- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് സ്ഥാനമേറ്റു; എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും സംവിധായകൻ; ഓമിക്രോൺ പശ്ചാതലമെങ്കിലും രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ആലോചനയിൽ ഇല്ലെന്നും ചെയർമാൻ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും രഞ്ജിത്ത് സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഓമിക്രോൺ പശ്ചാതലത്തിൽ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയിൽ അവർക്ക് പിൻഗാമിയായി ഗായകൻ എം.ജി.ശ്രീകുമാറിനെ നിയമിക്കാൻ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംജി ശ്രീകുമാർ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കമുള്ള സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എംജിയുടെ നിയമനത്തിൽ സർക്കാരും എൽഡിഎഫും പിന്നോട്ട് പോയെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാർ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു.
അതേസമയം അക്കാദമി ചെയർമാനായി തന്നെ നിയമിക്കാൻ തീരുമാനിച്ച കാര്യത്തിൽ കേട്ടുകേൾവി മാത്രമേയുള്ളൂവെന്നും സിപിഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എം.ജി ശ്രീകുമാർ പിന്നീട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അടക്കം പാർട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂവെന്നും വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ലെന്നും എം.ജി ശ്രീകുമാർ വ്യക്തമാക്കുകയുണ്ടായി.
കേട്ടുകേൾവി വെച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നതെന്നും സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ലെന്നും എം.ജി ശ്രീകുമാർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