- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോട്ടോക്കോൾ വിഭാഗം അറിയാതെ ഡിപ്ലോമാറ്റിക് കാർഗോ വല്ലാർപാടത്തുമെത്തി; രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗം; വിഷയം ശ്രദ്ധയിൽ പെടുന്നത് സ്വർണ്ണക്കടത്തു കേസിൽ വിവാദം ഉയർന്നതിന് ശേഷം; നയതന്ത്ര ബാഗേജുകൾ വിട്ടു നൽകാൻ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങൾ തേടി എൻഐഎയും കസ്റ്റംസും; അനുമതിയില്ലാതെ ബാഗേജുകൾ വിട്ടു നൽകിയതിൽ ദുരൂഹത വർദ്ധിക്കുന്നു
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ പുറത്തുവരുന്നത് അനുമതിയില്ലാത്ത ഇറക്കുമതികൾ. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം അറിയാതെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് കാർഗോ യുഎഇ കോൺസുലേറ്റിലേന് വിട്ടു നൽകിയത്. യു എ ഇ യിൽ നിന്ന് മാർച്ച് 23നാണ് വല്ലാർപാടത്ത് കാർഗോ എത്തിയത്. കോൺസുലേറ്റ് ഇത് പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ല. എന്നാൽ പ്രോട്ടോക്കോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ കാർഗോ കസ്റ്റംസ് വിട്ടു നൽകുകയായിരുന്നു. ഇതിൽ ദുരൂഹതകൾ ഉയരുന്നുണ്ട്.
പിന്നീട് സ്വർണക്കടത്ത് വിവാദം ഉയർന്ന ശേഷമാണ് ഇക്കാര്യം സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അവർ ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് നയതന്ത്ര ബാഗേജുകൾ വിട്ടു നൽകാൻ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങൾ തേടി എൻഐഎയും കസ്റ്റംസും സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിച്ചത്.
രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിലപാട്. അനുമതി ഇല്ലാതെ ബാഗേജുകൾ വിട്ടു നൽകിയിട്ടുണ്ടെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഒപ്പം കസ്റ്റംസിന്റെ നടപടികളിൽ ദുരൂഹതയും വർധിക്കുന്നു. അതേസമയം സ്വർണക്കടത്തു കേസിന്റെ പശ്ചാത്തലത്തിൽ, യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാരിലേക്ക നീളുകയാണ്. നയതന്ത്ര ചാനലിലൂടെ എത്തുന്ന പാഴ്സലുകൾക്ക് ഡ്യൂട്ടി ഇളവു നൽകുന്നതിന് പൊതുഭരണ വകുപ്പ് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്.
ഇതിന്റെ ഭാഗമായി, രണ്ടു വർഷത്തിനിടെ കോൺസുലേറ്റിൽ നിന്ന് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ ഒഫീസർക്ക് ലഭിച്ച അപേക്ഷകളുടെയും നൽകിയ സർട്ടിഫിക്കറ്റുകളുടെയും വിവരങ്ങൾ ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകി. 20 നകം ഈ രേഖകൾ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാക്കാനാണ് പ്രോട്ടോക്കോൾ ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ ബി.സുനിൽകുമാറിന് കസ്റ്റംസ് അസി.കമ്മിഷണർ (പ്രിവന്റീവ്) എൻ.എസ്.ദേവിന്റെ നോട്ടീസ്.നയതന്ത്ര ചാനലിലൂടെയെത്തുന്ന, 20 ലക്ഷത്തിൽ താഴെ മൂല്യമുള്ള പാഴ്സലുകൾക്ക് ഡ്യൂട്ടി ഇളവ് അനുവദിക്കുന്നതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സാക്ഷ്യപത്രം വേണം. (അതിനു മുകളിലുള്ളവയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയാണ് വേണ്ടത്).
പ്രോട്ടോകോൾ ചട്ടത്തിലെ 3, 17 വ്യവസ്ഥകൾ പ്രകാരമാണ് ഡ്യൂട്ടിയിളവ് അനുവദിക്കുക.രണ്ടു വർഷത്തിനിടെ കോൺസുലേറ്റിൽ നിന്ന് ഡ്യൂട്ടി ഇളവിന് അപേക്ഷ ലഭിക്കുകയോ, സാക്ഷ്യപത്രം നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പ്രോട്ടോകോൾ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് കോൺസുലേറ്റ് ആരംഭിച്ച ഘട്ടത്തിൽ രണ്ടോ മൂന്നോ തവണ ഡ്യൂട്ടി ഇളവിന് സർക്കാർ അനുമതി നൽകിയിരുന്നു. കസ്റ്റംസ് ക്ലിയറൻസിനായി സ്വർണക്കടത്തു കേസിലെ പ്രതികൾ വ്യാജരേഖകൾ നൽകിയിട്ടുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.ഇക്കാര്യം ഉറപ്പിക്കാനാണ് രണ്ടു വർഷത്തെ രേഖകൾ പരിശോധിക്കാനുള്ള തീരുമാനം. ദുരൂഹം ആ 4479കിലോഡിപ്ലോമാറ്റിക് കാർഗോ എന്നു രേഖപ്പെടുത്തി, 250 പായ്ക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരിൽ മാർച്ച് നാലിന് യു.എ.ഇ കോൺസലാർ ജനറലിന്റെ പേരിൽ എത്തിച്ച 4479 കിലോ കാർഗോ ആണ് ദുരൂഹം.
ഈന്തപ്പഴം, നൂഡിൽസ്, ഉണങ്ങിയ പഴങ്ങൾ, മതഗ്രന്ഥങ്ങൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെയാണ് പാഴ്സലുകളിൽ രേഖപ്പെടുത്തിയിരുന്നത്.ഇതിൽ 32പായ്ക്കറ്റാണ് മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി- ആപ്റ്റിന്റെ കവചിത ലോറിയിൽ മലപ്പുറത്ത് എത്തിച്ചത്.നയതന്ത്റ പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരുന്നതിനോ അതിന് നികുതിയിളവ് നൽകുന്നതിനോ പ്രോട്ടോകോൾ വിഭാഗത്തിന് അധികാരമില്ല. മതഗ്രന്ഥമെന്ന പേരിൽ പാഴ്സൽ കൊണ്ടുപോയത് ആസൂത്രിതമാണെന്നും ലോക്ക് ഡൗൺ കാലത്തെ ഈ കടത്തിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.
കസ്റ്റംസ് തേടുന്നത്1) നയതന്ത്ര ചാനലിലൂടെയെത്തുന്ന സാധനങ്ങൾക്ക് ഡ്യൂട്ടി ഇളവ് നൽകുന്നതിനുള്ള പ്രോട്ടോകോൾ മാന്വലിന്റെ പകർപ്പ്.2) 2019, 2020 വർഷങ്ങളിൽ യു.എ.ഇ കോൺസലേറ്റിന് ഡ്യൂട്ടി ഇളവിനായി നൽകിയ സർട്ടിഫിക്കറ്റുകളും ഫയലും3) അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെയും അനുമതി നൽകിയ ഉദ്യോഗസ്ഥന്റെയും പേരും പദവിയും.4) ഈ കാലയളവിൽ കിട്ടിയ അപേക്ഷകളിലുള്ള കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പ്.
മറുനാടന് മലയാളി ബ്യൂറോ