- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...'; പിണറായി വിജയന് നന്ദി രേഖപ്പെടുത്തി സംവിധായകൻ രഞ്ജിത്ത്
സിനിമാ മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകനും നടനുമായ രഞ്ജിത്ത് രംഗത്തെത്തി. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് രഞ്ജിത്ത് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
സിനിമാ പ്രവർത്തകർ നടത്തിയ അഭ്യർത്ഥനകൾ മുഖ്യമന്ത്രി ചെവിക്കൊണ്ടു എന്നും അതിൽ സിനിമാലോകം ഒന്നടങ്കം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറയുന്നു. ഇതിലൂടെ മുഖ്യമന്ത്രിക്കൊപ്പവും ഇടതുപക്ഷത്തിനൊപ്പവും ഉണ്ടാകും എന്ന് തന്നെയാണ് അവർ പറയുന്നതെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...'- രഞ്ജിത്ത് കുറിച്ചു.
രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
'വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു.അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും.
ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...'
മറുനാടന് ഡെസ്ക്