- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിരട്ട് കൈയിൽ വച്ചാൽ മതി': ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ തന്റേടത്തോടെ ചോദ്യം ചെയ്തത് പിണറായി സർക്കാരിനെ; നയതന്ത്രകള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകൊടുക്കാതെ വരച്ച വരയിൽ നിർത്തിയത് യുഎഇ ഉദ്യോഗസ്ഥരെ; കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്ക് വണ്ടി കയറും മുമ്പ് കുറ്റപത്രം സമർപ്പിക്കും
കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന് കമ്മീഷണർ സുമിത് കുമാറിന്റെ സ്ഥലംമാറ്റം ദുഃഖ വാർത്ത ആയിരുന്നു. ന്യൂഡൽഹി സ്വദേശിയും 1994 ലെ ഐആർഎസ് ബാച്ച് ഉദ്യോഗസ്ഥനുമായ സുമിത് സഹപ്രവർത്തകർക്ക് പ്രിയങ്കരനാകുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് കള്ളക്കടത്തുകാർക്കെതിരെ മുഖം നോക്കാതെ തീരുമാനം എടുക്കും. രണ്ട് രാഷ്ട്രീയ സമ്മർദ്ദങ്ങൾ വിളിപ്പാടകലെ നിർത്തി സഹപ്രവർത്തകരെ പിന്തുണയ്ക്കും.
നേരത്തെ മാധ്യമപ്രവർത്തകനായിരുന്നു സുമിത്. ഐആർഎസിൽ ചേരും മുമ്പ് കോളമിസ്റ്റായിരുന്നു. ഭീവണ്ടിയിൽ ജിഎസ്ടി-സെൻട്രൽ എക്സൈസ് വിഭാഗത്തിലേക്കുള്ള സ്ഥലംമാറ്റത്തിൽ അസാധാരണമായി ഒന്നുമില്ല. എന്നാൽ, രാജ്യം തന്നെ ഉറ്റുനോക്കിയ നയനതന്ത്ര സ്വർണകള്ളക്കടത്ത് കേസ് അന്വേഷണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ കുറ്റപത്രം അടിയന്തരമായി സമർപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് സൂപ്രണ്ട് സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിയിരുന്നു. സുമിത് കുമാറിനെ നിർണായക സമയത്ത് മാറ്റിയത് കേസിന്റെ തുടർനടപടികളെ ബാധിക്കും എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളും അന്വേഷണ വഴിയിലാണ്. ഈ നിർണായക സമയത്തെ സ്ഥലം മാറ്റത്തിന്റെ ദോഷം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ വിരട്ട് കൈയിൽ വച്ചാൽ മതി
കൊച്ചിയിൽ കസ്റ്റംസ് പ്രവിന്റീവ് കമ്മീഷണറായി ഇരിക്കെ, നിരവധി സെൻസേഷണൽ കേസുകൾ സുമിത് കുമാർ അന്വേഷിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് തീർച്ചയായും നയതന്ത്ര സ്വർണക്കടത്ത് തന്നെ. കഴിഞ്ഞ മാർച്ചിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു: ഒരുരാഷ്ട്രീയ പാർട്ടി വിരട്ടാൻ നോക്കിയാൽ ഇവിടെ അതുചെലവാകില്ല. കസ്റ്റംസ് ഓഫീസിലേക്കുള്ള എൽഡിഎഫ് മാർച്ചിനെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
30 കിലോ സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയത് പിടിച്ചപ്പോൾ, അത് വിട്ട് കൊടുക്കാതിരിക്കാനും, യുഎഇയിലേക്ക് തിരിച്ചയയ്ക്കാതിരിക്കാനും സുമിത് ഉറച്ച തീരുമാനമെടുത്തു. യുഎഇ നയതന്ത്ര പ്രതിനിധികൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും നടന്നില്ല. വിഷയത്തിന്റെ ഗൗരവത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചതും എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് നയിച്ചതും സുമിതിന്റെ ശ്രമഫലമായാണ്. കസ്റ്റംസ് അന്വേഷണ സംഘത്തിലെ പലരെയും രാഷ്ട്രീയമായി ലക്ഷ്യമിട്ടപ്പോളും അദ്ദേഹം സഹപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകി.
ചുമതല ഏറ്റെടുത്തത് മുതൽ റെക്കോഡ് സ്വർണവേട്ട
2017 ാണ് കൊച്ചി കസ്റ്റംസ് ഹൗസിൽ കമ്മീഷണറായി സുമിത് കുമാർ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ അധിക ചുമതല നൽകുകയായിരുന്നു. വാർഷിക കണക്കെടുപ്പിൽ 200 കിലോയിലേറെ സ്വർണമാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയും സ്വീകരിച്ചിരുന്നു.
