കൊച്ചി: പങ്കിലകാട്ടിന്റെ സംരക്ഷകനായ ഏകദൈവം ഡിങ്കന്റെ പേരിൽ സിനിമ എടുക്കുകയോ? ഇതെങ്ങനെ അംഗീകരിക്കാൻ സാധിക്കും.. ഡിങ്കമതത്തെ തീർക്കും അവഹേളിക്കുന്നതല്ലേയിത്..? സിനിമയെ കുറിച്ച് കേട്ട ഉടനെ ഡിങ്കമതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടു. ഇതോടെ സിനിമയിലെ നായകനമായ ദിലീപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിങ്കന്റെ വിഭവമായ കപ്പ അടക്കം വച്ചുവിളമ്പുള്ള ദേ പുട്ട് ഹോട്ടലിലേക്ക് പ്ലകാർഡും ഡിങ്കവചനങ്ങളും ഉരുവിട്ട് പ്രതിഷേധ പ്രകടനം നടത്തി. ഡിങ്കവിശ്വാസികളായ അമ്പതോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഡിങ്കന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏതാനും ദിവസമായി പുകയുന്ന 'പ്രതിഷേധമാണ് ' ഒടുവിൽ ഇന്നലെ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു നേരേ തിരിഞ്ഞത്. ദിലീപ് അഭിനയിക്കുന്ന 'പ്രഫസർ ഡിങ്കൻ' സിനിമ ഡിങ്കനെ അപമാനിക്കുന്നതാണെന്നാണ് 'ഡിങ്ക ഭക്തരു'ടെ വാദം. ഇന്നലെ കൊച്ചി ഒബറോൺ മാളിൽ ഒത്തു ചേർന്ന ഡിങ്ക ഭക്തർ പിന്നീട് പ്രതിഷേധവുമായി ഇടപ്പള്ളിയിലെ ദേ പുട്ട് ഹോട്ടലിലേക്ക് പ്രകടനം നടത്തുകയായിരുന്നു. വിദ്യാർത്ഥികളടക്കമുള്ള അമ്പതോളം 'ഡിങ്ക വിശ്വാസികൾ' പങ്കെടുത്ത പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്ന് ഡിങ്ക ഭക്തനായ ആശിഷ് ജോസ് പറഞ്ഞു.

ബാലമംഗളത്തിലൂടെ പ്രശസ്തനായ കാർട്ടൂൺ കഥാപാത്രമാണ് ഡിങ്കൻ. ഡിങ്കോയിസം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ മതമാണ്. എന്നെയും നിന്നെയും ഈ ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ച ഒരു ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു അത് ഡിങ്കനാണെന്നുമുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധം അറിയിച്ചത്. 'പ്രഫസർ ഡിങ്കൻ' എന്ന പേര് തന്നെ ഡിങ്കാനുയായികളെ വേദനിപ്പിക്കുന്നതാണ്. ഈ മഹാപ്രപഞ്ചവും പങ്കിലക്കാടും കേവലമൊരു തേങ്ങാപ്പൂളിൽ ഊതി ഉണ്ടാക്കിയ അറിവിന്റെ അക്ഷയ ഖനിയായ ഡിങ്കനെ മനുഷ്യനെ വിളിക്കുന്ന പോലെ പ്രഫസർ ചേർത്ത് വിളിക്കുന്നത് ആ മഹാശക്തിയോട് ചെയ്യുന്ന ക്രൂരതയാണ് മറ്റു മതങ്ങളിലെ ദൈവങ്ങളെ ആരും ഇങ്ങനെ മാഷും ടീച്ചറും ഒന്നും ചേർത്ത് വിളിക്കാറിലല്ലോ.' ഇതാണ് ഡിങ്ക ഭക്തരുടെ വാദം.

'ആർഷ ഡിങ്കോയിസത്തെ അപമാനിക്കുകയാണ് അന്യമതസ്ഥനായ ദിലീപ് ചെയ്യുന്നത്. ഇത് പറക്കും തളിക എന്ന സിനിമ മുതൽക്കേ ദിലീപ് ചെയ്തുപോരുന്നതാണ്. പറക്കും തളികയിൽ പാസ്‌പോർട്ട് കരണ്ടുജീവിക്കുന്നവരായി എലികളെ ചിത്രീകരിച്ച്, അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ദിലീപ് ചിത്രത്തിലുടനീളം ചെയ്യുന്നുണ്ട്. ഡിങ്കമതവികാരത്തെ വൃണപ്പെടുത്തുന്ന ഈ അനാവശ്യ പ്രവണത ദിലീപ് അവസാനിപ്പിച്ചേ മതിയാവൂ.' രാകേഷ് പറഞ്ഞു.

