കൊച്ചി: മറ്റ് ടീമുകൾ എങ്ങനെ കളിക്കുന്നു അവർ എത്രഗോളടിച്ചു എന്നതിലല്ല സ്വന്തം കളി എത്രത്തോളം മെച്ചപ്പെടുത്താമെന്നതിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ദിമിതർ ബെർബറ്റോവ്. വാർത്താസമ്മേളനത്തിലായിരുന്നു ബർബറ്റോവ് തങ്ങളുടെ രീതി വെളിപ്പെടുത്തിയത്.

എവിടെയൊക്കെ നമുക്ക് മെച്ചപ്പെടുത്താനുണ്ട്, എവിടെയൊക്കെയാണ് കൂടുതൽ അധ്വാനിക്കേണ്ടത്, എങ്ങനെ പിഴവുകൾ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ഞാൻ ശ്രദ്ധയൂന്നുന്നത്. തീർച്ചയായും എതിർ ടീമിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. എന്നാൽ സ്വയം മെച്ചപ്പെടുത്തുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും ബെർബറ്റോവ് പറഞ്ഞു.

പരിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ അത് ഡോക്ടറോട് ചോദിക്കണമെന്നായിരുന്നു ബെർബയുടെ ആദ്യ പ്രതികരണം. ഞാൻ എപ്പോഴും ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. എത്രയും വേഗത്തിൽ കളത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, നമുക്ക് റിസ്‌ക് എടുക്കാനുമാകില്ലെന്നും ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം വെളിപ്പെടുത്തി.

കോച്ച് ആകുന്നത് എളുപ്പമുള്ള കാര്യമല്ല. ഏറെ സമ്മർദമുള്ള ജോലിയാണത്. നിങ്ങൾക്ക് ഫുട്‌ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. കുടുംബത്തെ പോലും രണ്ടാമതേ പരിഗണിക്കാനാവൂ. ഒരു കോച്ച് ആവുകയാണെങ്കിൽ ഞാനതിന് പറ്റിയ ആളാണെന്ന് എനിക്ക് തെളിയിക്കേണ്ടിവരും. ചിലപ്പോൾ ഞാൻ നാളെ ഒരു കോച്ചായേക്കാം. ഇപ്പോൾ കഴിയുന്നത്ര കളിക്കുക എന്നതാണെന്റെ ലക്ഷ്യമെന്നും ബർബറ്റോവ് വ്യക്തമാക്കി.