ജുറാസിക് പാർക്ക് സിനിമകളിൽ കണ്ട ഡിനോസറിന്റെ പ്രതിമയാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. എന്നാൽ, 11 കോടി വർഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഡിനോസറിന്റെ ഫോസിലാണിതെന്ന് പറഞ്ഞാൽ ഉൾക്കൊള്ളാൻ പ്രയാസമാകും. 2011-ൽ കണ്ടെത്തിയ ഫോസിൽ ഇപ്പോൾ കാനഡയിലെ മ്യൂസിയത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്.

ഖനനം നടത്തുന്നതിനിടെയാണ് ആറുവർഷം മുമ്പ് കാനഡയിലെ നോർത്തേൺ ആൽബർട്ടയിൽനിന്ന് ഈ ഫോസിൽ കണ്ടെത്തുന്നത്. മക്മുറേ കോട്ടയ്ക്കടുത്ത് ഖനനം നടത്തവെ, ഷോൺ ഫങ്കാണ് ഇത് കണ്ടെത്തിയത്. പാറകൾ കുഴിക്കുന്നതിനിടെ, അപരിചിതമായ എന്തോ വസ്തുവിൽത്തട്ടിയതോടെ, അദ്ദേഹം കുഴിക്കൽ അവസാനിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധരെത്തി ഫോസിൽ കുഴിച്ചെടുക്കുകയും റോയൽ ടൈറൽ മ്യൂസിയം ഓഫ് പാലന്റോളഡിക്ക് കൈമാറുകയും ചെയ്തു.

പിന്നീടുള്ള ആറുവർഷം കൊണ്ട് ഫോസിലെ വൃത്തിയാക്കിയെടുത്ത മ്യൂസിയം അധികൃതർ അത് പ്രദർശനത്തിന് ഒരുക്കുകയായിരുന്നു. ഇത്രയും വലിപ്പമുള്ള ഫോസിൽ ഇത്രത്തോളം നല്ല രീതിയിൽ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഏഴായിരം മണിക്കൂറോളമാണ് ഫോസിൽ കാഴ്ചക്കാർക്കായി ഒരുക്കുന്നതിന് മ്യൂസിയം അധികൃതർ അധ്വാനിച്ചത്.