കൊച്ചി: സിനിമ ചിത്രീകരണ വേളകളിൽ നടനും നടിയും സംവിധായകനും തമ്മിലുള്ള തർക്കങ്ങൾ വാർത്തകളിൽ പല തവണ ഇടം പിടിച്ച സംഭവങ്ങളാണ്. ഇപ്പോൾ സീരിയൽ രംഗത്തുമിത് ആവർത്തിക്കുകയാണ്.

കറുത്ത മുത്തിലെ നായികയെ മാറ്റിയ ചില വിവാദങ്ങളും നടിയുടെയും സംവിധായകന്റെയും വിശദീകരണവും വാർത്തകൾ ആയതിനു പിന്നാലെ ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയുന്ന അലുവയും മത്തിക്കറിയുമെന്ന സീരിയലിലും സമാനമായ പ്രശ്‌നങ്ങളുണ്ടായി.

സീരിയലിലെ നായികാ കഥാപാത്രം സുന്ദരിയെ അവതരിപ്പിച്ചിരുന്ന സിനിമ സീരിയൽ താരം ലക്ഷ്മിപ്രിയ സംവിധായകനോട് അപമര്യാദയായി സംസാരിച്ചതിനെ തുടർന്നു സീരിയലിൽ നിന്ന് ഒഴിവാക്കി. ഷൂട്ടിങ് കഴിഞ്ഞു പോവാനുള്ള വാഹനത്തെ കുറിച്ച് ബഹളം വച്ച ലക്ഷ്മിയോട് മിണ്ടാതിരിക്കാൻ പറഞ്ഞപ്പോൾ തന്റെ മാതാപിതാക്കളെ വരെ അധിക്ഷേപിക്കുന്ന രീതിയിൽ ലക്ഷ്മിപ്രിയ സംസാരിക്കുകയായിരുന്നുവെന്ന് അലുവയും മത്തിക്കറിയും സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് മറുനാടൻ മലയാളിയോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്: ഏഷ്യാനെറ്റ് പ്ലസിൽ ആദ്യം അലുവയും മത്തിക്കറിയും ആഴ്ചയിൽ രണ്ടു ദിവസമായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ സീരിയൽ ജനപ്രിയമായതിനെ തുടർന്നു തിങ്കൾ മുതൽ വ്യാഴം വരെയാക്കി മാറ്റിയതിനാൽ തിരക്ക് പിടിച്ചുള്ള ഷൂട്ടിങ് ജോലികളാണ് നടന്നിരുന്നത്. അതിനു വാഹനസംബന്ധമായ പ്രത്യേക ഡിമാൻഡ് അതുവരെ ആവശ്യപ്പെടാത്ത ലക്ഷ്മിപ്രിയ അന്ന് തന്നെ ആദ്യം കൊണ്ട് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒപ്പം വേറെ സീരിയൽ ആർടിസ്റ്റിനൊപ്പം കയറി പോവാൻ വിസമ്മതിച്ചു. പ്രൊഡക്ഷൻ കൺട്രോളറായി വഴക്കായി.

രാത്രി പത്തുമണിക്ക് അവസാന സീൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ പുറത്തു ബഹളം കേട്ട് എത്തിയപ്പോഴാണ് സംവിധായകൻ സംഭവം അറിയുന്നത്. സീരിയൽ സ്‌പോട് ഡബ്ബിങ് ആയതുകൊണ്ട് ഷൂട്ടിങ് നിർത്തി വച്ച് പുറത്ത് എത്തുകയായിരുന്നു. കുഞ്ഞിന്റെ അടുത്ത് വേഗമെത്തണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ച നായികയോട് ഷൂട്ടിങ് തടസ്സപ്പെടുത്തരുത് എന്നും സംസാരിച്ചു സമയം കളയരുതെന്നും ആവശ്യപ്പെട്ടു. ഞാൻ സംസാരിക്കുമെന്നു പറഞ്ഞു ചൂടാകുകയായിരുന്നു ലക്ഷ്മിപ്രിയ. കയറി പോടീ എന്നു താൻ പ്രതികരിച്ചു. ഉടൻ തന്നെ തന്റെ വീട്ടിൽ ഉള്ളവരോട് പറയാൻ പറഞ്ഞു ചൂടായി വണ്ടിയിൽ കയറി പോവുകയായിരുന്നുവെന്ന് സംവിധായകൻ മറുനാടനോട് പറഞ്ഞു.

സീരിയൽ സംഘത്തിന്റെ മുൻപിൽ വച്ച് സംവിധായകനായ തന്നെ അപമാനിച്ചതിൽ ക്രൂവിന്റെ മുൻപിൽ ക്ഷമ പറയാമെന്നു പറഞ്ഞു ലക്ഷ്മിപ്രിയ വന്നുവെന്നും എന്നാൽ ചിത്രീകരണത്തിൽ ഉൾപ്പെട്ട ഒരാൾക്കു പോലും ലക്ഷ്മിയെ സീരിയലിൽ തുടർന്ന് അഭിനയിപ്പിക്കണമെന്നു താല്പര്യമില്ലാത്തത്തുകൊണ്ട് കഥാപാത്രം വേറെ ആളെ ഏല്പിച്ചുവെന്നും സംവിധായകൻ പറഞ്ഞു. സീരിയലിൽ ലക്ഷ്മി ചെയ്തുകൊണ്ടിരുന്ന സുന്ദരിയെന്ന കഥാപാത്രം ഇപ്പോൾ ചെയ്യുന്നത് മറിമായം ഫെയിം മായയാണ്.

ഇവരെ അഭിനയിപ്പിക്കാൻ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സീരിയൽ പ്രൊഡ്യൂസർ ആനന്ദ പത്മനാഭനെയും ഏഷ്യാനെറ്റിൽ പരമ്പരയുടെ ചുമതലയുള്ള ബൈജു മേലിലയെയും അപ്പോൾ തന്നെ വിളിച്ചു പറഞ്ഞുവെന്നും സംവിധായകൻ പറഞ്ഞു. അതിനിടയിൽ സീരിയലിന് വേണ്ടി ഒരു കോംപ്രമേസ് ശ്രമം നടത്തിയപ്പോൾ സീരിയൽ ടീമിൽ ഉള്ളവർ വരെ അതിനു താല്പര്യം ഇല്ലെന്നു പറഞ്ഞുവെന്നും ആലുവയും മത്തികറിയും സംവിധായകൻ പ്രസാദ് നൂറനാട് വ്യക്തമാക്കി.