുപയോഗം ചെയ്യും. ഇര ആജീവനാന്തം ഭീതിയിലാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം. രേഖകളും ദൃശ്യങ്ങളുമെല്ലാം പ്രതിഭാഗം പരിശോധിച്ചുകഴിഞ്ഞതാണ്. മാധ്യമങ്ങളിൽ ചർച്ചയാക്കാനാണ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത്. - പ്രതിക്ക് ഒരു കാരണവശാലും ദൃശ്യങ്ങൾ കൈമാറരുതെന്ന് പറഞ്ഞ് പ്രൊസിക്യൂഷൻ വാദിച്ചു. എന്നാൽ ഇരയെപ്പോലെ തന്നെ പ്രതിക്കും അവകാശങ്ങളില്ലേ എന്ന് പ്രൊസിക്യൂഷൻ വാദത്തിന് ഇടപെട്ട് കോടതി ആരാഞ്ഞു.
ദൃശ്യങ്ങളിൽ പൊലീസ് കൃത്രിമം കാണിച്ചുവെന്ന വാദമുയർത്തിയാണ് ദിലീപിന്റെ അഭിഭാഷകർ നടി ആക്രമിക്കപ്പെട്ട ദൃശ്യത്തിനായി ആവശ്യമുന്നയിച്ചത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരമൊരു ആവശ്യം ദിലീപിന് വേണ്ടി അഭിഭാഷകർ ഉന്നയിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഓരോതവണയും ഇതിന് കോടതികൾ അനുമതി നൽകിയിരുന്നില്ല. അങ്കമാലി കോടതിയിൽ വച്ച് ഈ ദൃശ്യങ്ങൾ ദിലീപിന് പരിശോധനയ്ക്കായി നൽകിയിരുന്നു. ഈ ദൃശ്യങ്ങളിൽ ഉള്ള സ്ത്രീശബ്ദം നടിയുടേത് തന്നെയാണോ എന്ന് തിരിച്ചറിയണമെന്നും അതിനായാണ് ദൃശ്യങ്ങൾക്കായി ആവശ്യം ഉ്ന്നയിക്കുന്നതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ച്. ഈ ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്നും എഡിറ്റിങ് നടന്നിട്ടുണ്ടെന്നും സംശയിക്കുന്നു. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. വീഡിയോയിലെ പുരുഷ-സ്ത്രീ ശബ്ദങ്ങൾ തമ്മിൽ തീവ്രതാ വ്യത്യമാസമുണ്ട്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ദൃശ്യങ്ങൾ കയ്യിൽ കിട്ടണമെന്നാണ് ദിലീപിന്റെ അഭിഭാഷകർ വാദിച്ചത്.
എന്നാൽ അങ്കമാലി കോടതിയിൽവച്ച് ദൃശ്യങ്ങൾ ദിലീപിന് വേണ്ടി പരിശോധിച്ചിരുന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ ദൃശ്യങ്ങൾ എന്തിനാണെന്ന് കോടതിയുടെ ചോദ്യമുയർന്നതോടെയാണ് തീവ്രതാ വ്യത്യാസമെന്ന വാദം ദിലീപിന്റെ അഭിഭാഷകർ ഉന്നയിച്ചത്. അതേസമയം, ദൃശ്യം പ്രതിക്ക് നൽകിയാൽ അത് ദുരുപയോഗം ചെയ്‌തേക്കുമെന്ന ഉറച്ച നിലപാടാണ് പ്രൊസിക്യൂഷനും പൊലീസും സ്വീകരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതെന്ന വാദം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ ദിലീപ് വിചാരണനേരിടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദൃശ്യങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ പിന്നീട് വാദംകേൾക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ അടുത്തിടെ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകുകയും അതിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നും ദിലീപ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഈ ആവശ്യം തള്ളി. ഈ ഹർജിയുടെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. ദൃശ്യങ്ങൾക്ക് പുറമേ പ്രോസിക്യൂഷൻ സമർപ്പിച്ച മറ്റു തെളിവുകളും രേഖകളും തനിക്ക് ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇവ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നൽകാതെ വിചാരണ ആരംഭിക്കരുതെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഇത് തള്ളിയ കോടതി 14ന് തന്നെ വിചാരണ തുടങ്ങാൻ അനുമതി നൽകുകയും ദിലീപിന്റെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റുകയുമായിരുന്നു.
നേരത്തേ, ദൃശ്യങ്ങൾക്കായി ദിലീപ് അങ്കമാലി കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, പ്രതിക്ക് ദൃശ്യങ്ങൾ നൽകിയാൽ നടിയെ വീണ്ടും അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ കൈമാറില്ലെന്ന ഉറച്ച നിലപാടാണ് പ്രൊസിക്യൂഷൻ സ്വീകരിച്ചത്.
വിചാരണ തുടങ്ങുന്നത് സംഭവം നടന്ന് ഒരുവർഷം പിന്നിട്ട ശേഷം
2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷൻ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്.
തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ചു ബ്ലാക്‌മെയിൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതി നൽകി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ജൂൺ 28ന് ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു. കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ.
പ്രതികൾക്കെതിരെ കൂട്ടമാനഭംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചിട്ടുണ്ട്.
കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ ശാസ്ത്രീയ തെളിവുകളിലൂടെ ദിലീപിനെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിൽ സാക്ഷികളെല്ലാം പ്രോസിക്യൂഷൻ നിലപാടിന് ഒപ്പം ഉറച്ചു നിൽക്കുകയാണ്.

