കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നുപതിറ്റാണ്ടുകാലത്തെ സിപിഐ(എം) ഭരണത്തിന് അവസാനം കുറിച്ച മമത ബാനർജിയുടെ കാലവും കഴിയുകയാണോ? സംസ്ഥാനത്ത് ബിജെപി കൈവരിക്കുന്ന വളർച്ച കാണുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ മനസ്സിൽ കാണുന്നത് അതുതന്നെയാണ്. സിപിഎമ്മിൽനിന്ന് തൃണമൂൽ കോൺഗ്രസ്സിലേക്ക് ഒഴുകിയെത്തിയ പ്രവർത്തകരിലേറെയും ഇപ്പോൾ ബിജെപി ലാവണത്തിലേക്ക് ചേക്കേറുകയാണ്.

തൃണമൂൽ കോൺഗ്രസ്സിനുള്ളിലും സ്ഥിതി വ്യത്യസ്തമല്ല. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ദിനേഷ് ചതുർവേദിയും ബിജെപിയിലേക്ക് ചേക്കേറുകയാണ്. മമത ബാനർജിയോട് ഇടഞ്ഞാണ് ദിനേഷ് ചതുർവേദിയുടെ വരവ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെ പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കാതലായ മാറ്റം വന്നുവെന്ന് ദിനേഷ് പറഞ്ഞു. ബംഗാളിൽ അടുത്ത തവണ ബിജെപി അധികാരം പിടിക്കാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മമത ബാനർജിക്കൊപ്പം ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ദിനേഷ് ചതുർവേദി ബിജെപിയെ പുൽകുന്നത്. നരേന്ദ്ര മോദിയുമായി തനിക്കുള്ള അടുപ്പവും ബിജെപിയിലേക്കുള്ള വരവിന് ശക്തിപകരുന്നു. 2012 മാർച്ചിൽ തന്റെ ആദ്യ ബജറ്റിൽ യാത്രാക്കൂലി കൂട്ടിയതിനാണ് ദിനേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് മമത ബാനർജി നിർബന്ധിച്ച് രാജിവെപ്പിച്ചത്. ഇതോടെ മമതയുമായി അകന്ന അദ്ദേഹം പാർട്ടിവിടുമെന്ന ശ്രുതി നേരത്തെ മുതലുണ്ടായിരുന്നു.

നിലവിൽ ബരക്പുരിൽനിന്നുള്ള പാർലമെന്റംഗമാണ് ദിനേഷ്. ബിജെപിയിൽ ചേരുന്നതോടെ അദ്ദേഹത്തിന് എംപിസ്ഥാനം രാജിവെക്കേണ്ടിവരും. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും പാർലമെന്റിലെത്താമെന്നും അതോടെ, സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് തുടക്കമിടാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഇന്ന് ഡൽഹിയിലെത്തുന്ന ദിനേഷ് ചതുർവേദി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

തൃണമൂലിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരുന്ന ആദ്യത്തെ നേതാവല്ല ദിനേഷ് ചതുർവേദി. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭയിലംഗമായ മഞ്ജുൾ കൃഷ്ണ താക്കൂർ മന്ത്രിപദവി രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.