കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലേക്ക് ഇനി ദിലീപ് എത്തില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. തൽകാലം താര സംഘടനയുടെ യോഗത്തിനൊന്നും ചെല്ലേണ്ടതില്ലെന്നാണ് ദിലീപിന്റെ തീരുമാനം. അതിനിടെ ദിലീപിന്റെ പുറത്താക്കൽ മരവിപ്പിക്കാൻ ഒരു വിഭാഗം താര സംഘടനയ്ക്കുള്ളിൽ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇനി ദിലീപ് അമ്മയിലേക്കില്ലെന്ന സൂചന നൽകി ദിലീപ് ഓൺലൈനിൽ പോസ്റ്റുമെത്തി. രാമലീലയുടെ വിജയവുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് താരസംഘടനയോടുള്ള ദിലീപിന്റെ നിലപാട് വിശദീകരിക്കുന്നത് ആണ്. മലയാള സിനിമയിൽ ആരു തകർക്കാത്ത റിക്കോർഡ് ദിലീപിട്ടെന്ന് പറഞ്ഞാണ് അമ്മയെ ഫാൻസുകാർ കളിയാക്കുന്നത്.

മലയാള സിനിമയിൽ ആരും തകർക്കാൻ സാധ്യതയില്ലാത്ത റെക്കോർഡ് ദിലീപേട്ടന് സ്വന്തം. താരസംഘടനയായ അമ്മയുടെ അംഗം അല്ലാത്ത ഒരു നടൻ ആദ്യമായി ഒരു ചിത്രം 25 കോടി കളക്ഷൻ നേടി മുന്നേറുന്നു. സംഘടനകൾ അല്ല പ്രേക്ഷകർ ആണ് മലയാള സിനിമയുടെ നട്ടെല്ലു എന്ന് അടിവരയിട്ടു ജനപ്രിയ നായകൻ ദിലീപേട്ടന്റെ രാമലീല ഹൗസ്ഫുൾ ഷോകളുമായി ജൈത്രയാത്ര തുടരുന്നു-ഇതാണ് ദിലീപ് ഓൺലൈനിൽ വന്ന പോസ്റ്റ്. ഇനി ദിലീപ് അമ്മയിലേക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്. സിനിമയിലെ ആരുടേയും സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ ദിലീപിനാകുമെന്ന് പറയുന്നത് കൂടിയാണ് ഈ പോസ്റ്റ്.

നടിയെ ആക്രമിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപ് അദ്യം അഭിനയിക്കുന്നത് കമ്മാര സംഭവത്തിലാണ്. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പുനരാരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്. ഈ സെറ്റിൽ ഉടൻ ദിലീപെത്തുമെന്ന് സൂചനയുണ്ട്. ശബരിമല ദർശനത്തിന് ശേഷം ഷൂട്ടിങ് സെറ്റിൽ സജീവമാകാനാണ് ദിലീപിന്റെ പദ്ധതിയെന്നും സൂചനയുണ്ട്. മുരളിഗോപിയാണ് കമ്മാരസംഭവത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയാണ്. മലയാറ്റൂരിൽ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ദിലീപിന്റെ അറസ്റ്റുണ്ടായത്. ഇതോടെ ഈ സിനിമ പ്രതിസന്ധിയിലായി.

ദിലീപ് പുറത്തിറങ്ങുകയും രാമലീല വിജയവുമായതോടെ എത്രയും വേഗം കമ്മാരസംഭവം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. കളക്ഷനിലും അഭിപ്രായത്തിലും 2017ലെ ഏറ്റവും വലിയ വിജയത്തിലേക്ക് രാമനുണ്ണി കുതിക്കുന്നുവെന്നാണ് സിനിമാ ലോകത്തിന്റേയും വിലയിരുത്തൽ. സിനിമയിലെ പ്രതിസന്ധി തീർന്നുവെന്നും വിലയിരുത്തുന്നു. ദിലീപിന്റെ താരമൂല്യം അറസ്റ്റോടെ ഉയർന്നെന്ന കണക്കു കൂട്ടലിലാണ് കമ്മാരസംഭവത്തിന്റേയും അണിയറക്കാർ. തീയേറ്ററുകളെങ്ങും രാമനുണ്ണിയുടെ രാജ ഭരണം എന്നാണ് ദിലീപ് ഫാൻസുകാരുടെ പ്രചരണം. കമ്മാരസംഭവത്തിന് ശേഷം ദിലീപ് പ്രൊഫസർ ഡിങ്കനിലും അഭിനയിക്കാനെത്തും.