പ്രൊഫ. ഡിങ്കൻ എന്ന സിനിമ ദിലീപ് ഉപേക്ഷിക്കുക, അല്ലെങ്കിൽ സിനിമയെ 'ഭഗവാൻ ഡിങ്കൻ' എന്ന് പുനർ നാമകരണം ചെയ്യുക, സിനിമയുടെ തിരക്കഥ ചിത്രീകരിക്കുന്നതിനു മുൻപ് ഡിങ്കോയിസ്റ്റുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി സമ്മതം വാങ്ങുക, പറക്കും തളിക എന്ന സിനിമയിലെ ഡിങ്കോയിസത്തെ അപമാനിക്കുന്ന രംഗങ്ങളൊഴിവാക്കി സിനിമ റീ റിലീസ് ചെയ്യുക, ദേ പുട്ട് എന്ന റെസ്റ്റോറന്റിനെ ദേ കപ്പ എന്ന് പേരു മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു.

'സാമ്രാജ്യത്വ ശക്തികളുടെ ഇഷ്ടഭക്ഷണമായ പുട്ട് പിന്നിൽ നിന്ന് കുത്തുന്നതിനെ പ്രോൽസാഹിപ്പിക്കുന്നു എന്നിരിക്കെ, സാമ്രാജ്യത്വത്തെ മൂടോടെ പിഴുതെറിയുന്നത് ബിംബവൽക്കരിക്കുന്ന കപ്പ ആയിരിക്കണം ഒരു ജനാധിപത്യ രാജ്യത്തെ പ്രധാന ഭക്ഷണം. ജനാധിപത്യത്തെ അട്ടിമറിക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് കൂട്ടുനിൽക്കുകയാണ് പുട്ടുകട നടത്തുന്നതിലൂടെ ദിലീപ് ചെയ്യുന്നത്. ഇത് രാജ്യദ്രോഹമാണ്. ജനിച്ചുവീണ മണ്ണിനെതിരെയുള്ള ഈ വഞ്ചനയെ ആർഷ ഡിങ്കമതസ്ഥർ വച്ചുപൊറുപ്പിക്കില്ല.' സമ്മേളനത്തിന് സമാപ്തി കുറിച്ചുകൊണ്ട് ഡിങ്കോയിസ്റ്റ് ആത്മീയാചാര്യൻ ഡിങ്കശ്രീ. സമൂസ ത്രികോണാധ്യായ പ്രഖ്യാപിച്ചു. തുടർന്ന് പത്തുമിനിട്ട് ഡിങ്കസ്തുതികൾ ഉരുവിട്ട ശേഷം ഡിങ്കോയിസ്റ്റുകൾ പിരിഞ്ഞുപോയി.

കപ്പ നട്ട മണ്ണിൽ നിന്നുയർന്നു വന്ന ചുണ്ടെലി
ഡിങ്ക കീർത്തനങ്ങളിന്നു പുക്കളാണ് പൊഴിക്കവേ
നോക്കുവിൻ ഭക്തരെ, ഡിങ്കൻ വന്ന വീഥികൾ...
എന്നു തുടങ്ങുന്ന ഡിങ്ക സ്തുതിയും പാടിയാണ് അവർ പ്രകടനം അവസാനിപ്പിച്ചത്.

ഡിങ്കമതത്തെ സംരക്ഷിക്കാൻ മൂഷിക സേന എന്ന പേരിൽ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകൾ തുടങ്ങിയരുന്നു. ദിലീപേട്ടന്റെ പുട്ടുകടയിൽ കപ്പക്കിഴങ്ങും തേങ്ങാപ്പൂളും ഇല്ലാതെ കാര്യങ്ങൾ നടക്കില്ലേ തുടങ്ങി നിരവധി രസികൻ ട്രോളുകൾ. ഡിങ്കനും ഡിങ്കമതത്തിനും എതിരായ ആക്രമണം നേരിടാനുള്ള സേന എന്ന നിലയിലാണ് മൂഷിക സേനയെ വിശേഷിപ്പിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ ഹാസ്യാവിഷ്‌കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയായിക്കി ഹാസ്യാനുകരണമെന്ന നിലയിൽ പ്രതികരിക്കുന്നത്. പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെ അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യൽ മീഡിയയിൽ രൂപമെടുത്ത കൂട്ടായ്മയാണ് ഡിങ്കമതം. ബാലമംഗളത്തിലൂടെ സുപരിചിതമായ ഡിങ്കൻ എന്ന കോമിക് സൂപ്പർഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടൽ. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമർശമുണ്ടാകുമ്പോൾ വിശ്വാസികൾ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോൾ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ആദ്യസംവിധാന സംരംഭമാണ് പ്രൊഫസർ മായാവി. ത്രീഡി രൂപത്തിലെത്തുന്ന ചിത്രം സനൽ തോട്ടമാണ് നിർമ്മിക്കുന്നത്. സംവിധായകൻ റാഫിയാണ് തിരക്കഥ. ദിലീപ് ആദ്യമായാണ് ഒരു ത്രീഡി ചിത്രത്തിൽ നായകനാകുന്നത്. മജീഷ്യൻ മുതുകാടും ചിത്രത്തിലുണ്ട്.