കൊച്ചി: നടിയെ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തിൽ ഒു കേസ് കൂടി വരും. ദൃശ്യങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്. പൾസർ സുനി അയച്ച കത്തിലൂടെയാണു ദിലീപിന്റെ പങ്കാളിത്തം ആദ്യമായി പുറത്തുവന്നത്. അപ്പോഴും തൊണ്ടി മുതൽ ഒളിപ്പിച്ചതിനോ നശിപ്പിച്ചതിനോ കേസ് പ്രോസിക്യൂഷനുണ്ടായിരുന്നില്ല. ഈ വിഷയത്തിലാകും കേസെടുക്കുക.

സംവിധായകൻ ബാലചന്ദ്രകുമാർ, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിലെ പ്രധാന ദൃശ്യങ്ങൾ പൊലീസിനു നൽകാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്. പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സൽ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ കൂടുതൽ വിവരങ്ങളെത്തി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് എടുക്കുന്നത്.

തൊണ്ടി മുതൽ കണ്ടെത്താൻ കഴിയാതിരുന്നിട്ടും തെളിവു നശിപ്പിച്ച കുറ്റം ചുമത്തി ആരെയും പിടികൂടിയിരുന്നില്ല. മുഖ്യ പ്രതിയായ പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഏൽപ്പിച്ചതായി പ്രതി തന്നെ വെളിപ്പെടുത്തിയ 2 അഭിഭാഷകരെ എഫ്‌ഐആറിൽ പ്രതിചേർത്തിരുന്നെങ്കിലും പിന്നീടു പ്രതിപ്പട്ടികയിൽ നിന്നു നീക്കം ചെയ്തിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതും തൊണ്ടി മുതൽ കണ്ടെത്താൻ കൂടി വേണ്ടിയാണ്.

തൊണ്ടി മുതലും അത് ഒളിപ്പിച്ചതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോടതിയുടെ മുൻപിലെത്തുമെന്നാണ് സൂചന. കേസിൽ ഒരു കുറ്റപത്രം മാത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചതെങ്കിലും 3 ഘട്ടമായാണ് അന്വേഷണം ഇതുവരെയെത്തിയത്. പൾസർ സുനിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതോടെ അവസാനിച്ചതാണ് ഒന്നാം ഘട്ടം. ഇതിനിടെ പീഡനക്കേസിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിക്കുമെന്നു കരുതിയതല്ല.

പിന്നീട് ദിലീപിനെതിരെ മൊഴിയും തെളിവും കിട്ടി. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലും ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. ഈ കേസിലെ അന്വേഷണം തൊണ്ടി മുതലിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.

സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖയിൽ ശരത്തിന്റെ ശബ്ദവും തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നൽകിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 3.30ന് ക്രൈംബ്രാഞ്ച് എസ്‌പി എംപി. മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന രാത്രി 8.30നാണു പൂർത്തിയായത്.

നിലവിൽ അന്വേഷണം ശരത്തിലാണ് എത്തിനിൽക്കുന്നതെന്നു മാധ്യമപ്രവർത്തകരോടു പറഞ്ഞ എസ്‌പി കൂടുതൽ വിവരങ്ങൾ ഇന്നു കോടതിയിൽ നൽകുമെന്നും പറഞ്ഞു. കേസിലെ വിഐപി ശരത് ആണെന്നാണു പൊലീസ് നൽകുന്ന സൂചന.