രിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ ദിലീപ് വർഗീസ് എന്ന മലയാളി ബിസിനസ് ടൈക്കൂണിനെ സംബന്ധിച്ചിടത്തേളം അന്വർത്ഥമാവുന്നു. 1977ൽ മനസിൽ നിറച്ചിട്ട ബിസിനസ് മോഹങ്ങളുമായി സിവിൽ എഞ്ചിനിയറിങ് ബിരുദത്തിന്റെ ബലത്തിൽ അമേരിക്കയിൽ എത്തിയ ദിലീപ് വർഗീസ് ശരിയായിടത്തു തന്നെ ചുവടു വയ്ക്കുകയും അവിടെ ചുവടുറപ്പിച്ച് ക്രമാനുഗതമായ വളർച്ചയിലൂടെ ഗംഭീര വിജയം വെട്ടിപ്പിടിക്കുകയുമായിരുന്നു. ന്യുജേഴ്സിയിലും ന്യൂയോർക്കിലുമായി നൂറുമില്യനിൽപരം ഗവൺമെന്റ് കോൺട്രാക്ട് ജോലികൾ... അർപണ ബോധത്തോടെ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ പിന്തുണയോടുകൂടി പബ്ളിക് കോൺട്രാക്ടർമാരുടെ മുൻനിരയിലേക്ക് കുതിക്കുന്ന വൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ... മിലിട്ടറി മേഖലയിൽ ആയിരത്തിൽപരം പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കി, അമേരിക്കൻ ഡിഫൻസ് ഡിപ്പാർട്ട് മെന്റിന്റെ വിശ്വസ്ഥനായി മാറിയ കോൺട്രാക്ടർ... കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം പൂർത്തീകരിച്ചത് നൂറ് മില്യനിൽ പരം ഡോളറിന്റെ പ്രോജക്ടുകൾ... കർമഭൂമിയിലെ മുൻ നിര കോൺട്രാക്ടർമാരിൽ ഒരാളാകുവാൻ ദിലീപ് വർഗീസ് എന്ന തൃശ്ശൂർ സ്വദേശിയെ സഹായിച്ച ഒരുപാട് ഘടകങ്ങളിൽ ചിലതാണിത്.

അമേരിക്കൻ ഇന്ത്യക്കാരുടെ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ 'ഡി ആൻഡ് കെ കൺസ്ട്രക്ഷൻ കമ്പനി' സാരഥിയായ ദീലീപ് വർഗീസിന് തന്റെ വ്യവസായ നേട്ടങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും അംഗീകാരമായി പ്രശസ്തമായ പ്രവാസി ചാനലിന്റെ 'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ' അവാർഡ് (നാമി) ലഭിക്കുകയുണ്ടായി. പ്രവാസി ബിസിനസുകാരിൽ പ്രഥമ സ്ഥാനീയനായ എം.എ യൂസഫലിയാണ് ദിലീപ് വർഗീസിന് അവാർഡ് സമ്മാനിച്ചത്. ദിലീപ് വർഗീസിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ശുഭാപ്തി വിശ്വാസവും സർവോപരി ആസൂത്രണ മികവും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തെ മികച്ച സംരംഭകനാക്കുന്നതും അസൂയാവഹമായ വിജയങ്ങൾ വാരിക്കൂട്ടാൻ പ്രാപ്തനാക്കുന്നതും. അദ്ദേഹത്തിന്റെ ജീവിതം പഠനാർഹമാണ്, ജീവിതത്തിൽ വിജയം കൊയ്യാൻ വെമ്പുന്നവർക്ക് നേരിന്റെ മാതൃകയുമാണ്.

പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരിക്കെ പി.എസ്‌പി സ്റ്റേറ്റ് പ്രസിഡന്റായിരുന്നു ദിലീപ് വർഗീസിന്റെ പിതാവ് ബി.സി.വർഗീസ്. ചാലക്കുടിയിൽ നിന്ന് രണ്ടു വട്ടം നിയമസഭയിലേക്കു മത്സരിച്ചെങ്കിലും, എതിരാളി സാക്ഷാൽ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു വിജയം. ഇംഗ്ലീഷിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കൽ സയൻസിലും ജേർണലിസത്തിലും ഡിപ്ലോമയും നേടിയ ശേഷം ബി.സി.വർഗീസ് മദ്രാസ് ലയോള കോളേജിൽ അദ്ധ്യാപകനായി. പിന്നെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി തന്റെ ഭൂസ്വത്തുക്കൾ പലതും വിറ്റഴിക്കേണ്ടിവന്നു. പിന്നീട് പട്ടം താണുപിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പി.എസ്‌പി വിട്ടു. അമ്മ ജീവിച്ചിരുപ്പുണ്ട്. ഒൻപതു മക്കളാണ്. അഞ്ചാണും നാലു പെണ്ണും. മൂന്നു പേർ അമേരിക്കയിലുണ്ട്.

തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം എടുത്ത ശേഷം പൊതുജനാരോഗ്യ വകുപ്പിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ദിലീപ് അമേരിക്കയിൽ എത്തുന്നത്. സ്വന്തം ബിസിനസ്സ് കരുപ്പിടിപ്പിക്കണമെന്ന കടുത്ത ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ദിലീപിനുണ്ടായിരുന്നു. മുടക്കു മുതൽ സംഘടിപ്പിക്കുന്നതിനായി പല ജോലികൾ ചെയ്തു. നിരവധി കോണ്ട്രാക്ടർമാരുടെ കൂടെ പ്രവർത്തിച്ചു. ഇതിനിടെ ന്യുവാർക്ക് നഗരസഭയിൽ ഉദ്യോഗസ്ഥനായ ഐസക്ക് ജോൺ (തമ്പി) സിറ്റിയുടെ മൈനോറിറ്റിക്കുള്ള പോഗ്രാം അറിയിച്ചു. ന്യൂനപക്ഷങ്ങളിൽ പെട്ടവർക്ക് ഉപയോഗിക്കാൻ ഓഫീസ് സൗകര്യവും മറ്റും. അതിനു പുറമെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരു ഭാഗം മൈനോറിറ്റിയിൽ നിന്നുള്ളവർക്കായി നീക്കി വച്ചിരിക്കുന്നു. ന്യൂനപക്ഷം എന്നു ഉദ്ദേശിച്ചത് കറുത്തവരെ ആണെങ്കിലും അത് ഉപകരിച്ചത് ഇന്ത്യാക്കാർക്കും മറ്റുമാണ്. ദീലീപ് വർഗീസ് ഈ അവസരം സമര്ഡത്ഥമായി ഉപയോഗപ്പെടുത്തി.

അങ്ങനെ അര ലക്ഷം ഡോളറുമായി ഡി ആൻഡ് കെ. കൺസ്ട്രക്ഷൻസ് 1979ൽ ശുഭാരംഭം കുറിച്ചു. തുടക്കം ചെറിയ തോതിലായിരുന്നു. ആദ്യഘട്ടത്തിൽ വിഷമതകളുണ്ടായിരുന്നെങ്കിലും നിശ്ചയ ദാർഢ്യവും സ്വന്തം ബിസിനസ് കരുപ്പിടിപ്പിക്കണമെന്ന അഭിവാഞ്ചയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും കരുത്തായി. സബ്കോൺട്രാക്ടർ എന്ന നിലയിൽ ചെറിയ ജോലികളാണ് ആദ്യം ഏറ്റെടുത്തത്. ഇതിൽ നിന്നും ആർജിച്ച വിശ്വാസ്യത കൂടുതൽ വലിയ ജോലികൾ ഏറ്റെടുക്കാൻ ദിലീപിന് അവസരമൊരുക്കി. കരാർ പണികൾ ഏറ്റെടുക്കുമ്പോൾ ജോലിയുടെ വലുപ്പം അനുസരിച്ചുള്ള തുകയ്ക്ക് ബോണ്ടിങ് ഗ്രാന്റ് നൽകേണ്ട സ്ഥാപനങ്ങളുടെ സഹകരണം നേടാൻ ദിലീപ് ശ്രദ്ധിച്ചു.1979ൽ രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോൾ നൂറു മില്യന്റെ ബോണ്ടിങ് ഉള്ള ഒരു കമ്പനിയായി മാറി. തുടക്ക സമയത്ത് കമ്പനി ഏറ്റെടുത്തിരിക്കുന്ന ജോലികളിൽ 99 ശതമാനവും യു.എസ് ആർമിക്കുവേണ്ടിയായിരുന്നു. അമേരിക്കൻ രാജ്യരക്ഷാവകുപ്പിനും ഫെഡറൽ ഏജൻസീസിനും വേണ്ടി നിരവധി ബ്രഹത്തായ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു.

