കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനയിൽ പങ്കാളിയായതായി സംശയിക്കുന്ന 'വിഐപി' ക്കും അക്രമിക്കപ്പെട്ട നടിയോടു വ്യക്തിവിരോധമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇതു സ്ഥിരീകരിക്കാൻ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾ വിദേശത്തും ഗൂഢാലോചന നടത്തിയിട്ടുണ്ട്. 2018 സെപ്റ്റംബർ 20 മുതലും 2019 ഫെബ്രുവരി 13 മുതലും ഒരാഴ്ച വീതം എട്ടാം പ്രതി ദിലീപ് നടത്തിയ ഖത്തർ യാത്രകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. ദിലീപിന്റെ ഈ കേസിലെ മുൻകൂർ ജാമ്യ ഹർജിയെ ക്രൈംബ്രാഞ്ച് ശക്തമായി എതിർക്കും. ആരാണ് വിപിഐ എന്നതും കോടതിയെ അറിയിക്കാനാണ് സാധ്യത.

കേസ് വിചാരണ ആരംഭിച്ച ശേഷം ദിലീപുമായി അടുപ്പമുള്ള ഒരു വ്യവസായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. രണ്ടു തവണയും കേസിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവു നേടിയാണു ദിലീപ് ഖത്തർ യാത്ര നടത്തിയത്. ഈ സമയം ഖത്തറിലുള്ള മലയാളി വ്യവസായിയെ ദിലീപ് പലതവണ സന്ദർശിച്ചിരുന്നു.

പ്രധാനപ്പെട്ട സാക്ഷികളുടെ കൂറുമാറ്റവുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. ദിലീപിനു ജാമ്യം ലഭിച്ച ഉടൻ 'വിഐപി' പരിവേഷമുള്ള ഒരു വ്യവസായി ദിലീപിന്റെ വീടു സന്ദർശിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളിലുണ്ട്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് 2017 നവംബർ 15നു വ്യവസായി ദിലീപിന്റെ വീട്ടിലെത്തി കൈമാറിയെന്നാണു വിലയിരുത്തൽ.

കൃത്യം നടന്ന 2017 ഫെബ്രുവരി 17 നു മുഖ്യപ്രതി പൾസർ സുനി മൊബൈലിൽ ഷൂട്ട് ചെയ്ത ഈ രംഗങ്ങൾ പ്രവാസി വ്യവസായിയുടെ പക്കൽ എത്തിച്ചത് ആരാണെന്നും കണ്ടെത്തും. പൾസർ സുനിയുടെ മൊഴിയനുസരിച്ചു കൊച്ചിയിലെ അഭിഭാഷകനെയാണ് ഈ ദൃശ്യങ്ങൾ ഏൽപിച്ചത്. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്നാണ് അഭിഭാഷകന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേത്തുടർന്നുള്ള രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായിട്ടാണു ദൃശ്യങ്ങൾ എത്തിച്ച സംഭവവും ആ വി.ഐ.പി. ആരെന്നുമുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നത്. ഈ വി.ഐ.പിയെ ബാലചന്ദ്രകുമാറിന് മുൻ പരിചയമുണ്ടായിരുന്നില്ല. പൊലീസ് സംശയപ്പട്ടികയിൽ ഉൾപ്പെടുത്തിയ ആറോളം പേരുടെ ചിത്രത്തിൽനിന്നാണ് കോട്ടയം സ്വദേശിയുടെ ചിത്രം കണ്ട് ബാലചന്ദ്രകുമാർ ആളെ തിരിച്ചറിഞ്ഞത്. ഒരിക്കൽ മാത്രം കണ്ടിട്ടുള്ളതുകൊണ്ട് ഏറെക്കുറെ സാമ്യമുണ്ട് എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ഇയാളുടെ ശബ്ദസാമ്പിൾ അടക്കം ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിനു നൽകിയിരുന്നു. ഇവ പരിശോധിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകും.

2017 നവംബർ 15നാണു ദിലീപ് ജാമ്യത്തിലിറങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞാണ് വി.ഐ.പി. ദൃശ്യങ്ങളുമായി എത്തിയത് എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. വന്നയാൾ ഖദർ ധാരിയായിരുന്നുവെന്നും ദിലീപിന്റെ സഹോദരിയുടെ മകൾ ഇയാളെ ശരത് അങ്കിൾ എന്നും ഭാര്യ കാവ്യാ മാധവൻ 'ഇക്കാ' എന്നുമാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. വളരെ ബഹുമാനത്തോടെയാണ് ദിലീപും കുടുംബവും ഇയാളോടെ പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വി.ഐ.പി. എന്നു വിളിച്ചതെന്നും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിലുണ്ട്. വ്യവസായിക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നും ഖത്തറിൽ ദിലീപുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്നും സൂചനകളുണ്ട്. ദിലീപിനെ കണ്ടശേഷം ഇയാൾ വിദേശത്തേക്കു പോയിരുന്നു.

ആ വി.ഐ.പി. ഞാനല്ല

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അജ്ഞാതനായ വി.ഐ.പി. ഞാനല്ലെന്ന് മെഹബൂബ് അബ്ദുള്ള പ്രതികരിച്ചു. ദിലീപിന്റെ ദേ പുട്ട് ഹോട്ടൽ ശൃംഖലയിൽ ഷെയറുണ്ട്. ദേ പുട്ടിന്റെ ഖത്തർശാഖ തുറക്കുന്നതിനു ക്ഷണിക്കാനായാണു മൂന്നു വർഷം മുമ്പ് ദിലീപിന്റെ വീട്ടിൽ പോയത്.ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണു സംസാരിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല. ദീലീപിന്റെ അനിയനുമായോ, അളിയനുമായോ പരിചയമില്ല. ദിലീപിൽ നിന്നു മോശം അനുഭവമുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷിക്കട്ടെ. ഇതുവരെ പൊലീസ് ഉദ്യോഗസ്ഥർ ആരും കേസുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ല. വിളിച്ചാൽ സഹകരിക്കും. നാർക്കോ അനാലിസിസ് ടെസ്റ്റിനു വരെ തയാറാണ്.
ഞാനുമായി ചേർത്തു

കഥകൾ പ്രചരിപ്പിക്കുന്നതായി സൃഹൃത്തുക്കൾ പറഞ്ഞിനെത്തുടർന്നാണു വിശദീകരണം നൽകുന്നത്. മന്ത്രിമാരുമായി അടുപ്പമില്ല. ഗൾഫിൽ ഉൾപ്പെടെ മൂന്നു പതിറ്റാണ്ടിലേറെയായി ഹോട്ടൽ ബിസിനസ് നടത്തുന്നുണ്ട്. ദീലിപ് തന്നെ ഇക്കാ എന്നാണു വിളിക്കുന്നത്. പെൻഡ്രൈവ് കൈമാറാവുന്ന രീതിയിലുള്ള ബന്ധം അദ്ദേഹവുമായില്ല. ദീലിപിനെ കാണാനെത്തിയപ്പോൾ കാവ്യയും കുട്ടിയുമുണ്ടായിരുന്നു. നടിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണോ കാണാൻ പോയതെന്ന് ഓർമയില്ലെന്നും മെഹബൂബ് പറയുന്നു.