ദുബായ്: രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് അവിസ്മരണീയമാക്കി ദിനേഷ് കാർത്തിക്ക്.ആദ്യ പരമ്പര പിന്നിട്ടപ്പോഴേക്കും റാങ്കിങ്ങിൽ 108 സ്ഥാനങ്ങൾ മുൻപോട്ട് കുതിച്ച് ദിനേശ് കാർത്തിക്. ട്വന്റി20 ബാറ്റേഴ്സിന്റെ റാങ്കിങ്ങിൽ 87ാം സ്ഥാനത്തേക്കാണ് കാർത്തിക് എത്തിയത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഫിനിഷിങ്ങിൽ പുറത്തെടുത്ത മികവോടെയാണ് ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ അഞ്ച് കളിയിലും പ്ലേയിങ് ഇലവനിലേക്ക് എത്താൻ ദിനേശ് കാർത്തിക്കിന് കഴിഞ്ഞു.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നാലാം ട്വന്റി20യിൽ 27 പന്തിൽ നിന്ന് 55 റൺസ് ആണ് കാർത്തിക് അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്സും ഇവിടെ കാർത്തിക്കിന്റെ ബാറ്റിൽ നിന്ന് വന്നു. പരമ്പരയിൽ 158 ആണ് കാർത്തിക്കിന്റെ സ്ട്രൈക്ക്റേറ്റ്.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മികച്ച പ്രകടനത്തോടെ അയർലൻഡിനും ഇംഗ്ലണ്ടിനും എതിരെ ട്വന്റി20യിൽ കാർത്തിക് കളിക്കും എന്ന് വ്യക്തമാണ്. ഇവിടേയും കാർത്തിക് ഇതേ ഫോം നിലനിർത്തിയാൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിലും കാർത്തിക് ഇടം നേടും.