പിന്നീട് ദിലീപ് വർഗീസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കൺസ്ട്രക്ഷൻ സ്ഥാപനമായി ഡി ആൻഡ് കെ മാറി. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഈ കമ്പനിയുടെ തണലിൽ നിരവധിപേർ സ്വന്തമായി കൺസ്ട്രക്ഷൻ ബിസിനസ്സിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ തങ്ങൾക്കും പാരയാവുമെന്നു കണ്ട് പല ബിസിനസ്സുകാരും മുളയിലെ നുള്ളിക്കളയാൻ നോക്കുമ്പോൾ ദിലീപ് അവരെയൊക്കെ പരമാവധി സഹായിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സ്പോർട്മാൻ സ്പിരിറ്റോടെ വേണ്ട ഉപദേശങ്ങൾ നൽകുവാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സ്വന്തം കമ്പനിക്ക് ഇത്തരം കമ്പനികൾ ഭാവിയിൽ ഒരു ഭീഷണിയായി മാറുമെന്നുള്ള ചിന്തയൊന്നും ദിലീപിനെ അലട്ടുന്നില്ല.

സാങ്കേതിക നൈപുണ്യം, മാനേജ്മെന്റ് വൈദഗ്ധ്യം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങൾ ദിലീപിന്റെ വിജയം നിർണയിച്ചു. ഉയർന്ന ഗുണമേന്മയോടെ നിശ്ചിത സമയത്തിനുള്ളിൽ ഏറ്റെടുത്ത ജോലി പൂർത്തിയാക്കുക എന്നതാണ് ദിലീപിന്റെ മുദ്രാവാക്യം. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ജീവനക്കാനുടെ പിൻബലത്തോടെ ഒരേ സമയം നിരവധി പ്രൊജക്ടുകളും അസഖ്യം സബ്കോൺട്രാക്ടർ മാരേയും കൈകാര്യം ചെയ്യാൻ കഴിവുള്ള കമ്പനി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിലിട്ടറി ആസ്ഥാനങ്ങളിലും മറ്റും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും നേരിടാതെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രത്യേക വൈദ്ഗ്ധ്യം പ്രകടമാക്കുന്നു. ഗുണമേന്മയോ സമയ പരിധിയോ കൃത്യമായി പാലിക്കാത്തതുകൊണ്ട് പണം നഷ്ടമായ ഒറ്റ സംഭവംപോലും 30 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല. ക്ലൈന്റുകളുടെ നീരസത്തിനും ഇടവരുത്തിയിട്ടില്ല.

