അങ്കമാലി: ദിലീപിനെ ഹാജരാക്കാൻ കൊണ്ടുവരുന്നതറിഞ്ഞ് അങ്കമാലി കോടതി പരിസരത്ത് വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കൂകിവിളിച്ചാണ് ജനങ്ങൾ ദിലീപിനെ വരവേറ്റത്. കോടതിക്കു മുന്നിൽ റോഡിന്റെ ഇരുവശവും ബാരിക്കേഡ് തീർത്താണ് പൊലീസ് സുരക്ഷ ഒരുക്കിയത്. ദിലീപിനായി വാദിക്കാനെത്തിയ അഭിഭാഷകർക്കും ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നു. ഈ പ്രതിഷേധങ്ങളെ എല്ലാം നിർവീകരനായാണ് ദിലീപ് നേരിട്ടത്. കോടതി നടപടികൾക്ക് ശേഷം പൊലീസ് ബസിൽ കയറുമ്പോൾ താരത്തിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. കേരളത്തിലുടനീളം അലയടിക്കുന്ന പ്രതിഷേധം ജനപ്രിയതാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുത്. ജാമ്യാപേക്ഷയിൽ വിധിപറയുന്നത് മാറ്റിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം വിധിപറയുമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.

ദിലീപിന്റെ അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി തീരുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. ഇതോടെ മേൽകോടതിയിൽ അപ്പീൽ നൽകാനും കഴിയാത്ത അവസ്ഥയുമായി.ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടിയെ അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി.

പിന്നീട് 11 മണിക്ക് തുറന്നകോടതിയിലാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്ന ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തന്റെ പരാതിയിലെ തെളിവുകളാണ് തനിക്കെതിരായി ഉയർത്തുന്നത്. അന്വേഷണത്തോട് ഏതു തരത്തിലും സഹകരിക്കാൻ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം കെട്ടിപ്പൊക്കിയ കഥയാണിതെന്നും ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാംകുമാർ കോടതിയിൽ പറഞ്ഞു. ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട നിലയ്ക്ക് പ്രാഥമിക വാദം മാത്രമാണ് ഇന്ന് കോടതി കേട്ടത്.

കസ്റ്റഡിയിൽ വിശദമായ ചോദ്യംചയ്യൽ ആവശ്യമാണ്. കൊച്ചിയിലെ അബാസ് പ്ലാസ ഹോട്ടൽ, തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ് തുടങ്ങിയ ഇടങ്ങളിൽ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കേസിനു പിന്നിലെ ഗൂഢാലോചനയിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാൻ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയിൽ കിട്ടാൻ മജിസ്‌ട്രേറ്റിനു മുന്നിൽ അന്വേഷണ സംഘം അപേക്ഷ നൽകിയത്. ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ പൊലീസ്, ഇതു സാധൂകരിക്കാൻ പോന്ന 19 പ്രാഥമിക തെളിവുകളും കോടതിയിൽ ഹാജരാക്കി. രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ സംഘം ദിലീപിനെ തുടർന്നും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കാനും സാധ്യതയുണ്ട്.

ആലുവ സബ്ജയിലിൽനിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലിൽനിന്ന് കോടതിയിലെത്തിച്ചത്. ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. ജനപ്രിയ നായകനെ വലിയ രീതിയിൽ പരിഹസിക്കുന്ന തരത്തിലാണ് തടിച്ചുകൂടിയ ജനങ്ങൾ മറുപടി നൽകിയത്. അതേസമയം, കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല

ബലാത്സംഗക്കേസിൽ പ്രതിയായ ഒരാളെ ജാമ്യം നൽകാതെ കസ്റ്റഡിയിൽ വിട്ട് കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. പ്രതിയെ കസ്റ്റഡിയിൽ വിട്ടാൽ മാത്രമേ മറ്റുള്ളവരുടെ പങ്ക് ഉൾപ്പെടെയുള്ള കാര്യം പുറത്തു വരൂവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ ഗൂഢാലോചന ദിലീപ് തനിയെയാണ് നടത്തിയതെന്നാണ് പറഞ്ഞിരിക്കുന്നത് എങ്കിലും ഇതുമായി ബന്ധപ്പെട്ട് നാദിർഷാ അടക്കമുള്ളവരുടെ പങ്ക് വ്യക്തമാകേണ്ടതുണ്ട്. തെളിവുകളിൽ വ്യക്തത വരുത്തുന്നതിനാണ് ഇത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത താരത്തെ ഇന്നലെ ആലുവ സബ് ജയിലിലേക്ക് അയച്ചു. കേസിൽ ദിലീപ് നേരിട്ടാണ് നടിക്കെതിരേ ക്വട്ടേഷൻ കൊടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

കേസിൽ അറസ്റ്റിലായതിനെ തുടർന്ന് താരത്തെ താരസംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ പൾസർ സുനിക്ക് പിന്നാലെ കേസിലെ രണ്ടാം പ്രതിയായി മാറും.