കൊച്ചി: മലയാള സിനിമയിലെ പരമ്പരാഗത ശീലങ്ങളെല്ലാം മാറ്റുന്നവയാണ് പുതുതലമുറയുടെ സിനിമകൾ. മുൻ കാലത്തെ ഷാജികൈലാസ് സിനിമകൾ ഹൈന്ദവ ബിംബങ്ങൾ കേന്ദ്രീകരിച്ചതാണെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ആഷിഖ് അബുവിനെ പോലുള്ളവർ ഇക്കാര്യം പരസ്യമായി പറയുകയും ഉണ്ടായി. ഇതിനിടെ ആഷിഖ് അബുവിന്റെ നിർമ്മാണത്തിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമ ചെറിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. മോഹൻലാലിനെ സവർണ്ണ ബിംബമാക്കി ചിത്രീകരിച്ചു എന്നായിരുന്നു പരാതി. മോഹൻലാൽ ഫാൻസായിരുന്നു ഈ പരാതിയുമായി രംഗത്തുവന്നത്. എന്നാൽ അങ്ങനെയൊരു ശ്രമം ഉണ്ടായിരുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ പ്രതികരിച്ചു. റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹൻലാലിനെ താൻ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

മോഹൻലാലിനെ സവർണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹൻലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താൻ വളർന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തിൽ സൗബിന്റെ കഥാപാത്രമായ ക്രിസ്പിൻ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയിൽ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ ഒരു ബാർബർ ഷോപ്പിൽ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.

സിനിമയിൽ ക്രിസ്പിൻ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ സീൻ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയിൽ നിന്നും മനകൾ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങൾ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാൾട്ട് ആൻഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാൽ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമർശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികൾക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാർ അല്ലല്ലോ? അതുകൊണ്ട് താൻ ഉദ്ദേശിച്ചതിനെ അതേ സെൻസിൽ എടുക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.

ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തിൽ ഉണ്ടാകാൻ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താൽപ്പര്യം വളർത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയിൽ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയിൽ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി.

കമോൺട്രാ ദിലീഷ് പോത്തൻ!!! മീറ്റ് ദി എഡിറ്റേഴ്‌സ് ഫുൾ എപ്...

കമോൺട്രാ ദിലീഷ് പോത്തൻ!!! മീറ്റ് ദി എഡിറ്റേഴ്‌സ് ഫുൾ എപ്പിസോഡ്

Posted by Kv madhu on Sunday, February 14, 2016

നേരത്തെ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണം നേടി തിയേറ്റർ കീഴടക്കുമ്പോൾ സംവിധായകനെതിരെ മോഹൻലാൽ ഫാൻസിന്റെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാൽ തനിക്കെതിരെ ഫോൺവഴി ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് അഭിമുഖത്തിൽ ദിലീഷ് പറഞ്ഞത്. ഞാൻ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടൻ, എല്ലാം,, പക്ഷേ ലാലേട്ടൻ... നായർ, മേനോൻ, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിൻ ഷഹീറിന്റെ ഡയലോഗാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായത്.

മോഹൻലാൽ ആരാധകരാണ് പ്രധാനമായും സംഗതി വിവാദമാക്കിയിരുന്നത്. തങ്ങളുടെ താരത്തെ മോശമാക്കി ചിത്രീകരിച്ചിരിക്കുന്നതായി ആരാധകർ ആരോപിച്ചു. അതിനെതിരെ പോസ്റ്റുകളും ട്രോളുകളമായി അവർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ പ്രതികരിച്ചുകൊണ്ട് ലാൽ ആരാധകർ പറയുന്ന സിനിമകളിൽ ദേവാസുരവും, കടത്തനാടൻ അമ്പാടിയും, ബാബാ കല്യാണിയും, മേജർ മഹാദേവനും, മുളമൂട്ടിൽ അടിമയും, ഏയ് ഓട്ടോയും, പരദേശിയുമൊക്കെ ഉൾപ്പെടും. സിനിമയിലെ ആ ഡയലോഗ് ഭാഗം ഒഴിവാക്കണം എന്ന് പറയുന്നവരുമുണ്ട്. ആഷിക് അബുവിന്റെ എഫ്ബി പ്രൊഫൈലിൽ ലാലേട്ടൻ ആരാധകരുടെ പൊങ്കാലയാണ് നടന്നുവന്നത്.