നിർമ്മാണ മേഖലയിലെ ന്യൂനപക്ഷ സംവരണം ബിസിനസ് കരുപിടിപ്പിക്കാൻ തുടക്കത്തിൽ സഹായകരമായെങ്കിലും പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ സംവരണം റദ്ദാക്കിയപ്പോൾ അതൊരു പ്രഹരമായിരുന്നു. ഈ തിരിച്ചടി അതിജീവിക്കാനാവാതെ നിർമ്മാണ രംഗത്ത് ഉണ്ടായിരുന്ന മിക്ക കമ്പനികളും തഴുതിട്ടപ്പോൾ ഡി ആൻഡ് കെ കൺസ്ട്രക്ഷൻ കമ്പനിക്ക് തുണയായത് ദിലീപിന്റെ ദീർഘവീക്ഷണവും ആസൂത്രണ പാടവവുമാണ്. ന്യൂനപക്ഷങ്ങൾക്കുവേണ്ടിയള്ള ഓഫീസ് ആസ്ഥാനമാക്കി 10 വർഷം പ്രവർത്തിച്ച ശേഷമാണ് ദിലീപ് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. ക്രമാനുഗതമായ വളർച്ചയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കുറഞ്ഞത് രണ്ട് മൂന്ന് വർഷത്തെ എങ്കിലും പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന ശൈലിയാണ് ദിലീപിന്റെത്. ബോണ്ടിങ് കമ്പനികൾ അവരുടെ പണം ദീർഘ കാലത്തേക്ക് കുടുങ്ങിപ്പോകുമെന്ന കാരണം പറഞ്ഞ് ആവുന്നത്ര നിരുത്സാഹപ്പെടുത്തിയെങ്കിലും ദീർഘകാല ആസൂത്രണത്തിൽ ദിലീപ് ഉറച്ചുനിന്നു. ചുമതലകൾ ഏൽപ്പിച്ചു കൊടുക്കാനും അധികാര വികേന്ദ്രീകരണത്തിനും ശ്രദ്ധിക്കുന്ന ദിലീപ് അതുവഴി ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈകൊള്ളാനും ഉയർന്ന ഉൽപ്പാദനക്ഷമത ഉറപ്പുവരുത്താനും അടിയന്തിര ഘട്ടങ്ങളിൽ വേഗതയോടും കാര്യക്ഷമതയോടും കൂടെ പ്രവർത്തിക്കാനുമുള്ള ശേഷി പ്രകടമാക്കുന്നു.

പതിനഞ്ച് മില്യൺ ഡോളർ മുടക്കി അമേരിക്കൻ ഡിഫൻസിനു വേണ്ടി പികറ്റിനി മിലിട്ടറി സേഡിൽ ദിലീപ് നിർമ്മിച്ച സോഫ്റ്റ് വെയർ സമുച്ചയം യുദ്ധഭൂമിയിൽ അമേരിക്കയെ സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് രാജ്യത്തിന് സമർപ്പിക്കാൻ ക്ഷണിക്കപ്പെട്ട മൂന്നു പേരിൽ ഒരാൾ ദിലീപാണെന്നുള്ളത് മിലിട്ടറിക്ക് അദ്ദേഹത്തോടുള്ള വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. 30 മില്യൺ ഡോളർ മുടക്കി ഈസ്റ്റ് റേഞ്ചിൽ പണികഴിപ്പിച്ച പുതിയ സ്‌കൂൾ ന്യൂ ജേഴ്സിയിലെ സ്‌കൂളുകളുടെ ഗണത്തിൽ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധനേടിയതാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 100ൽ പരം സ്‌കൂൾ പ്രൊജക്ടുകളാണ് ദിലീപിന്റെ കമ്പനി ന്യൂ ജേഴ്സി സ്‌കൂൾ ഡവലപ്മെന്റ് അഥോറിറ്റിക്കു വേണ്ടി പൂർത്തീകരിച്ചത്. സ്വകാര്യ മേഖലയിൽ ദിലീപിന്റെ ഉടമസ്ഥതയിൽ പണികഴിപ്പിച്ച 'സീദെർ ഹിൽ' എന്ന പ്രൈവറ്റ് സ്‌കൂൾ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയിലേക്കുയർന്നത്. വിദ്യാഭ്യാസ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ നന്ദിനി മേനോന്റെ പങ്കാളിത്തത്തോടെയാണ് സ്‌കൂൾ സ്ഥാപിച്ചത്. ദിലീപിന്റെ പത്നി കുഞ്ഞുമോൾ 'ഓക്സ്ഡന്റൽ കൺസ്ട്രക്ഷൻ' എന്ന കമ്പനിയുടെ ചുമതല വഹിക്കുന്നു. ന്യൂയോർക്കിലെ പ്രമുഖ ഗവണ്മെന്റ് ഏജൻസികളുടെ വർക്കുകൾ കഴിഞ്ഞ 12 വർഷമായി കമ്പനി ഏറ്റെടുത്ത് നടത്തുന്നു. എഞ്ചിനിയറായ ഏകമകൻ അജിത് വർഗ്ഗീസ് 'ഫണ്ടമെന്റൽ കൺസ്ട്രക്ഷൻസ്' എന്ന കമ്പനിയുടെ പേരിൽ സ്വന്തമായി വർക്കുകൾ ചെയ്ത് പിതാവിന്റെ പാത പിന്തുടരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകൾ മുന്നിൽകണ്ട് സ്ഥാപിച്ചതാണ് 'ക്രോസ് റോഡ്സ് സർവീസസ്'.

