ടൻ അഗസ്റ്റിന്റെ സംസ്‌കാരം നടത്താൻ പള്ളിക്കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നെന്നു സംവിധായകൻ രഞ്ജിത്ത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരച്ചടങ്ങുകൾ നിഷേധിച്ച നടപടി വിവാദമായതിനെത്തുടർന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

ശബരിമലയിലും മൂകാംബികയിലും പോയതിന്റെ പേരിലായിരുന്നു അഗസ്റ്റിന് കോടഞ്ചേരി പള്ളിയിൽ സംസ്‌കാരം നിഷേധിച്ചത്. ഈ അമ്പലത്തിൽ പോയിട്ടുള്ള കലാകാരന്മാരെല്ലാം ജന്മം കൊണ്ട് ക്രിസ്ത്യാനികളാണെന്നും രഞ്ജിത്ത് പറഞ്ഞു.

ഗാന ഗാന്ധർവ്വൻ യേശുദാസും ഈ അമ്പലങ്ങളിൽ പോകാറുണ്ട്. ദാസേട്ടന്റെ (യേശുദാസ്) വിട വാങ്ങലുണ്ടായാൽ ശബരിമലയിലും മൂകാംബികയിലും പോയി എന്നതിന്റെ പേരിൽ അദ്ദേഹത്തിന് പള്ളി പറമ്പിൽ അന്ത്യവിശ്രമം നിഷേധിക്കുമോ? ഇങ്ങനെ ഉണ്ടാകാതിരിക്കാൻ സ്വയം വിമർശനം മേലധികാരികളിൽ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും മാതൃഭൂമി ന്യൂസ് ചാനൽ ചർച്ചയിൽ രഞ്ജിത്ത് പറഞ്ഞു. മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലും രഞ്ജിത്ത് തന്റെ ആകുലതകൾ പങ്കുവയ്ക്കുന്നുണ്ട്.

ലേഖനത്തിന്റെ പൂർണരൂപം:

മരണമെത്തുന്ന നേരത്തു വരുന്നവർ

ഗസ്റ്റിൻ മരിച്ചിട്ട് ഈ വരുന്ന നവംബറിൽ മൂന്നുവർഷമാവും. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ എന്നും ഏതെങ്കിലും കാര്യത്തിൽ, രൂപത്തിൽ അയാളെ ഓർക്കാറുണ്ട്. ഇടയ്ക്ക് സ്വപ്നത്തിലും വന്നുപോവാറുണ്ട്. ഇപ്പോഴിതാ പ്രിയങ്കാ ചോപ്ര എന്ന നടിയുടെ മുത്തശ്ശിയാണ് അയാളെയും കൊണ്ടുവന്നിരിക്കുന്നത്.

രണ്ട് പെൺമക്കളുടെയും ഭാര്യയുടെയും കണ്ണീരിനുമുന്നിൽ ഒരു ഫ്രീസറിൽ അയാൾ മരവിച്ചുകിടക്കുമ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ പള്ളിയിലെ വികാരിയച്ചന്റെ ദയയ്ക്കായി ഒരു ടെലിഫോണും കാതിൽ ചേർത്തുനിൽക്കുകയായിരുന്നു.

