മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മാസ് കഥാപാത്രങ്ങളിലൊന്നായിരുന്നു സ്ഫടികത്തിലെ ആടുതോമ. ചിത്രം പുറത്തിറങ്ങി ഇത്രയും വർഷം കഴിഞ്ഞിട്ടും തോമ സൃഷ്ടിച്ച ഓളം മാഞ്ഞിട്ടില്ല.വർഷങ്ങൾക്ക് ശേഷം ആടു തോമയുടെ ആ കറുത്ത കണ്ണടയും പിരിച്ചുവച്ച മീശയും വരച്ചുവച്ച ആ പഴയ ബെൻസ് ലോറിയും ഒരിക്കൽക്കൂടി നിരത്തിലിറങ്ങി. ആ പഴയ സ്റ്റൈിലും ഗമയിലും തന്നെ. പക്ഷേ വളയം പിടിച്ചത് മോഹൻലാലിന് പകരം സംവിധായകന്റെ മകനാണെന്ന് മാത്രം.

സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ മകൻ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കൽ ഏബ്രഹാമിന്റെ മകൾ സൈറയുടെയും വിവാഹത്തിലാണ് സ്ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്.പാലാ കത്തീഡ്രലിൽ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്പോർട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിൽ പങ്കെടുക്കാൻ വധൂവരന്മാർ എത്തിയത് സ്ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്.

സ്ഫടികമെന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയ, തോമയുടെ കൂളിങ് ഗ്ലാസും മീശയും വരച്ചുവച്ച് അലങ്കരിച്ച ലോറിയിൽ വളയം പിടിച്ച് ഭദ്രന്റെ മകൻ ജെറി മാട്ടേൽ തനിച്ചായിരുന്നില്ല,ഒപ്പം വധു സാറയുമുണ്ടായിരുന്നു. ഇവരുടെ കല്ല്യാണവണ്ടിയായിരുന്നു സ്ഫടികം ലോറി..അലങ്കരിച്ച ലോറിയിൽ സ്ഫടികത്തിലെ കഥാനായകനായ ആടുതോമായുടെ ഉശിരോടെ ചെറുക്കനും പെണ്ണും വന്നിറങ്ങിയപ്പോൾ അത് കണ്ടുനിന്നവർക്ക് വേറിട്ട അനുഭവമായി. അവർ ആർപ്പുവിളികളോടെയാണ് ഇരുവരെയും വരവേറ്റത്.