ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനു സമ്മാനമായ നൽകിയ ബിഎംഡബ്ല്യു കാർ തിരികെ നൽകുമെന്ന വാർത്തകൾ നിഷേധിച്ച് ജിംനാസ്റ്റിക് താരം ദിപ കർമാർക്കർ. കാർ തിരിച്ചു നൽകുന്നുമെന്നു പറഞ്ഞിട്ടില്ലെന്നും കാർ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാൽ തിരിച്ചു നൽകുകയെന്ന സാധ്യതയെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ദിപ വ്യക്തമാക്കി. സച്ചിൻ സർ നേരിട്ടു സമ്മാനിച്ച ബിഎംഡബ്ല്യു കാർ തിരിച്ചു നൽകുന്നുവെന്നോ നിരസിക്കുന്നുവെന്നോ പറഞ്ഞിട്ടില്ല. കാർ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാൽ തിരിച്ചു നൽകുകയെന്ന സാധ്യതയെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്.

സച്ചിന്റെ കൈയിൽനിന്ന് കാറിന്റെ ചാവി ലഭിച്ചതുതന്നെ വലിയ കാര്യമാണ്. അങ്ങനെയൊരു സമ്മാനം തിരിച്ചുനൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ കൂടിയാകില്ല. പ്രാദേശികമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ മറ്റൊരു കാർ ലഭിക്കുമോ എന്ന ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷനോടു ചോദിക്കുക മാത്രമാണ് ചെയ്തത് ദിപ വ്യക്തമാക്കി. ബിഎംഡബ്ല്യു പോലെയുള്ള ആഡംബര കാർ പരിപാലിക്കാനുള്ള ബുദ്ധിമുട്ട്, അഗർത്തലയിൽ ബിഎംഡബ്ല്യുവിന്റെ സർവീസിങ് സെന്റർ ഇല്ലാത്തത്, ത്രിപുരയിലെ മോശമായ റോഡുകൾ എന്നീ കാരണങ്ങൾകൊണ്ട് സമ്മാനമായി ലഭിച്ച കാർ തിരിച്ചുനൽകുമെന്ന തരത്തിൽ കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി. ചാമുണ്ഡേശ്വരനാഥാണു കാറിന്റെ യഥാർഥ ഉടമ. ഇദ്ദേഹമാണ് ദിപയ്ക്ക് കാർ നൽകിയത്. ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ പി.വി സിന്ധു, ഗുസ്തിയിൽ വെള്ളിനേടിയ സാക്ഷിമാലിക്, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവർക്കൊപ്പമാണ് അന്ന് ദിപയ്ക്കും കാർ ലഭിച്ചത്. .