കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അനുരാഗകരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന് നൽകിയതിനെതിരെ, സുരഭി ലക്ഷ്മിക്ക പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ സംവിധായകനും ഛായാഗ്രഹനും രംഗത്ത്.

പുറത്ത് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ജൂറി സ്വതന്ത്രമായി കണ്ടെത്തിയ ലിസ്റ്റിൽ മുന്തിയ പരിഗണനയിലുള്ളത് സുരഭിയുടെ പേരായിരുന്നു. പിന്നീടത് മാറ്റിമറിക്കപ്പെട്ടപ്പോൾ ഒഴിവാക്കുന്നതിനുള്ള കാരണം ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പ്രത്യേക ജൂറി പരാമാർശം സുരഭിക്ക് നൽകിയത്. ഒരു ആശ്വാസം എന്ന നിലയിലായിരിക്കാം ഇത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ച മാൻഹോളും മിന്നാമിനുങ്ങും ഒരു പൊതു ഇടത്തിൽ പ്രദർശിപ്പിച്ച് സംവാദം നടത്താൻ ചലച്ചിത്ര അക്കാദമി തയ്യാറാണോയെന്നും സംവിധായകൻ അനിൽ തോമസ് ചോദിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു വനിത സംവിധായകയ്ക്ക് അവാർഡ് കൊടുത്തു എന്ന് പറയുന്നതല്ല സ്ത്രീശാക്തീകരണമെന്നും അനിൽ കൊച്ചിയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തുള്ളവർ സൗകര്യപൂർവ്വം മിന്നാമിനുങ്ങ് എന്ന സിനിമയെ മറക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പ്രിവ്യുവിന് ശേഷമുള്ള ആളുകളുടെ അഭിപ്രായം അനുസരിച്ച് ഒരിക്കലും എഴുതിത്ത്തള്ളാനാകാത്ത പെർഫോമൻസ് ആണ് ചിത്രത്തിൽ സുരഭിയുടേത്. നാൽപ്പത്തഞ്ച് വയസ്സുള്ള ഒരു വീട്ടമ്മയുടെ വേഷമാണ് സുരഭി വളരെ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ മികവ് ഇല്ലാത്ത അഭിനയത്തിന് രജിഷ വിജയന് അവാർഡ് നൽകിയത് ഒരുപാട് സംശയത്തിന് ഇട നൽകുന്നുണ്ട്. അന്തിമപട്ടിക വേറെ ആർക്കോ തിരുത്താൻ കൊടുക്കുന്ന ഒരു പ്രവണതയാണ് ഇത്തവണ കണ്ടത്. ഇങ്ങനെയാണെങ്കിൽ അക്കാദമി എന്തിനാണ് പ്രത്യേകം ജൂറിയെ നിയമിക്കുന്നതെന്നും അനിൽ തോമസ് തുറന്നടിച്ചു.

വിധവയായ വീട്ടമ്മയുടെ ജീവതയാത്രയാണ് മിന്നാമിനുങ്ങ് എന്ന ചിത്രം. സാധാരണ ജോലികൾ ചെയ്യുന്ന അമ്മയും മകളും അമ്മയുടെ അച്ഛനും ചേരുന്ന കുടുംബത്തെ കേന്ദ്രീകരിച്ചാണ് മിന്നാമിനുങ്ങിന്റെ കഥ പുരോഗമിക്കുന്നത്. തിരുവനന്തപുരം ആണ് പശ്ചാത്തലം. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചിലപ്രശ്നങ്ങൾ എങ്ങനെ അവർ തരണം ചെയ്ത് മുന്നോട്ട് പോകുന്നു എന്നാണ് ചിത്രം പറയുന്നത്. നാൽപ്പത്തിയഞ്ച് വയസ്സുള്ള വീട്ടമ്മയായാണ് സുരഭി അഭിനയിക്കുന്നത്. ഒരുപാട് യാതനങ്ങൾ അനുഭവിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തിലേക്ക് എത്താൻ മികച്ച ശ്രമം തന്നെയാണ് സുരഭിക്ക് വേണ്ടിവന്നിട്ടുള്ളത്. നടത്തത്തിലും ശരീരഭാഷയിലും, സംസാര ശൈലിയിലുമെല്ലാം അടിമുടി മാറ്റമാണ് ചിത്രത്തിന് വേണ്ടി സുരഭി വരുത്തിയിട്ടുള്ളത്. ഒരു പടത്തിന് വേണ്ടി കഴിഞ്ഞ വർഷം ഒരു നടിയും ഇത്രയും റിസ്‌ക് എടുത്തുകാണില്ലെന്നും അനിൽ തോമസ് പറഞ്ഞു.

