കോട്ടയം: ട്വന്റിഫോർ കോട്ടയം ബ്യൂറോ ചീഫ് സി.ജി ദിൽജിത്തിന് വേദനയോടെ വിട നൽകി മാധ്യമ ലോകം. ഏഴുവർഷമായി മലയാള ദൃശ്യമാധ്യമരംഗത്ത് സജീവമായിരുന്ന ദിൽജിത്ത് ചുരുങ്ങിയ കാലം കൊണ്ട് മലയാള ദൃശ്യമാധ്യമരംഗത്ത് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകനാണ്. കൂട്ടിക്കൽ ഉരുൾപൊട്ടലും കണ്ണീരുണങ്ങാത്ത ജനതയുടെ ദുരിതവും കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ച മാധ്യമ പ്രവർത്തകൻ.

തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായി 1990 മാർച്ച് 21ന് ജനനം. തലയോലപ്പറമ്പ് ഗവൺമെന്റ് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഏറ്റുമാനൂരപ്പൻ കോളജിൽ ബിരുദ പഠനം. കോട്ടയം പ്രസ്‌ക്ലബിലാണ് മാധ്യമപഠനം പൂർത്തിയാക്കിയത്. മംഗളത്തിലായിരുന്നു തുടക്കം. 2014 മുതൽ കൈരളി ടിവി റിപ്പോർട്ടറായി പ്രവർത്തിച്ച സി.ജി. ദിൽജിത്ത് 2018ലാണ് ട്വന്റിഫോറിലെത്തിയത്.

ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോയുടെ ചുമതല വഹിക്കുന്ന ദിൽജിത്ത് പ്രേക്ഷകരിലേക്കെത്തിച്ച വാർത്തകളെല്ലാം കേരളം ശ്രദ്ധിച്ചു. കഴിഞ്ഞ മാസം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ചപ്പോൾ അവിടെ ആദ്യമെത്തിയ മാധ്യമപ്രവർത്തകരിൽ ഒരാൾ സി. ജി ദിൽജിത്തായിരുന്നു. ഉരുൾപൊട്ടൽ മേഖലയിലൂടെ ദിൽജിത്ത് നിരന്തരം സഞ്ചരിച്ച് റിപ്പോർട്ടുകളുമായെത്തി. ഭാര്യ: പ്രസീത, സഹോദരി: ദിവ്യ.

ദിൽജിത്തിന്റെ മരണം ആത്മഹത്യെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ജോലി സ്ഥലത്തെ പ്രശ്നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും വിശദീകരിച്ചു. പത്ത് മാസം മുമ്പായിരുന്നു ദിൽജിത്തിന്റെ വിവാഹം. അതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദിൽജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്.

തുടർന്ന് അമ്മാവനെത്തി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പൊന്നും ദിൽജിത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ട്വന്റിഫോർ ന്യൂസ് ചീഫ് റിപ്പോർട്ടറും യുവ മാധ്യമ പ്രവർത്തകനുമായ സി.ജി ദിൽജിത്തിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.

ജനപക്ഷത്ത് നിന്നുകൊണ്ട് നിരവധി വാർത്തകൾ പൊതുശ്രദ്ധയിലെത്തിക്കാൻ ചുരുങ്ങിയ കാലംകൊണ്ട് ദിൽജിത്തിന് സാധിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്ന ദിൽജിത്തിന്റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

സ്പീക്കർ അനുശോചിച്ചു.

ട്വന്റിഫോർ ന്യൂസിന്റെ ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ഉരുൾപൊട്ടൽ ഉൾപ്പെടെ ധാരാളം വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മികവു കാണിച്ച ഒരു ഒരു മാധ്യമ പ്രവർത്തകനെയാണ് നമുക്ക് നഷ്ടമായത്. സൗമ്യനായ ദിൽജിത്തിന്റെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്. ദിൽജിത്തിന്റെ കുടുംബാംഗങ്ങളുടേയും മാധ്യമ പ്രവർത്തകരുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

മാധ്യമ മേഖലയിലെ ഉള്ളുതുറന്ന് ചിരിക്കുന്ന മുഖങ്ങളിൽ ഒന്നായിരുന്നു ദിൽജിത്. വാർത്താമേഖലയിലെ വെല്ലുവിളികൾ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവർത്തകൻ. സോഷ്യൽ മീഡിയയിലെ ന്യൂസ് ഫീഡുകളിൽ ദിൽജിത് ഓർമകൾ നിറയുകയാണ്. മാധ്യമ മേഖലയിലെ സുഹൃത്തുക്കൾക്ക് ദിൽജിത് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നു. വാർത്തയിലും ജീവിതത്തിലും സൗമ്യതയും സത്യസന്ധതയും പുലർത്തിയ ദിൽജിത്തിന് ആദരാഞ്ജലികൾ..