2019 ൽ സുമിതിന്റെ കീഴിലുള്ള ടീം തൃശൂരിൽ നിന്ന് 123 കിലോ സ്വർണം പിടിച്ചു. സംസ്ഥാന കസ്റ്റംസ് ചരിത്രത്തിലെ തന്നെ റെക്കോഡ് സ്വർണവേട്ട. സംസ്ഥാനത്തെ എല്ലാ ക്സറ്റംസ് യൂണിറ്റുകളെയും സംയോജിപ്പിച്ചായിരുന്നു സ്വർണവേട്ട. തിരുവനന്തപുരത്ത് 31 കിലോ സ്വർണമാണ് പിടിച്ചത്. 21 തവണയായി 167 കിലോ സ്വർണം കടത്തിയെന്ന് പ്രതികൾ പിന്നീട് സമ്മതിക്കുകയും ചെയ്തു.
സ്ഥലം മാറ്റത്തിൽ അമിതപ്രതികരണമില്ല
സ്ഥലംമാറ്റം ഒക്കെ ജോലിയുടെ ഭാഗം എന്നാണ് സുമിത് കുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഐആർഎസ് ബാച്ച് മേറ്റ് രാജേന്ദ്രകുമാറാണ് കൊച്ചിയിലെ പകരക്കാരൻ. സുമിത് കുമാർ ഒരേ സ്ഥലത്ത് നാലു വർഷം പൂർത്തിയാക്കിയതാണ് സ്ഥലംമാറ്റത്തിന് കാരണം. അതേസമയം, കസ്റ്റംസ് ഹൗസ് കമ്മിഷണറും നാലുവർഷം പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തെ മാറ്റിയിട്ടില്ല. ഇതെചൊല്ലി സഹപ്രവർത്തകർക്ക് ഇടയിൽ മുറുമുറുപ്പ് ഉണ്ടെങ്കിലും സുമിത് കുമാർ അതൊന്നും ശ്രദ്ധിക്കുന്നില്ല. ജോലി ചെയ്യുക പരാതി പറയാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മതം.
അവിവാഹിതനാണു സുമിത്കുമാർ. സിവിൽ സർവീസുകാരുടെ കുടുംബത്തിൽ നിന്നുള്ളയാൾ. ബിഹാറിൽ വേരുകളുള്ള കുടുംബ പശ്ചാത്തലം. സുമിത്കുമാർ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. നിയമത്തിൽ, ന്യൂയോർക്ക് സർവകലാശാലയിൽനിന്നു ബിരുാദനന്തര ബിരുദം നേടിയിട്ടുണ്ട്.
പലവട്ടം ആക്രമണഭീഷണി
സുമിത്കുമാറിനു നേരെ ആക്രമണ ഭീഷണിയുണ്ടെന്ന കസ്റ്റംസ് പരാതിയിൽ കൊണ്ടോട്ടിയിൽ ഒരു കേസും കൊച്ചിയിൽ 3 കേസുകളും നിലവിലുണ്ട്. സ്വർണക്കടത്തു സംഘം ആക്രമിക്കാൻ ശ്രമിച്ചുവെന്നും വഴിയിൽ തടഞ്ഞെന്നുമാണു കൊണ്ടോട്ടിയിലെ പരാതിയിൽ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കൊച്ചിയിലും അക്രമിസംഘത്തെ പറ്റി പൊലീസിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാൽ, തനിക്കെതിരെ ഉള്ള ആക്രമണങ്ങൾ അന്വേഷിക്കാൻ കേരള പൊലീസിന് യാതൊരു താൽപര്യവും ഇല്ലെന്നാണ് സുമിത് കുമാർ നേരത്തെ ആരോപിച്ചത്. ഒന്നുകിൽ, പൊലീസിന് കുറ്റവാളികളെ പിടികൂടാൻ കഴിവില്ല, അതല്ലെങ്കിൽ സത്യം പുറത്തുകൊണ്ടുവരാൻ താൽപര്യമില്ല, അദ്ദേഹം മുമ്പ് ആരോപിച്ചു.
ഫെബ്രുവരി 12ന് കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് മടങ്ങുമ്പോൾ ഒരുസംഘം തന്നെ പിന്തുടർന്നുവെന്നും പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ക്രമസമാധാന നില തകർന്നുവെങ്കിലും ആരും അതുകാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമങ്ങൾ അടക്കം ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ടൺ കണക്കിന് സ്വർണമാണ് കേരളത്തിന് അകത്തേക്കും പുറത്തേക്കും കടത്തുന്നത്. പലരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. കസ്റ്റംസ് പോലെയുള്ള വകുപ്പുകൾക്ക് നേരേ ആക്രമണം ഉണ്ടാകുമ്പോൾ, പൊലീസ് അത് കൈകാര്യം ചെയ്യാൻ മടിക്കുമ്പോൾ ആരാണ് ഇതിന് പിന്നിലെന്നാണ് നിങ്ങൾ കരുതുന്നത്, സുമിത് കുമാർ ഉയർത്തുന്ന ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.
മറുനാടന് മലയാളി ബ്യൂറോ