ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ സ്ഥാപനങ്ങളിലും വീടുകളിലുമായി 187 സ്ഥലങ്ങളിൽ ആദായനികുതി റെയ്ഡ് നടക്കുന്നുവെന്ന വാർത്ത കേട്ടാണ് ഇന്ന തമിഴ്‌നാട് ഉണർന്നത്.ഈ സമയത്ത് ശശികലയുടെ മനസാക്ഷിസൂക്ഷിപ്പുകാരനും അണ്ണാഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരൻ എന്തുചെയ്യുകയായിരുന്നു?

ചെന്നൈയിലെ ദിനകരന്റെ വസതിയിൽ റെയ്ഡുകളെ കുറിച്ചുള്ള പ്രതികരണം അറിയാൻ എത്തിയ റിപ്പോർട്ടർമാർ വിചിത്രമായ കാഴ്ചയാണ് കണ്ടത്.ദിനകരൻ ഒരുപശുവിന്റെ സമീപം നിൽക്കുകയായിരുന്നു.പശുവിന്റെ കൊമ്പുകളിൽ മുല്ലപ്പൂവും, നെറ്റിയിൽ പൊട്ടും അലങ്കരിച്ചിരിക്കുന്നു.പശുക്കുട്ടി പാൽ കുടിക്കുന്നു. ദിനകരന്റെ ഭാര്യ അനുരാധ ഗോമാതാവിനെ ആരതി ഉഴിയുന്നു.തുടർന്ന് ദിനകരൻ ഗോമാതാവിന് പഴം നൽകുന്നു. പൂജയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റിപ്പോർട്ടർമാർക്ക് ഒരുകാര്യം മനസ്സിലായി. ദിനകരന്റെ വസതിയിൽ ആദായനികുതി റെയ്ഡില്ല!

വളരെ ശാന്തനായി കാണപ്പെട്ട ദിനകരൻ തന്റെ വസതിയിൽ റെയ്ഡ് നടക്കുന്നില്ലെന്ന് സ്ഥ്ിരീകരിച്ചു.തന്റെ പുതുച്ചേരിയിലെ ഫാംഹൗസിൽ ഉദ്യോഗസ്ഥർ റെയ്ഡിന് പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഫാംഹൗസിൽ തപ്പിയിട്ട് എന്തുകിട്ടാനാണെന്നും അവിടെ ചാണകം മാത്രമേയുള്ളുവെന്നും ദിനകരൻ പറഞ്ഞു.തന്നെയും ശശികലയെയും രാഷ്ട്രീയത്തിൽ നി്ന്ന് നിഷ്‌കാസിതരാക്കാനുള്ള നീക്കമാണ് റെയ്ഡിന് പിന്നിൽ.രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ിള എടപ്പാടി പളനിസാമിയുടെയും പനീർസെൽവത്തിന്റെയും കളിയാണ് ഇതെന്നും ഇത് വിലപ്പോവില്ലെന്നും ദിനകരൻ പറഞ്ഞു.

ജയടിവി, ജാസ് സിനിമാസ്, നമ്മതുഎംജിആർ തുടങ്ങിയ 180 ഓളം സ്ഥാപനങ്ങളിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്.