ഡബ്‌ലിൻ: കോർക്കിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന മലയാളിയുടെ ഹർജി കോടതി തള്ളി. പ്രതി ദിലീഷ് സോമൻ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.അയർലൻഡിൽ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നതിനാൽ ജയിലിൽ ഇയാൾക്ക് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യകുറവും കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ ആറ് വർഷമായി അയർലൻഡിലെത്തി ജോലി നോക്കുന്ന ദിലീഷിന്റെ സംസ്‌കാരം അയർലൻഡിലെ സംസ്‌കാരവുമായി യോജിച്ചു പോകുന്നതല്ലെന്ന് ജസ്റ്റിസ് എഡ്‌വാർഡ് പറഞ്ഞു. ഇയാൾക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമില്ലെങ്കിലും അത്യാവശ്യം ഭാഷ പ്രയോഗിക്കാനും അതിലൂടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നും കോടതി വിലയിരുത്തി. മാത്രവുമല്ല ചെയ്ത കുറ്റത്തിൽ ഇയാൾക്കൊട്ടും പശ്ചാത്താപമില്ലെന്നും ഇരയെ കുറ്റപ്പെടുത്തുകയാണ് ഇയാൾ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ഇയാൾ ഒട്ടും സഹകരിക്കുകയും ചെയ്തിരുന്നില്ല. അതിനാൽ യാതൊരു തരത്തിലും ശിക്ഷയിൽ ഇളവ് ചെയ്ത് നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഡ്‌വാർഡ്‌സ്, ജസ്റ്റിസ് ഗാരറ്റ് ഷീഹാൻ, ജസ്റ്റിസ് അലൻ മാഹോൻ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹർജി തള്ളിയത്.

2013 നവംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രാഫ്റ്റ് ഡോട്ട് ഐഇ എന്ന പ്രോപ്പർട്ടി വെബ്‌സൈറ്റിൽ റൂം ഷെയറിനായി ആളെ ആവശ്യമുണ്ടെന്നു കാട്ടി പരസ്യം നൽകിയ കോർക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയെ റൂം കാണാനെത്തിയ ദിലീഷ് സോമൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. റൂം കാണാനെത്തിയപ്പോൾ തന്നെ ഇയാൾക്ക് റൂം എടുക്കുന്നതിൽ താത്പര്യമില്ലെന്ന് മനസിലായിരുന്നതായും അതുകൊണ്ട് അയാളെ അപ്പോൾ തന്നെ ഒഴിവാക്കാനും 30 കാരിയായ യുവതി ശ്രമിച്ചിരുന്നെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

2015 ഫെബ്രുവരി 20നാണ് നാല് വർഷം തടവിന് ദിലീഷിനെതിരെ ശിക്ഷ വിധിച്ചത്. പ്രതി വിവാഹിതനാണെന്നും അതിനാൽ ശിക്ഷയ്ക്ക് ഇളവു നൽകണമെന്നും പ്രതിഭാഗം വക്കീൽ വ്യക്തമാക്കിയെങ്കിലും ചെയ്ത തെറ്റിന്റെ ഗൗരവം പരിഗണിച്ച് കോടതി ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് ആകെയുള്ള നാലു വർഷത്തിൽ ഒരു വർഷം കോടതി ഇളവു നൽകിയിരുന്നു.