- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് വെളിപ്പെടുത്തലിലുള്ളതെന്നും ദൃശ്യങ്ങൾ ദിലീപിന് കിട്ടിയെന്ന വിവരമെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ; വിചാരണ കോടതിക്ക് ഇത് അംഗീകരിക്കേണ്ടി വരും; ഫലത്തിൽ സംഭവിക്കുക ജഡ്ജി മാറ്റം; ദിലീപിനെ വീണ്ടും അറസ്റ്റു ചെയ്യാനും ശ്രമിച്ചേക്കും; ആ കേസ് വീണ്ടും പ്രധാന വാർത്തയാകും
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ രാജി സന്നദ്ധത അറിയിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എത്തുമ്പോൾ വീണ്ടും ട്വിസ്റ്റ്. ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിലെത്തിയാണ് അഡ്വ. വി.എൻ. അനിൽകുമാർ രാജി സന്നദ്ധത അറിയിച്ചത്. കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനിരിക്കെയാണ് ഈ നീക്കങ്ങൾ. കേസിലെ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശനും നേരത്തെ രാജിവച്ചിരുന്നു. ഫലത്തിൽ ഈ കേസ് ഇനിയും നീളും. ഫലത്തിൽ ജഡ്ജിയും മാറും.
ഈ കേസിൽ വാദം കേൾക്കുന്നത് എറണാകുളം സ്‌പെഷ്യൽ അഡീ. സെഷൻസ് കോടതിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്ജി ഹണി എം വർഗ്ഗീസിനും അംഗീകരിക്കേണ്ടി വരും. ഫലത്തിൽ വിചാരണ നിൽക്കും. അതിവേഗ വിചാരണ വേണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കോവിഡ് പശ്ചാത്തലത്തിൽ വിചാരണയ്ക്കുള്ള കാലാവധി നീട്ടി കൊടുത്തതുമാണ്. അതുകൊണ്ടു തന്നെ പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതിയെ അടക്കം അറിയിച്ചാകും തീരുമാനം എടുക്കുക.
ഒരേ കോടതിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടികയിൽ നേരത്തെ തന്നെ ഹണി എം.വർഗീസിന്റെ പേരുണ്ട്. മികച്ച ട്രാക്ക് റിക്കോർഡുള്ള ഹണിക്കു കേസിന്റെ വിചാരണക്കാലം മുഴുവൻ ഈ കോടതിയിൽ തുടരാനാകുമോ എന്നതു മുമ്പ് തന്നെ സംശയത്തിലായിരുന്നു. എന്നാൽ ഹൈക്കോടതി ഹണി എം വർഗ്ഗീസിനെ വിചാരണയ്ക്കായി നിലനിർത്തി. ആക്രമിക്കപ്പെട്ട നടിയുടെ വികാരം കൂടി പരിഗണിച്ചായിരുന്നു അത്. എന്നാൽ വിചാരണ നിൽക്കുമ്പോൾ ജഡ്ജിക്ക് സ്ഥലം മാറ്റവും പ്രെമോഷനും എല്ലാം കൊടുക്കേണ്ട സാഹചര്യമുണ്ട്. ഫലത്തിൽ ജഡ്ജിക്ക് മാറ്റം വരും.
വിചാരണ കോടതിയിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന പ്രോസിക്യൂഷൻ പരാതി നേരത്തെ വലിയ ചർച്ചയായിരുന്നു. കേസിന്റെ തുടക്കത്തിൽ ജഡ്ജി ഹണി വർഗ്ഗീസിനോട് ദിലീപ് ക്യാമ്പിനും താൽപ്പര്യമില്ലായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ പല വിധ ആരോപണങ്ങൾ ഉന്നയിച്ചു. ജഡ്ജി മാറി കിട്ടണമെന്ന പ്രോസിക്യൂഷന്റെ താൽപ്പര്യം പല വിധത്തിൽ ചർച്ചയായി. പ്രോസിക്യൂട്ടർ എഡ്വ എ സുരേശന്റെ പിന്മാറ്റവും ഈ പ്രശ്‌നങ്ങളുടെ തുടർച്ചയാണ്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സുരേശന്റെ രാജി. 2020 നവംബറിലാണ് സുരേശൻ രാജിവച്ചത്. 2021 ജനുവരിയിലാണ് സർക്കാർ അനിൽകുമാറിനെ നിയമിച്ചത്. നടിയെ ആക്രമിച്ച കേസിൽ നേരത്തെ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുൾപ്പെടെയുള്ള പ്രോസിക്യൂഷൻ ആവശ്യങ്ങൾ കോടതി നിരസിച്ചിരുന്നു.നടൻ ദിലീപിനെതിരേ സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവച്ച് കേസിൽ തുടരന്വേഷണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ബുധനാഴ്ച ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടറുടെ രാജി സന്നദ്ധതയെന്നാണ് കരുതുന്നത്.
കേസിന്റെ വിചാരണ നടക്കുന്നത് എറണാകുളം സ്‌പെഷ്യൽ അഡീ. സെഷൻസ് കോടതിയിലാണ്. ബുധനാഴ്ചയാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. ഒന്നാംപ്രതി പൾസർ സുനിയും സംഘവും പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടതായും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പറഞ്ഞു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും അതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതുകണക്കിലെടുത്ത് തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കി പൊലീസും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് വെളിപ്പെടുത്തലിലുള്ളതെന്നും ദൃശ്യങ്ങൾ ദിലീപിന് കിട്ടിയെന്ന വിവരമെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഇരുന്നൂറിലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. പുനരന്വേഷണ ആവശ്യം കോടതി അംഗീകരിച്ചാൽ ഈ കാലവധിയിൽ വിചാരണ നടക്കില്ല. ഇതിനൊപ്പം ദിലീപിനെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിനും പ്രോസിക്യൂഷൻ ശ്രമിക്കും.
പുതിയ വെളിപ്പെടുത്തലിൽ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട അനിവാര്യതയുണ്ട്. ഇതിനൊപ്പം ദിലീപിന്റെ അനുജനും സഹോദരിയും സഹോദരി ഭർത്താവുമെല്ലാം പ്രതികളാകാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