അമ്മയിൽ നിന്ന് പൃഥ്വിരാജിന് വേണ്ടിയാണെന്ന് ദിലീപിനെ മമ്മൂട്ടി പുറത്താക്കിയതെന്ന പരസ്യ വിമർശനം ഗണേശ് കുമാർ ഉയർത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ഈ ഘട്ടത്തിൽ താര സംഘടനയിൽ ഭിന്നത സജീവമാണ്. ദിലീപ് അനുകൂലികളും മറു വിഭാഗവും തമ്മിലെ എതിർപ്പ് ശക്തമായി തുടരുന്നു. ഇത് സംഘടനയുടെ പിളർപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സംഘടനയിൽ നിന്ന് സ്വയം മാറി നിൽക്കാനാണ് ദിലീപിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയാൽ മാത്രമേ ദിലീപ് ഇനി താരസംഘടനയുടെ യോഗത്തിനെത്തൂ. ഇതിനൊപ്പം തന്റെ പേരിൽ പോര് വേണ്ടെന്ന് തനിക്കായി വാദിക്കുന്നവരേയും ദിലീപ് അറിയിച്ചിട്ടുണ്ട്. കോടതി നടപടികളെ പോലും സ്വാധീനിക്കുന്ന തരത്തിൽ ചർച്ചകൾ കൊണ്ടു പോകരുതെന്നാണ് ദിലീപിന്റെ ആവശ്യം.

ദിലീപ് യോഗത്തിനെത്താത്ത സാഹചര്യത്തിൽ ആ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കില്ല. മോഹൻലാൽ മധ്യസ്ഥന്റെ റോൾ വഹിക്കും. ഇരു വിഭാഗവുമായി ലാൽ ആശയ വിനിമയം നടത്തുന്നുണ്ട്. ശ്രീകുമാർ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹൻലാൽ ഇപ്പോൾ. ഈ ചിത്രത്തിന്റെ ക്ലൈമാക്സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുനേയും മറ്റും ലാൽ അനുനയിപ്പിച്ചെന്നും അമ്മയ്ക്കെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് പോര് നടത്തില്ലെന്നുമാണ് സൂചന. പൃഥ്വിയുമായും മോഹൻലാൽ സംസാരിക്കും. ഇവരെയെല്ലാം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാകും അമ്മയുടെ യോഗം ചേരുക. എന്നാൽ ഇത്തരം ചർച്ചകൾക്കൊന്നും തനിക്ക് താൽപ്പര്യമില്ലെന്ന് മോഹൻലാലിനേയും ദിലീപ് അറിയിച്ചിട്ടുണ്ട്. തിയേറ്റർ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം പോലും ദിലീപ് വേണ്ടെന്ന് വച്ചത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. കേസിൽ നിന്ന് കുറ്റവിമുക്തനായാൽ മാത്രമേ ദിലീപ് ഇനി അമ്മയിലേക്ക് തിരികെയെത്തൂ.

ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയിൽ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗണേശ് കുമാർ. ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമർശിച്ചത്. 'ദിലീപിന് അമ്മയിൽ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാൻ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാൽ, അമ്മയുടെ നിയമങ്ങൾ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തിൽനിന്നു സസ്‌പെൻഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങൾക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാൻ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവിൽ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.'ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കിൽ അമ്മയിൽ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു. മാധ്യമങ്ങൾ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേശ് കുമാർ വിശദീകരിച്ചിരുന്നു. ഇത് മമ്മൂട്ടിക്കെതിരായ പ്രസ്താവനയായി വിലയിരുത്തപ്പെട്ടു. ഇത് ശരിയായില്ലെന്ന് ഗണേശിനെ സിനിമയിലെ പലരും അറിയിച്ചിട്ടുണ്ട്. ദിലീപ് വിഷയം കൂടുതലായി ചർച്ചയാക്കാതെ പ്രശ്ന പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം. സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പിന് മോഹൻലാൽ രംഗത്തിറങ്ങിയത്. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹൻലാലിനുണ്ട്. പൃഥ്വി രാജുമായി അടുപ്പമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് യുവതാരങ്ങളെ വിശ്വാസത്തിലെടുത്തൊരു ഫോർമുലയ്ക്കാണ് മോഹൻലാൽ തയ്യാറെടുക്കുന്നത്.

ഇതിനിടെയാണ് അമ്മയിലെ അംഗങ്ങളെ കളിയാക്കും വിധം ദിലീപ് ഫാൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തുന്നത്. ആരുടേയും പിന്തുണയില്ലാതെ മലയാള സിനിമയിൽ ഒറ്റയ്ക്ക് നിൽക്കാൻ തന്നെയാണ് ദിലീപിന്റെ തീരുമാനമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.