ആലുവ: ഇതി നാലാം തവണയാണ് ദിലീപിനെ കോടതി കൈവിടുന്നത്. അങ്കമാലി കോടതിയെ സമീപിച്ച് ജാമ്യം തേടാനുള്ള ശ്രമവും പാളിയ നിലയാണ്. എന്നാൽ, ഇത്തവണയും കോടതി കൈവിട്ടെങ്കിലും അതിൽ ദുഃഖിച്ചിരിക്കാൻ താരം തയ്യാറല്ല. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചെന്ന വാർത്ത ദിലീപ് അറിഞ്ഞെങ്കിലും യാതൊരു ഭാവമാറ്റവും താരത്തിൽ നിന്നും ഉണ്ടായില്ല. അങ്കമാലി കോടതി ജാമ്യം നിഷേധിച്ച വാർത്ത ദിലീപിനെ വാർഡൻ അറിയിക്കുമ്പോൾ ജനപ്രിയ നായകൻ സെല്ലിനുള്ളിൽ കമഴന്നിരുന്ന് എഴുതുകയായിരുന്നു.

കഥയ്ക്ക് പേരിട്ടില്ലെങ്കിലും പകുതിയോളം പൂർത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. ജാമ്യം കിട്ടിയില്ലെന്ന വാർത്ത മുമ്പൊക്കെ കേട്ടിരുന്നപ്പോൾ താരം അതീവ ദുഃഖിതനായിരുന്നു. ഒരിക്കൽ പൊട്ടിക്കരയുന്ന അവസ്ഥ പോലും ഉണ്ടായിൽ. എന്നാൽ, ഇപ്പോൾ രണ്ട മാസം നീണ്ട ജയിൽവാസത്തിൽ നിന്നും ദിലീപ് ഏറെ മറിയിരിക്കുന്നു. പണ്ടെത്തെ പോലെ പൊട്ടിക്കരയാനോ നിർവ്വികാരനായി ഇരിക്കാനോ ശ്രമിക്കാത്ത ദിലീപിനെ കണ്ടപ്പോൾ സഹ തടവുകാർക്കും വാർഡന്മാർക്കും അത്ഭുതം.

സിനിമയിലേക്ക് കഥ എഴുതാനായി ദീലീപ് ഇതിനകം 50 ലധികം പേപ്പറുകൾ ജയിലിലെ വെൽഫെയർ ഓഫീസറിൽ നിന്നും ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. കഥാതന്തു എന്തെന്ന് സഹ തവുകാരോടോ വാർഡന്മാരോടോ വെളിപ്പെടുത്തിയിട്ടില്ല. ജയിൽ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ ദിലീപിന്റെ ജീവിത കഥയാണോ എന്ന സംശയം ചില വാർഡന്മാർക്ക് ഉണ്ട്. എന്തായലും കഥയും തിരക്കഥയും സംവിധാനവും ദിലീപ് തന്നെ നിർവ്വഹിക്കുന്ന സിനിമയിൽ ദിലീപ് തന്ന നായക വേഷം കൈകാര്യം ചെയ്യുമെന്ന ഉറപ്പിച്ചതു പോലെയാണ് താരത്തിന്റെ ജയിലിലെ ഇടപെടൽ.

പഴയതു പോലെ ഖിന്നനായി കഴിച്ചു കൂട്ടാതെ ചില പൊടിതമാശകൾ ഒക്കെ പറഞ്ഞു നടക്കുന്ന ദിലീപ് എഴുത്തു കഴിഞ്ഞാൽ കൂടുതലും വായനയ്ക്കാണ് മാറ്റിവെയ്ക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും വാങ്ങി ജയിലിൽ എത്തിക്കാൻ ദിലീപ് തന്നെ അനുജനോടു പറഞ്ഞിട്ടുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് അറിയുന്നത്. വെള്ളെഴുത്തിന്റെ തുടക്കത്തിലുള്ള അസ്വസ്ഥതകൾ അലട്ടുന്നതിനാൽ കണ്ണട വച്ചാണ് ദിലീപ് വായിക്കുന്നതും എഴുതുന്നതും. സെല്ലിനുള്ളിൽ ബ്ലാങ്കറ്റിൽ പത്രം വിരിച്ചാണ് എഴുത്ത്. കുറച്ചു കഴിയുമ്പോൾ കഴുത്തു വേദനയും മുതുക് വേദനയും അനുഭവപ്പെടുന്നതിനാൽ സെല്ലിന് പുറത്ത് എഴുതാൻ പറ്റിയ ഒരു സാഹചര്യം ഒരുക്കി തരണമെന്ന് ദിലീപ് ജയിൽ അധികൃതരോടു ആവിശ്യപ്പെട്ടിട്ടുണ്ട്.