ജീവകാരുണ്യ പ്രവർത്തന രംഗത്തും ദിലീപ് വർഗീസ് തന്റെ സഹജീവി സ്നേഹ സാന്നധ്യമറിയിച്ചിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ തമിഴ്‌നാട്ടിൽ ആരംഭിച്ച 'ശാന്തി ഭവൻ സ്‌കൂൾ ' എന്ന സ്ഥാപനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അനാഥരുമായ മന്നൂറിൽ പരം കുട്ടികളെ എടുത്തു വളർത്തി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി വരുന്നു.1995ൽ ആരഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 336 കുട്ടികൾ പഠിക്കുന്നു. പ്രവർത്തന രംഗത്തെ മേന്മയും സമൂഹത്തിന് നൽകിയ സംഭാവനയും മാനദണ്ഡമാക്കി ന്യൂയോർക്ക് സ്റ്റേറ്റിന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് 1996ൽ ലഭിച്ച ദിലീപിനെ വിവിധ ഇന്ത്യൻ സംഘടനകളും ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. പ്രശസ്തമായ 'ഇന്ത്യ എബ്രോഡ്' പത്രം നടത്തിയ സർവേ പ്രകാരം പല വർഷങ്ങളിൽ ഡി ആൻഡ് കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് അമേരിക്കയിൽ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിൽ പ്രഥമസ്ഥാനം എന്നു കണ്ടെത്തി. ദിലീപിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ന്യൂയോർക്കിൽ ആരഭിച്ച കേരള സെന്റർ വിവിധ മലയാളി സംഘടനകളുടെ കേന്ദ്ര ഓഫീസായി പ്രവർത്തിക്കുന്നു. പത്‌നി കുഞ്ഞുമോളും കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. അക്കൗണ്ട്‌സ് വിഭാഗം അവരുടെ മേൽനോട്ടത്തിലാണ്. നേരത്തെ മെഡിക്കൽ ടെക്‌നോളജി രംഗത്ത് ജോലി നോക്കിയിരുന്ന കുഞ്ഞുമോൾ ദിലീപിന്റെ സംരംഭം വളർന്ന് വികസിച്ചപ്പോൾ മാനേജ്‌മെന്റ് കാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാനായിട്ടാണ് സ്വന്തം കമ്പനിയിൽ എത്തുന്നത്.

കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപൂർവമായ ആസൂത്രണത്തോടു കൂടിയ അധ്വാനമാണ് ദിലീപിന്റെ വിജയത്തിന്റെ കാതൽ. സമയത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ദിലീപിന്റെ നിഷ്ഠ തികച്ചും പ്രശംസനീയമാണ്. നേർവഴിയിലൂടെയുള്ള പ്രവർത്തനവും ചെയ്യുന്ന കാര്യത്തിലെ തികഞ്ഞ ആത്മാർത്ഥതയും സുസ്ഥിര വിജയപഥത്തിലേയ്ക്കുള്ള ചവിട്ടുപടികളായി.