തിരുവനന്തപുരം: ഞായറാഴ്‌ച്ചകളിൽ പത്രങ്ങളിൽ വരാറുള്ള മാട്രിമോണിയൽ കോളങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിന് പ്രധാന കാരണം ഈ പരസ്യങ്ങളിൽ നിറഞ്ഞിരിക്കുന്ന ജാതീയത തന്നെയാണ്. മതം ഏതായാലും കുഴപ്പമില്ലെന്ന് പറഞ്ഞു തുടങ്ങുന്ന പരസ്യങ്ങളിൽ എസ് സി/എസ്ടി പാടില്ലെന്ന മുന്നറിയിപ്പും കൊടുത്തിരുക്കും. കടുത്ത അവഹേളനം നിറഞ്ഞ ഇത്തരം പരസ്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയ കൈയോടെ പൊങ്കാലയിടുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ട്രോളാൻ വേണ്ടി പ്രധാനമായും ഉപയോഗിക്കുന്ന കോമിക് കഥാപാത്രമായ ഡിങ്കനെയും. വന്നു വന്ന് ഡിങ്കോയിസ്‌റ്റെന്ന മതമായി മാറുകയും ലക്ഷക്കണക്കിന് അനുയായികൾ ഉണ്ടാകുകയും ചെയ്തു. എന്തായാലും ഡിങ്കോയിസ്റ്റ് കളി കാര്യമാകുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. ഡിങ്കോയിസ്റ്റായ യുവാവിന്റെ വിവാഹ പരസ്യം ഇന്ന് പത്രങ്ങളിൽ വന്നുകഴിഞ്ഞു.

ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലെ ക്ലാസ്സിഫെഡ് പേജിലാണ് പരമ്പരാഗ പരസ്യങ്ങളെ ട്രോളിക്കൊണ്ട് ഒരു ഡിങ്കോയിസ്റ്റ് യുവാവിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഡിങ്കോയിസ്റ്റും സുന്ദരനും എംടെക് ബിരുദധാരിയും സ്വയം സംരംഭകനുമായ 29കാരനാൻ വധുവിനെ അന്വേഷിക്കുന്നു എന്നാണ് പരസ്യം. ഡിങ്കോയിസ്‌റ്റെന്ന നിലയിൽ രാജ്യം പ്രശ്‌നമല്ലെന്നും പരസ്യത്തിൽ പറയുന്നു. പാക്കിസ്ഥാനി വധുക്കൾക്കും പരസ്യത്തിൽ സ്വാഗതം ചെയ്യുന്നു. തൃശ്ശൂർ ചേറ്റുവ സ്വദേശിയാണ് ഈ വ്യത്യസ്തമായ മാട്രിമോണിയൽ പരസ്യത്തിന് പിന്നിൽ.

മതവിശ്വാസിയല്ലാത്ത റാസ്മിനാണ് ഇന്നത്തെ പത്രത്തിൽ പങ്കാളിയെ കണ്ടെത്താൻ പരസ്യം നൽകിയത്. കുറച്ചുകാലമായി വിവാഹാലോചന തുടങ്ങിയെങ്കിലും അനുയോജ്യയായ വധുവിനെ ലഭിക്കാതെ വന്നതോടെയാണ് ഡിങ്കോയിസ്റ്റാണെന്ന വിധത്തിൽ റാസ്മിൻ പരസ്യം നൽകിയത്. പറവൂരിൽ എഞ്ചിനിയറിങ് സെന്റർ നടത്തുന്നയാളാണ് റാസ്മിൻ. പത്രത്തിലെ പരസ്യത്തിന്റെ സ്‌ക്രീൻഷോട്ട് ഫേസ്‌ബുക്കിൽ ഇട്ടപ്പോൾ നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. ട്രോൾ വിധത്തിലാണ് പരസ്യമെന്നതിനാൽ സോഷ്യൽ മീഡിയയിൽ മകിച്ച പ്രതികരണം ലഭിക്കുകയും ചെയ്യുന്നു. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റാസ്മന്റെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയായിട്ടുണ്ട്.

മൂന്ന് പ്രാവശ്യം പെണ്ണുകാണാൻ പോയിരുന്നു. അവരാരും എന്റെ ചിന്താഗതിയും കാഴ്ചപ്പാടുമായി യോജിക്കാൻ കഴിയുന്നവരായിരുന്നില്ല. എന്റെ മാതാപിതാക്കൾ മതരഹിത ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഡിങ്കോയിസ്റ്റ് ലേബലിൽ പരസ്യം നൽകിയതെന്നാണ് റാസ്മിൻ പറയുന്നത്. സോഷ്യൽ മീഡിയയിലെ ഡിങ്കോയിസ്റ്റ് മൂവ്‌മെന്റിന്റ് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടു തന്നെയാണ് ഇത്തരമൊരു പരസ്യവുമായി യുവാവ് രംഗത്തെത്തിയത്.

പരമ്പരാഗത മതങ്ങളെ ട്രോളാൻ വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ ഡിങ്കോയിസം രൂപപ്പെട്ടത്. മതം സമൂഹത്തിൽ നടത്തുന്ന സ്ഥാപിത ഇടപെടലുകളെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമർശിക്കാനായി ഒരു സമാന്തര മതം. ഡിങ്കോയിസ്റ്റുകൾക്ക് പുതിയ കാലത്തെ ചെറുപ്പക്കാർക്കിടയിലുള്ള സ്വീകാര്യത വെളിവാക്കുന്നതാണ് ഈ വിവാഹ പരസ്യം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങൾ ട്രോൾ ചെയ്യപ്പെടുന്നത്. ഡിങ്കൻ ദൈവമാകുമ്പോൾ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു. പങ്കിലക്കാട് എന്ന സമൂഹത്തിലെ അംഗങ്ങൾ എല്ലാവരും. കപ്പയാണ് ഡിങ്കോയിസ്റ്റുകളുടെ ആസ്ഥാന ഭക്ഷണവും.