കൊച്ചി: മലയാളത്തിലെ യുവനടിയെ ആക്രമിച്ച വാർത്ത കേട്ട് 'ഞെട്ടിപ്പോയിരുന്നു' ദിലീപ്. 'എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത കുട്ടിയാണ്. ഇത് സിനിമയിൽ സംഭവിച്ചു എന്നതിലപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് വിഷമിപ്പിക്കുന്ന വാസ്തവം. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് നല്ലരീതിയിൽ തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും ചലച്ചിത്ര കൂട്ടായ്മയുടെ പിന്തുണ നടിക്കുണ്ടെന്നും ദിലീപ് പറഞ്ഞുവച്ചു.

സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിൽ കൊച്ചി ദർബാർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ ഇത്തരത്തിൽ പ്രതികരിച്ച സൂപ്പർസ്റ്റാർ ആണ് നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കുന്നതെന്ന് തീർച്ചയാവുകയും ഇപ്പോൾ അറസ്റ്റിലാവുകയും ചെയ്തതോടെ ഞെട്ടിപ്പോകുകയാണ് സിനിമാലോകവും കേരളവും.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെ സിനിമാ ലോകത്തും കേരളത്തിലും വൻ പ്രതിഷേധമാണ് ഉയർന്നത്. ഒരു നടിക്കു പോലും കേരളക്കരയിൽ സുരക്ഷിതമായി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്ന നിലയിൽവരെ വിമർശനം ഉയർന്നു. സംഭവത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയ താരസംഘടനയായ അമ്മയുടെ യോഗത്തിലാണ് ദിലീപ് ഇത്തരത്തിൽ പ്രസംഗിച്ചത്. ഇപ്പോൾ ദിലീപ് തന്നെ കേസിൽ പ്രതിയാവുമ്പോൾ അമ്പരന്നു നിൽക്കുകയാണ് ദിലീപിന്റെ ആരാധകരുൾപ്പെടെയുള്ള സമൂഹം.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ 2017 ഫെബ്രുവരി 19നാണ് കൊച്ചിയിലെ ദർബാർ ഹാളിലെ ഗ്രൗണ്ടിൽ പ്രതിഷേധ കൂട്ടായ്മ നടക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും മഞ്ജുവാര്യരും ദിലീപുമടക്കമുള്ള താരങ്ങൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. ഇതിൽ ദിലീപ് സംസാരിച്ചത് ഇപ്രകാരമായിരുന്നു. 'ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത വ്യക്തി. വാർത്തകൾ വളച്ചൊടിക്കരുത്' എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ഇതിനുശേഷം അന്വേഷണം ഏറെ പുരോഗമിക്കുകയും നടിയെ ആക്രമിച്ചതിലെ മുഖ്യപ്രതി പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് നടിമാരുടെ സംഘടന യോഗം ചേരുകയും കൂട്ടായ്മ രൂപീകരിക്കുകയും മഞ്ജുവാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച് ഗൂഢാലോചനയിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത്.

ഇതിന് പിന്നാലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൾസർ സുനിയുടെ കത്തിനെ തുടർന്ന് സജീവമായി. ദിലീപിലേക്ക് അന്വേഷണം വ്യക്തമായ തെളിവുകളോടെ എത്തി. ഇപ്പോൾ അന്നത്തെ യോഗത്തിൽ നടിക്കുവേണ്ടി വാദിച്ച ദിലീപ് ഇപ്പോൾ അറസ്റ്റിലായി. അന്ന് ദിലീപ് അമ്മ യോഗത്തിൽ സംസാരിച്ചത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ദിലീപിന്റെ അന്നത്തെ പ്രതികരണം കാണാം: