ചാലക്കുടി: അന്ധതയ്ക്ക് പരിഹാരമുണ്ടാക്കാൻ കണ്ണാശുപത്രിയുമായി എത്തുകയാണ് നടൻ ദിലീപ്. സിനിമാ മേഖലയിലെ പലരും ആശുപത്രി വ്യവസായത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. പക്ഷേ ആരും കണ്ണാശുപത്രിയെന്ന പ്രത്യേക സംവിധാനത്തിനെ കുറിച്ച് ചിന്തിച്ചില്ല. ഈ വ്യത്യസ്ത വഴിയിലേക്ക് ദിലീപ് എത്താൻ ഒരു കാരണമുണ്ട്. സ്വന്തം അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാക്കിയ സംഭവം. അതുകൊണ്ട് തന്നെ കണ്ണാശുപത്രിയിലൂടെ ലാഭമല്ല ദിലീപ് ലക്ഷ്യമിടുന്നത്. പരമാവധി പേർക്ക് നല്ല കണ്ണ് ചികിൽസയാണ് ലക്ഷ്യം.

ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചതിനെ ദിലീപ് തന്നെ ഓർത്തെടുക്കുന്നത് ഇങ്ങനെ-'അടുക്കളയിലെ ജോലിക്കിടെ അമ്മയുടെ കണ്ണിൽ വീണ പൊടി ഭേദമാകുമെന്ന് കരുതി ഒന്നുരണ്ട് ദിവസം കൊണ്ടുനടന്നുവെങ്കിലും ശമനമായില്ല. ആരോടും പരിഭവം പറയാതെ വേദന സഹിച്ച് അമ്മ ദിവസങ്ങൾ കഴിച്ചുകൂട്ടി. ദിവസങ്ങൾ പിന്നിട്ടതോടെ രോഗം മൂർച്ഛിച്ചു. അവസാനം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. അങ്ങനെ അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സാമ്പത്തിക പരാധീനത മൂലം അമ്മയുടെ കണ്ണ് ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞില്ല'.

മിമിക്രികാലം കഴിഞ്ഞ് സിനിമാ രംഗത്തെത്തി. സാമ്പത്തികം മെച്ചപ്പെട്ടു. അപ്പോഴും മനസിൽനിന്നും ആ വേദന മാറിയില്ല. കാഴ്ചശേഷിയില്ലാത്തവരെ കാണുമ്പോൾ അമ്മയുടെ മുഖമാണ് തെളിഞ്ഞുവരിക. അങ്ങനെയാണ് ഐ വിഷൻ കണ്ണാശുപത്രിക്ക് തുടക്കമായത്.-ദിലീപ് പറഞ്ഞു. കണ്ഠമിടറി വാക്കുളോടെ ഈ കഥ സൂപ്പർ താരം പറയുമ്പോൾ വേദിയിലുണ്ടായിരുന്നവരെല്ലാം വേദനയുടെ ആഴം മനസ്സിലാക്കി കണ്ണു തുടച്ചു. ദിലീപിന്റേയും കൂടി ഉടമസ്ഥതയിലുള്ള ഐ. വിഷൺ കണ്ണാശുപത്രിയിൽ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കൽ ശസ്ത്രക്രിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയതാരം.

കൃഷ്ണമണി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർക്കാർ അനുമതി ലഭിച്ച ഐ വിഷൻ നേത്രാശുപത്രിയുടെ സഹകരണത്തോടെ ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി.ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നൂറ് പേർക്കാണ് സൗജന്യമായി കൃഷ്ണമണി മാറ്റിവച്ച് നൽകുന്നത്. 

പ്രതിവർഷം ഇതിനായി മാത്രം അരക്കോടി രൂപ ചെലവ് വരും. തുടർ ചികിത്സക്കും അവസരം ഒരുക്കാനാണ് ദിലീപിന്റെ പദ്ധതി.