ന്യൂജേഴ്‌സി: ദിലീപും കാവ്യാ മാധവനും വിവാഹതരായ അന്നുമുതൽ വിവാദങ്ങളാണ്. പല തരത്തിൽ ഗോസിപ്പുകളെത്തി. കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ കഥകൾ പലവഴിക്കായി. ദിലീപും കാവ്യയും തമ്മിൽ തെറ്റിയെന്നും വീട് മാറി താമസം തുടങ്ങിയെന്നും വരെ വാർത്തകളെത്തി. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കും വിധം പൊതു വേദിയിൽ കാവ്യാ മാധവൻ എത്തുകയാണ്. ഇനി താൻ കലാരംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് നടി സൂചന നൽകുന്നത്.

വിവാഹശേഷം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു കാവ്യ മാധവൻ. ഫേസ്‌ബുക്കിൽ സജീവമായിരുന്ന കാവ്യയെ പിന്നീട് അതിലും കാണാതായി.എന്നാലിപ്പോൾ ഇടവേളയ്ക്കു ശേഷം കാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കാവ്യ. ദിലീപ് ഷോ 2017 ന്റെ പ്രൊമോ വിഡിയോയിലൂടെയാണ് കാവ്യ തിരിച്ചെത്തിയിരിക്കുന്നത്. പരിപാടിയിൽ വീണ്ടും താൻ ചിലങ്കയണിയുന്ന വിശേഷങ്ങൾ പങ്കുവച്ചാണ് കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇതോടെ ദിലീപിന്റെ അമേരിക്കൻ ഷോയുടെ ജനപ്രിയതയും കൂടി. മഞ്ജു വാര്യരെ ഉപേക്ഷിച്ച് കാവ്യയെ കെട്ടാനുള്ള തീരുമാനത്തോടെ ദിലീപിന്റെ ജനപ്രയിതയ്ക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ അമേരിക്കൻ ഷോ ഈ വാദമെല്ലാം അപ്രസക്തമാവുകയാണ്.

അമേരിക്കയിൽ ഷോയുമായി ബന്ധപ്പെട്ട പത്രസമ്മേളനങ്ങളിൽ കാവ്യയും ദിലീപും ഒരുമിച്ചു പങ്കെടുത്തു. അടിപൊളി ലുക്കിലെത്തിയ കാവ്യയ്ക്ക് എവിടേയും ആരാധകരയുടെ വൻവരവേൽപ്പാണ് ലഭിച്ചത്. ദിലീപ് ഷോ ബഹിഷ്‌കരിക്കാനുള്ള ചിലരുടെ ആഹ്വാനമൊനനും എങ്ങും കാണുന്നില്ല. ആവേശത്തോടെയാണ് ദിലീപിനേയും കാവ്യയേയും ഏവരും സ്വീകരിച്ചിരിക്കുന്നത്. കാവ്യയുടെ കലാ രംഗത്ത് സജീവമാകാനുള്ള നീക്കങ്ങൾക്ക് ദിലീപ് എല്ലാ പിന്തുണയും നൽകുമെന്ന സൂചനയാണ് അമേരിക്കയിൽ നിന്നും ലഭിക്കുന്നത്.

നേരത്തെ മഞ്ജുവിനെ വിവാഹ ശേഷം കലാവേദികളിൽ നിന്ന് അകറ്റി നിർത്തിയത് ദിലീപാണെന്ന സൂചനകളുണ്ടായിരുന്നു. ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മഞ്ജു നൃത്തത്തിലും സിനിമയിലും സജീവമായത്. കാവ്യയേയും ദിലീപ് എല്ലാത്തിൽ നിന്നും അകറ്റി നിർത്തുമെന്നും വാദമെത്തി. ഇത് പൊളിക്കുന്ന തരത്തിലാണ് സ്റ്റാർ ഷോയുടെ അമേരിക്കൻ പരിപാടി. കാവ്യ തന്നെയാകും പരിപാടിയിലെ പ്രധാന ആകർഷണം. അമേരിക്കയിലെത്തിയ കലാസംഘത്തിൽ അംഗമായ കാവ്യയെ കാണാനും സെൽഫിയെടുക്കാനും ആരാധകരുടെ തിരിക്കുമുണ്ട്. ദിലീപിന്റെ പരിപാടി ബഹിഷ്‌കരിക്കുമെന്ന അമേരിക്കൻ മലയാളികളുടെ പ്രഖ്യാപനമെല്ലാം പൊളിയുകയും ചെയ്്തു.