മരണം അരികെയെത്തുന്നു എന്ന ബോധത്തിന്റെ ഒരിടവേളയിൽ അയാൾ ഭാര്യയോട് പറഞ്ഞിരുന്നു. മാമോദീസ മുക്കിയ പള്ളിയിൽവേണം എന്നെ അടക്കേണ്ടത് എന്ന്. ആ ആഗ്രഹമാണ് ഒരു ഇടനിലക്കാരന്മുഖേന വികാരിയെ അറിയിച്ച് സമ്മതത്തിനായി കാത്തുനിൽക്കുന്നത്. ''ഒരു കാരണവശാലും അനുവദിക്കില്ല'' എന്ന മറുപടിയിൽ ഉറച്ചുനിന്നു വികാരിയച്ചൻ. ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു. എന്തായിരുന്നു ഈ അപേക്ഷ തള്ളാനുള്ള കാരണം എന്നന്വേഷിച്ചപ്പോൾ അറിയാൻകഴിഞ്ഞത് ഹൈന്ദവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആളാണ് എന്നതായിരുന്നു. എന്റെകൂടെയും മറ്റ് സുഹൃത്തുക്കളുടെകൂടെയും അയാൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ശബരിമലയിലും വന്നിട്ടുണ്ട്. വയനാട്ടിലെ ചുണ്ടയിൽ എന്ന സ്ഥലത്തെ സെന്റ് ജൂഡിന്റെ പള്ളിയിൽ അയാൾ മെഴുകുതിരി തെളിയിച്ച് മുട്ടുകുത്തി നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നതിന് ഞാൻ പലവട്ടം സാക്ഷ്യംനിന്നിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രശ്‌നങ്ങൾ വരുമ്പോൾ കഴുത്തിലെ സ്വർണമാല പണയംവെക്കാനായി ഊരുമ്പോൾ അതിലെ കുരിശിൽക്കിടക്കുന്ന രൂപം അഴിച്ചുമാറ്റി കറുത്തചരടിൽ കോർത്തുകെട്ടി നെഞ്ചിൽ അണിയുന്നതും ഞാൻ കണ്ടതാണ്.

അവനെയെന്തിനാണ് കുഴിമാടം നിഷേധിച്ച് ശിക്ഷിക്കുന്നത് എന്ന് എന്റെ മനസ്സിലുയർന്ന ചോദ്യം ഞാൻ മായ്ച്ചുകളഞ്ഞതായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി എല്ലാം മടക്കിക്കൊണ്ടുവരുന്നു.

ജീവിച്ചിരിപ്പുണ്ട് പലരും, മനഃശാന്തി തേടി 'അന്യ ദൈവങ്ങളുടെ' കുടിയിരിപ്പ് കേന്ദ്രങ്ങളിൽ പോവുക എന്ന തെറ്റ് ചെയ്തവർ, അന്ത്യനാളുകളിൽ പ്രിയപ്പെട്ട മണ്ണിൽചേരാൻ ആഗ്രഹം പ്രകടിപ്പിച്ചേക്കാവുന്നവർ അവർക്കുള്ള ശിക്ഷ എഴുതി കാത്തിരിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്. മരണത്തിന് കീഴ്പ്പെട്ട് നിശ്ചേതനമായതിനോടു പൊറുക്കാൻ മനസ്സ് കാണിക്കണം. അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ചു എന്ന തെറ്റിന് ടി.എ. ഷാഹിദ് എന്ന തിരക്കഥാകൃത്തിന് മരണാനന്തരം ഒടുക്കേണ്ടിവന്ന വലിയ പിഴ ജന്മനാട്ടിലെ പള്ളിപ്പറമ്പിൽ മണ്ണ് കിട്ടിയില്ല എന്ന തീരുമാനത്തിന്റെ മുകളിലാണ്. സർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന ചാപ്പകുത്തിയതിൽ ഇന്ന് ആശ്വാസംതോന്നുന്നുണ്ട്. കാരണം പള്ളികളിൽപോയതിന്റെ പേരിലോ ഒരു റംസാൻകാലത്ത് ഒരു ദിവസം നോമ്പ് പിടിച്ചതിന്റെ പേരിലോ എന്റെ ശവം സംസ്‌കരിക്കാൻ കഴിയില്ല എന്ന് കോഴിക്കോട്ടെ പൊതുശ്മശാനം നടത്തിപ്പുകാർ പറയില്ലല്ലോ എന്നോർത്ത്... അല്ല ഇനി അതിനും പുതിയ ശിക്ഷാവിധികൾ ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും ഒന്നും ഞാൻ അറിയില്ലല്ലോ എന്നാശ്വസിക്കാം...