കുന്നംകുളം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 25 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത് പ്രണയച്ചതിയിൽ വീഴ്‌ത്തി. കുന്നംകുളം സ്വദേശിനിയായ യുവതിയാണു തട്ടിപ്പിനിരയായത്. പൊലീസിന്റെ കരുതലോടെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൂവത്തൂർ കൂമ്പുള്ളി പാലത്തിനുസമീപം പന്തായിൽ ദിനേഷ് (36) ആണ് കുന്നംകുളം സിഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. സുഹൃത്തിനയച്ച സന്ദേശത്തിന് ലൈക്കടിച്ചായിരുന്നു തുടക്കം. പിന്നീട് ഫോൺ സംഭാഷണങ്ങളിലൂടെ ബന്ധം ദൃഢമാക്കി. വിവിധ സ്ഥലങ്ങളിൽവെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. പ്രണയത്തിൽ കുടുങ്ങിയ യുവതി ദിനേശിന് സ്വർണ്ണാഭരണങ്ങൾ നൽകുകയായിരുന്നു. ആറുമാസം മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

കെട്ടിടനിർമ്മാണത്തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലിചെയ്തിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകൾ പറഞ്ഞാണ് പലപ്പോഴായി 25 പവൻ സ്വർണാഭരങ്ങൾ കൈക്കലാക്കിയത്. സ്ത്രീയുടെ ഭർത്താവ് വിദേശത്താണ്. ആഭരണങ്ങൾ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളിൽ പണയം വെച്ചിരിക്കുകയാണ്. സ്വർണാഭരണങ്ങൾ തിരിച്ചുതരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണ് ഇവരുടെ ബന്ധം ഉലഞ്ഞത്. ഇതോടെ പൊലീസിൽ യുവതി പരാതി നൽകി.

എഎസ്ഐ. ജോയ്, സുധീർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങി പണയംവെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിഐ. കെ.ജി. സുരേഷ് പറഞ്ഞു.