സങ്കീർത്തനത്തിൽ തുടങ്ങി ബൈബിളിലും ഭഗവത്ഗീതയും ഒക്കെ വായിച്ചതു വഴി കിട്ടിയ അറിവും ഭാഷയുമാണ് എഴുത്തിലേക്ക് തിരിയാൻ താരത്തെ പ്രേരിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. എഴുത്തിൽ മുഴുകുമ്പോൾ തന്നെ തന്നെ സ്വയം മറന്നു പോകുന്നുവെന്നും അക്ഷരങ്ങളുടെ ലോകം നൽകുന്ന മനസുഖം ഒന്നു കൊണ്ടു തന്നെയാണ് കഥ എഴുതാൻ തീരുമാനിച്ചതെന്നുമാണ് സെല്ലിന്റെ ചുമതലക്കാരായ ചില വാർഡന്മാരോടു ദീലിപ് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള കഥ പൂർത്തിയായാൽ ഒരു നോവലും ചെറുകഥാ സമാഹാരവും ജയിലിലെ അനുഭവങ്ങളും ഒക്കെ പുസ്തക രൂപത്തിലാക്കാൻ ദിലീപിന് ആലോചനയുള്ളതായാണ് വിവരം.

അങ്കമാലി കോടതി വിധി കൂടി വന്നതിനാൽ ഉടനെയെങ്ങും പുറത്തിറങ്ങാനാകില്ലന്നാണ് ദിലീപ് കരുതുന്നത്. ഇനി ജാമ്യത്തിനുള്ള പ്രതീക്ഷ ദിലീപ് പൂർണ്ണമായും കൈവിടുകയാണ്. കേസിന്റെ വിചാരണ തുടങ്ങി പൂത്തിയാകുന്നതുവരെ ദിലീപിന് ജയിലിൽ റിമാന്റ് തടവുകാരനായി കഴിയേണ്ടി വരും. ജാമ്യം തള്ളിക്കൊണ്ടുള്ള അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധിയിൽ പ്രോസിക്യൂഷൻ നല്കിയ ശക്തമായ തിരിച്ചടി പ്രതിഫലിക്കുന്നു. അങ്കമാലി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ഇനി സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ടു കാര്യമില്ലന്നാണ് ദിലീപ് കരുതുന്നത്.

ജാമ്യത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതിനായി ഹര്ജി നല്കാൻ കഴിയൂ. മറിച്ച് കൂടുതൽ തെളിവുകളുമായാണ് പ്രോസിക്യൂഷന്റെ രംഗപ്രവേശം. ഈ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റിന്റെ ഭാഗത്തു നിന്നും ഉത്തരവ് ഇന്നുണ്ടായത്. ജാമ്യത്തിനുള്ള വാതിലുകൾ ഇനി എവിടെയും കൊട്ടിയടയ്ക്കുന്ന ഫലമാണ് അതു സൃഷ്ടിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ വിശ്വസ്തരായ ചില ജയിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ധരിപ്പിച്ചു കഴിഞ്ഞു. ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ആദ്യവിധി ജൂലൈ ആദ്യവാരത്തിൽ പുറപ്പെടുവിച്ചപ്പോൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക ക്രൂരകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. കാരണം നിസ്സഹായയായ ഒരു യുവനടിയെ ആസൂത്രണം ചെയ്ത് ആക്രമിച്ച കുറ്റകൃത്യമാണിത്.

പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്കാൻ കഴിയില്ല എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. രണ്ടാം തവണയും ജാമ്യം നിഷേധിച്ചപ്പോൾ; സാഹചര്യങ്ങള് അതുപോലെ നിലനില്ക്കുന്നതിനാൽ പ്രതിയെ പുറത്തിറക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജാമ്യത്തിന് അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയ നിയമപ്രശ്നങ്ങൾ ഉന്നയിച്ചാണു വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ ഇതുവരെ പ്രോസിക്യൂഷൻ ശേഖരിച്ച തെളിവുകൾ കൂടാതെ പള്സര് സുനിയുടെ എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷൻ രംഗത്തു വന്നിരുന്നു. അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ വിധി.