- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചകൻ നിസ്കരിച്ച പായയും യൂദാസിന് ലഭിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണവും കാണിച്ചു; സംശയം ഉന്നയിച്ചപ്പോൾ ചില സർട്ടിഫിക്കറ്റുകൾ കാണിച്ചു; ഏത് സാധനം നോക്കിയാലും സുരക്ഷാജീവനക്കാർ നമ്മുടെ പുറകിലെത്തും, ചുറ്റും ക്യാമറകൾ; മോൻസനെ കണ്ട അനുഭവം പറഞ്ഞ് രാജസേനൻ
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ വാഗ്ദാന തട്ടിപ്പിന് ഇരയായവരിൽ സംവിധായകൻ രാജസേനനും. മോൺസൻ മാവുങ്കൽ ടി.വി. സംസ്കാരയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി രാജസേനൻ വെളിപ്പെടുത്തി. ചാനലിന്റെ ഭാഗമായി മോൺസൻ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും ടി.വി. സംസ്കാരയുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോൻസണെ കാണാൻ പോയ അനുഭവവും അദ്ദേഹം വിവരിച്ചു.
ക്രിയേറ്റീവ് ഹെഡ് ചുമതലയാണ് ടി.വി. സംസ്കാരയിൽ തനിക്കുണ്ടായിരുന്നത്. ചാനലിന്റെ ഭാഗമായി മോൺസനെ വീട്ടിൽ പോയി കണ്ടതെന്നും രാജസേനൻ വ്യക്തമാക്കി. ചാനലിന്റെ ചെയർമാനായി വരാനിരിക്കുന്ന ആളെന്നനിലയിലാണ് മറ്റുള്ളവർക്കൊപ്പം മോൺസനെ കണ്ടത്. ടി.വി. സംസ്കാരയിൽ പത്ത് കോടി രൂപയാണ് മോൺസൻ വാഗ്ദാനം ചെയ്തത്. കൂടുതൽ പണം വേണമെങ്കിൽ തരാമെന്നും വേറെ നിക്ഷേപകരെ കണ്ടെത്തേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സത്യസന്ധമായ ചാനലായിരിക്കണമെന്നായിരുന്നു നിബന്ധന. ചാനൽ ഗംഭീരമാക്കാമെന്നും ഉറപ്പുനൽകി.
പുരാവസ്തുക്കൾ അന്ന് തന്നെയും മോൻസൻ കാണിച്ചിരുന്നു എ്ന്നാണ് രാജസേനൻ വ്യക്തമാക്കുന്നത്. അന്ന് മോൺസന്റെ വീട്ടിലെ ചില പുരാവസ്തുക്കളെല്ലാം കണ്ടിരുന്നു. ഇതിൽ മോശയുടെ അംശവടിയും കണ്ണൻ വെണ്ണ കുടിച്ച ഉറിയുമൊന്നും കണ്ടില്ല. എന്നാൽ പ്രവാചകൻ നിസ്കരിച്ച പായയും യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണവും കാണിച്ചു. ഒരുപാട് വാച്ചുകളും കണ്ണാടിക്കൂട്ടിൽ കണ്ടു. എന്നാൽ ഇതെല്ലാം ടെക്നിക്കലി എങ്ങനെ ശരിയാകുമെന്ന് അന്നുതന്നെ മോൺസനോട് ചോദിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പുള്ള പായയെല്ലാം ചിതല് പോലും വരാതെ എങ്ങനെ സൂക്ഷിക്കുമെന്നും ചോദിച്ചു. അപ്പോൾ ചില സർട്ടിഫിക്കറ്റുകളാണ് മോൺസൻ കാണിച്ചത്. ഈ തന്ത്രമാകാം മറ്റുള്ളവരോടും പയറ്റതിയെന്നാണ് രാജസേനൻ പറയുന്നത്. ആ വീട്ടിലെ ചില വസ്തുക്കളൊക്കെ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. നന്തിയുടെ വിഗ്രഹമെല്ലാം അതിൽ ഉൾപ്പെടും. നൂറോളം കാറുകളുണ്ടെന്നാണ് മോൺസൻ പറഞ്ഞിരുന്നത്. അതിൽ 90 എണ്ണം പഴക്കമേറിയതാണെന്നും പത്ത് കാറുകൾ ഓടുന്നതാണെന്നും പറഞ്ഞു, രാജസേനൻ വിശദീകരിച്ചു.
പുരാവസ്തുക്കളെക്കാൾ മോൺസന്റെ വീട്ടിലെ സുരക്ഷാസംവിധാനമാണ് അത്ഭുതപ്പെടുത്തിയതെന്നും രാജസേനൻ പറഞ്ഞു. ഏത് സാധനം നോക്കിയാലും അപ്പോൾതന്നെ രണ്ട് സുരക്ഷാജീവനക്കാർ നമ്മുടെ പുറകിലെത്തും. വീട് മുഴുവൻ ക്യാമറകളാണ്. അതിസുരക്ഷാ സംവിധാനം. ക്ഷണിച്ചിട്ടാണ് പോയതെങ്കിലും 20 മിനിറ്റ് പുറത്തുനിന്നു. ക്യാമറയിൽ കൂടെ തങ്ങളെ നിരീക്ഷിച്ചശേഷമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും രാജസേനൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