- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിന്നും പ്രകടനം; ഐസിസി ട്വന്റി 20 റാങ്കിംഗിൽ വൻ കുതിപ്പുമായി ദിനേശ് കാർത്തിക്; ആദ്യ പത്തിൽ ഇഷാൻ കിഷൻ മാത്രം; പാക് നായകൻ ബാബർ അസം ഒന്നാമത്

ദുബായ്: കായികതാരങ്ങളുടെ കരിയറിൽ കയറ്റിറക്കങ്ങളൊക്കെ സ്വാഭാവികമാണ്. പക്ഷേ, ദിനേഷ് കാർത്തിക്കിന്റെ തിരിച്ചുവരവാണ് ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചാ വിഷയമാകുന്നത്. അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച് മൂന്നുവർഷത്തിനുശേഷം, 37-ാം വയസ്സിൽ ടീമിൽ തിരിച്ചെത്തുക. ശേഷം ടീമിന്റെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവാകുക, പുതിയ ആരാധകക്കൂട്ടത്തെ സൃഷ്ടിക്കുക. അദ്ഭുതകരമായ രണ്ടാം ഇന്നിങ്‌സാണ് താരം കാഴ്ച വയക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐസിസി ട്വന്റി 20 റാങ്കിംഗിലും ദിനേശ് കാർത്തിക്ക് വന്മുന്നേറ്റം കൈവരിക്കാനായി. 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കാർത്തിക് ആദ്യ നൂറിൽ തിരിച്ചെത്തി. ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഐപിഎല്ലിലെ മിന്നുംപ്രകടത്തിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും വെടിക്കെട്ട് തുടർന്നതാണ് റാങ്കിംഗിൽ ദിനേശ് കാർത്തിക്കിന് നേട്ടമായത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് കരുത്തായത് നാലാം മത്സരത്തിൽ ദിനേശ് കാർത്തിക്കിന്റെ മിന്നും പ്രകടനമായിരുന്നു. 27 പന്തിൽ 55 റൺസെടുത്ത കാർത്തിക്കായിരുന്നു കളിയിലെ താരം. മൂന്ന് വർഷത്തിന് ശേഷം ആദ്യ പരമ്പര കളിക്കുന്ന കാർത്തിക് റാങ്കിംഗിൽ 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87-ാം റാങ്കിലേക്ക് കുതിച്ചുകയറി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് അർധ സെഞ്ച്വറിയടക്കം 206 റൺസെടുത്ത ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാൻ ഏഴാമതാണ്. പാക്കിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. സഹതാരം മുഹമ്മദ് റിസ്‌വാൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം മൂന്നാം സ്ഥാത്തുമുണ്ട്.
ഓസീസ് താരം ജോഷ് ഹെയ്‌സൽവുഡ് നയിക്കുന്ന ബൗളർമാരുടെ പട്ടികയിൽ ഇന്ത്യക്കാർ ആരും ആദ്യപത്തിലില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ആറ് വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹൽ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തേക്ക് കയറി.
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ മുൻനായകൻ വിരാട് കോലി പത്താം സ്ഥാനം നിലനിർത്തി. ബൗളിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്തും ബുമ്ര മൂന്നാം സ്ഥാനത്തുമുണ്ട്. ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിർത്തി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര ഈവർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസ് കൂടിയായിരുന്നു. പരമ്പര സമാപിച്ചപ്പോൾ, അദ്ഭുതം സംഭവിച്ചില്ലെങ്കിൽ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്നുറപ്പുള്ള ഒരേയൊരാൾ ദിനേഷ് കാർത്തിക്കാണ്.
''എന്താണോ ദിനേഷിൽനിന്ന് ടീം പ്രതീക്ഷിക്കുന്നത്, അതേ അളവിൽ അത് നൽകാൻ കഴിയുന്നു എന്നത് സന്തോഷകരമാണ്. ദിനേഷ് തന്റെ റോൾ ഭംഗിയാക്കിയതോടെ ടീമിന്റെമുന്നിൽ ഒട്ടേറെ സാധ്യതതുറന്നിരിക്കുന്നു'' -ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കഴിഞ്ഞപ്പോൾ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഫിനിഷർ റോളിലേക്കാണ് ദിനേഷിനെ കണ്ടുവെച്ചിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20-യിൽ ദിനേഷ് രണ്ടു പന്തിൽ ഒരു റൺസുമായി പുറത്താകാതെനിന്നു. രണ്ടാം മത്സരത്തിൽ 30 നോട്ടൗട്ട്. തുടർന്ന് എട്ടുപന്തിൽ ആറ്. നിർണായകമായ നാലാം ട്വന്റി 20-യിൽ ഇന്ത്യ നാലു വിക്കറ്റിന് 81 എന്നനിലയിൽനിൽക്കെ, ക്രീസിലെത്തിയ ദിനേഷ് 27 പന്തിൽ 55 റൺസുമായി കളിയുടെ ഗതിയും പരമ്പരയുടെ വിധിയും മാറ്റി.
16 വർഷം നീണ്ട അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ ആദ്യ അർധസെഞ്ചുറികൂടിയാണിത്. 2019 ഏകദിന ലോകകപ്പിലാണ് ദിനേഷ് അവസാനമായി കളിച്ചത്. അവസാനമായി ട്വന്റി 20 കളിച്ചത് 2019 ഫെബ്രുവരിയിൽ. ഇനിയൊരു തിരിച്ചുവരവില്ല എന്നുകരുതി കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ കമന്റേറ്ററുടെ റോളിലായിരുന്നു.
ഐ.പി.എലിൽ ഏറെക്കാലം കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ചു. 2020 സീസണിന്റെ പകുതിയിൽവെച്ച് നായകസ്ഥാനം നഷ്ടമായി. 2021 സീസണിൽ വേണ്ടത്ര തിളങ്ങാനുമായില്ല. ഇക്കുറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെയാണ് കളി മാറിയത്. ടീമിനുവേണ്ടി 16 കളിയിൽ 183 സ്‌ട്രൈക്ക് റേറ്റിൽ 330 റൺസ്. അതോടെ ദിനേഷ് പുനർജനിക്കുകയായിരുന്നു.


