ന്യൂഡൽഹി: രാജ്യം കണ്ട എക്കാലത്തെയും മികച്ച ബോക്സിങ് താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ഡിംഗോ സിങ്് അന്തരിച്ചു. അർബുധ രോഗ ബാധിതനായി ചികിത്സയിലിരിക്കെ നാൽപ്പത്തിയൊന്നാമത്തെ വയസ്സിലാണ് മേരി കോമം ഉൾപ്പടെ ഇന്ത്യൻ ബോക്‌സിങ്ങ് താരങ്ങൾക്ക് പ്രചോദനമായ ബോക്സിങ് പ്രതിഭ വിടവാങ്ങുന്നത്.

പത്താം വയസിൽ തന്റെ ആദ്യ ബോക്‌സിങ് മെഡൽ നേടിയ ഡിംഗോ 1998ൽ നടന്ന ഏഷ്യൻ ഗെയിംസിലെ മാസ്മരിക പ്രകടനത്തിനു ശേഷം ഇന്ത്യൻ ബോക്‌സിംഗിന്റെ മുഖം ആയി മാറുകയായിരുന്നു.നിരവധി തവണ കളത്തിനു പുറത്തുള്ള ചരടുവലികളുടെ ഇരയായിട്ടുള്ള ഡിംഗോ, 1998 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ആദ്യം അംഗമായിരുന്നുവെങ്കിലും പിന്നീട് ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കാരണം ടീമിൽ നിന്ന് പുറത്തായി. തുടർന്ന് നിരവധി നിയമപോരാട്ടങ്ങളിലൂടെ ടീമിൽ തിരിച്ചെത്തിയ ഡിംഗോ, ആ ഏഷ്യൻ ഗെയിംസിന്റെ 54 കിലോ ബാന്റം വെയിറ്റ വിഭാഗത്തിൽ സ്വർണമെഡൽ നേടികൊണ്ടാണ് പകരം വീട്ടിയത്.

16 വർഷങ്ങൾക്കു ശേഷം ഒരു ഇന്ത്യക്കാരൻ ഏഷ്യൻ ഗെയിംസ് ബോക്‌സിൽ നേടുന്ന ആദ്യ സ്വർണം എന്നതിലുപരി രാജ്യത്തെ ബോക്‌സിങ് രംഗത്തെ അടിമുടി മാറ്റാൻ ആ ഒരൊറ്റ സ്വർണനേട്ടത്തിനു സഹായിച്ചു.കായികലോകത്തെ സംഭാവനയ്ക്ക് ആദരമായി പിന്നിട് അർജുന അവാർഡും പത്മശ്രീ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

54 കിലോ ബാന്റം വെയ്റ്റ് വിഭാഗത്തിൽ മത്സരിച്ചിരുന്ന ഡിംഗോ, മേരി കോം അടക്കമുള്ള ഒരു പറ്റം താരങ്ങളെ ബോക്‌സിംഗിലേക്ക് കൊണ്ടു വരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.അർബുദവുമായി 2017 മുതൽ പോരടിക്കുകയായിരുന്നു മുൻതാരം. അർബുദ ചികിൽസക്കായി 2020 ഏപ്രിലിൽ അദേഹത്തെ ഇംഫാലിൽ നിന്ന് ഡൽഹിയിലേക്ക് വ്യോമ മാർഗം എത്തിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഡിങ്കോ സിങ് കോവിഡ് ബാധിതനായിരുന്നു. എന്നാൽ വേഗം സുഖംപ്രാപിച്ചു. ശേഷം അർബുദ സംബന്ധമായ ചികിൽസകൾ പുരോഗമിക്കവേയാണ് സൂപ്പർതാരം വിടവാങ്ങിയത്.

ഡിംഗോ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര കായികമന്ത്രിയുമടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.ഡിംഗോ സിങ് തന്റെ ബാല്യകാല ഹീറോ ആയിരുന്നുവെന്നും തനിക്ക് ബോക്‌സിംഗിൽ താത്പര്യം ഉണ്ടായത് അദ്ദേഹത്തിന്റെ മത്സരങ്ങൾ കണ്ടതിനു ശേഷമാണെന്നും ഡിംഗോ സിംഗിന്റെ ബോക്‌സിങ് മത്സരങ്ങൾ കാണുന്നതിനു വേണ്ടി താൻ മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട്.'നമ്മുടെ രാജ്യത്തിന്റെ യഥാർഥ ഹീറോകളിൽ ഒരാളാണ് ഡിങ്കോ. നിങ്ങൾ വിടപറയുമ്പോഴും മഹത്വം ഞങ്ങളിൽ ജീവിക്കും' എന്ന് മേരി കോം അനുശോചിച്ചു.

നഷ്ടമായത് സൂപ്പർതാരത്തെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം ഇന്ത്യൻ കായിക ചരിത്രത്തിലെ ഉജ്വലമായ നിമിഷമാണെന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ(സായ്) ട്വീറ്റ് ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ബോക്സിങ് താരം വിജേന്ദർ സിങ് തുടങ്ങിയവരും ഡിങ്കോ സിങ്ങിനെ അനുസ്മരിച്ചു.