മെയ് 28 ന് ന്യൂ ജേഴ്‌സിയിൽ ഫെലീഷ്യൻ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞതായി സംഘാടകർക്ക് വേണ്ടി ജെയിംസ് പി ജോർജ് അറിയിച്ചു. അമേരിക്കയിലെ ഈ വർഷത്തെ ഏറ്റവും വലിയ താരനിശയുടെ ന്യൂ ജേഴ്‌സിയിലെ സംഘാടകരായ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ, കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ അടക്കമുള്ള വിവിധ പദ്ധതികൾക്കായുള്ള ധനശേഖരണാർത്ഥം നടത്തപ്പെടുന്ന സ്റ്റേജ് ഷോയിലേക്കു എല്ലാ ന്യൂ ജേഴ്‌സി നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ജെയിംസ് പി ജോർജ് പറഞ്ഞു. വലിയ പ്രതികരണമാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത്. വിവാദങ്ങൾ പരിപാടിയുടെ ശോഭ കെടുത്തുമോ എന്ന ആശങ്ക സംഘാടകർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അപ്രസക്തമാകുന്നത്.

ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടി... പണവും ജോലിത്തിരക്കും മത്രമല്ല ജീവിതം, സമയരഥത്തിന്റെ വിസ്മയവേഗമല്ല ജീവിതം. ചിരിക്കാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, ആനന്ദിക്കുവാനുള്ള കഴിവ്, മറ്റെല്ലാ കഴിവുകളെപ്പോലെ മനുഷ്യനു ദൈവം തന്നു അനുഗ്രഹിച്ചിട്ടുണ്ട്. നാം മറന്നു പോയ ചുണ്ടിലെ ചിരിയെ വീണ്ടെക്കുവാൻ ഇതാ ഒരു അസുലഭവേള... ദിലീപ് ഷോ... നാദിർഷയും, ധർമ്മജനും, പിഷാരടിയും ഒക്കെ ഉണ്ട്-സംഘാകർ പരിപാടിയെ അവതരിപ്പിക്കുന്നത് ഈ വാചകങ്ങളിലൂടെയാണ്. നാദിർഷായാണ് പരിപാടിയുടെ സംവിധായകൻ.

സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിർഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കൻ മലയാളികൾ കാത്തിരിക്കുകയാണെന്നതാണ് വസ്തുത. ടെക്‌സസ്സ് മുതൽ ഫിലഡൽഫിയാ വരെ കലാസ്വാദകർ നിറയുന്ന പതിനാറ് വേദികളുമായി ദീലീപും സംഘവും കലാപ്രകടനങ്ങൾ നടത്തും. പതിനാറ് വേദികളിൽ സ്പോൺസർ ചെയ്തിരിക്കുന്ന സ്‌പോണ്‌സർമാരെല്ലാം ഒരേ സ്വരത്തിൽ ഷോ നൂറു ശതമാനം വിജയമാണെന്ന് പ്രഖ്യാപിക്കുന്നു. ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ്, കാവ്യാമാധവൻ, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ മെഗാഷോയെ വരവേൽക്കുവാൻ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹം തയ്യാറെടുത്തു കഴിഞ്ഞു.

കട്ടപ്പനയിലെ റിഥ്വിക് റോഷൻ, അമർ അക്‌ബർ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിഷ്ണുവും ബിപിനും രമേഷ് പിഷാരടിയും ചേർന്നാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു ഷോയിൽ എല്ലാ ഇനങ്ങളും ഏറ്റവും പുതുമ ഉള്ളതായിരിക്കും.