ചിത്രം ഉടനെതന്നെ തീയ്യറ്ററിൽ റിലീസ് ചെയ്യും. അതുകഴിഞ്ഞ ആളുകൾ കണ്ടിട്ട് അവർ വിലയിരുത്തട്ടെ ഏത് ചിത്രത്തിലെ നായികയാണ് അവാർഡിന് അർഹ എന്ന്. സിനിമ മന്ത്രി ഒരു കാര്യം ശ്രദ്ധിക്കണം. അക്കാഡമിയെ സ്വതന്ത്രമായി വിട്ടുവെന്ന് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, അധികാരത്തിന്റെ ഇടനാഴികളിൽ ചില അവതാരങ്ങൾ കൃത്യമായി മെയ്‌യുന്നുണ്ട്. ഇക്കാര്യത്തിൽ മന്ത്രി ജാഗ്രത പാലിക്കണം. അക്കാഡമി ഉടൻ നവീകരിക്കണം. ഒരുപാട് നല്ല ചിത്രങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും അതിനൊന്നും ഒരു പരാമർശം പോലും കിട്ടാതെ പോകുന്ന അവസ്ഥയാണ്. പ്രത്യേക ജൂറി പരാമർശത്തെ ഒരിക്കലും കുറച്ചുകാണുന്നില്ല. മികച്ച നടിക്കുള്ള അവാർഡിന് തത്തുല്ല്യമായിട്ടാണ് അതിനെ കാണുന്നതെന്നും അനിൽ തോമസ് മറുനാടൻ മലയാളിയോട് കൊച്ചിയിൽ പറഞ്ഞു.

ഛായാഗ്രഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...

ഞാൻ ഛായാഗ്രഹണം Anil Thomas സംവിധാനവും Manoj Ramsingh രചനയും നിർവഹിച്ച മിന്നാമിനുങ്ങിലെ അഭിനയത്തിന് Surabhi Lakshmi ക്ക് സംസ്ഥാന സ്പെഷ്യൽ ജൂറി അവാർഡും. ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള ക്രിട്ടിക് അവാർഡും കിട്ടിയ സന്തോഷം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു. സ്വന്തം ശരീര ഭാഷ മാറ്റിയും. നോട്ടത്തിലും സംസാരത്തിലും പ്രായത്തിലും
കഥാപാത്രമായി മാറുകയും.

തനിക്ക് വശമില്ലാത്ത തിരുവനന്തപുരം ഭാഷാ രീതിയിൽ സംഭാഷണം ഉരുവിട്ടും. ആ കഥാ പാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും ചെയ്ത സുരഭിയെ, ഒരു സ്പെഷ്യൽ ജൂറി അവാർഡിൽ മാത്രം ഒതുക്കാൻ ഉള്ളതാണോന്ന് എനിക്കിപ്പോ തോന്നിപ്പോകുന്നു. കാരണം ഞാനിതാ ഇപ്പൊ ഒന്നുകൂടെ, 'അനുരാഗ കരിക്കിൻവെള്ളം 'കണ്ടു. ഒരുപക്ഷേ അത് ചിലപ്പോൾ എന്റെ ബൗദ്ധികതയുടെ പ്രശ്നമാകാം .

എന്റെ കൂട്ടുകാർക്ക് ഇ രണ്ടു സിനിമയും കാണാൻ അവസരം കിട്ടിയാൽ അതൊന്ന് കണ്ട് എന്റെ വിലയിരുത്തൽ ശരിയാണോ എന്നൊന്ന് പറയണേ. വേറൊന്നിനും അല്ല എന്റെ സാമാന്യ ബുദ്ധി നിലവിൽ വർക്ക് ചെയ്യുന്നുണ്ടോന്നറിയാനാ...